
മുംബൈ നഗരത്തിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാന്‍ ശ്രമിക്കുന്ന സ്പൈഡർമാന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവം എഐ ആണെന്ന് കരുതിയാൽ തെറ്റി യഥാർത്ഥത്തില്‍ സംഭവിച്ചതാണ്. കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയിൽ മുംബൈ നഗരം വെള്ളത്തിൽ മുങ്ങിയപ്പോഴാണ് വെള്ളക്കെട്ടിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സ്പൈഡർമാൻ വേഷധാരിയായ ഒരാൾ എത്തിയത്. ഇയാൾ തെരുവുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി പരിശ്രമിക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈ നഗരത്തിലെ ഏതു പ്രദേശത്ത് നിന്ന് ചിത്രീകരിച്ച വീഡിയോയാണ് ഇതെന്ന് സമൂഹ മാധ്യമ പോസ്റ്റിൽ പറയുന്നില്ലെങ്കിലും വീഡിയോയിൽ നിന്നും ലഭിക്കുന്ന സൂചനകൾ പ്രകാരം ഭിവണ്ടിയിലെ ഒരു മാർക്കറ്റ് ആണെന്നാണ് നെറ്റിസൻസ് അഭിപ്രായപ്പെടുന്നത്.
വീഡിയോയിൽ വെള്ളക്കെട്ടിൽ നിന്ന് മാലിന്യങ്ങൾ അടങ്ങിയ ഒരു വലിയ ചാക്ക് എടുത്തെറിയുന്ന സ്പൈഡർമാന്‍റെ ദൃശ്യങ്ങൾ കാണാം. ഇൻസ്റ്റാഗ്രാമിൽ നിരവധി എഐ വീഡിയോകൾ പ്രചരിക്കുന്ന കാലഘട്ടത്തിൽ ഈ വീഡിയോയും വ്യാജമാണോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഈ വീഡിയോ എ ഐ നിർമ്മിതമല്ല. കാരണം വീഡിയോയിൽ ഉള്ള വ്യക്തി സ്പൈഡർമാൻ വേഷങ്ങൾക്ക് പ്രശസ്തനാണ്. മുമ്പും സമാനമായ നിരവധി സന്ദർഭങ്ങളിൽ സ്പൈഡർമാൻ വേഷത്തിൽ ഇയാൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ വീഡിയോകൾ ഒക്കെയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. @shaddyman98 എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് സമൂഹ മാധ്യമത്തില്‍ ഈ വീഡിയോ പങ്കുവെച്ചത്.
ആദ്യ വീഡിയോ വൈറൽ ആയതിന് പിന്നാലെ മുംബൈ നഗരത്തിലെ തന്നെ മറ്റൊരു തെരുവിൽ നിന്നുമുള്ള ഇതേ സ്പൈഡർമാന്‍റെ മറ്റൊരു വീഡിയോയും സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കപ്പെട്ടു. ഈ വീഡിയോയിൽ വെള്ളത്തിൽ മുങ്ങിയ തെരുവിനെ രക്ഷിക്കുകയല്ല സ്പൈഡർമാൻ ചെയ്യുന്നത്, പകരം വെള്ളക്കെട്ടിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്ന രസകരമായ ദൃശ്യങ്ങളാണുള്ളത്. വീഡിയോയ്ക്ക് താഴെ മുംബൈ നഗരത്തെ രക്ഷിക്കാന്‍ ഭരണാധികാരികൾക്ക് കഴിയില്ലെന്നും അതിനായി ഒരു സൂപ്പര്‍ പവര്‍ തന്നെ വേണ്ടിവരുമെന്നും ചിലരെഴുതി.