ഈ മത്സ്യങ്ങൾ ഇണ ചേരുമ്പോഴുള്ള ശബ്ദം സഹിക്കാൻ വയ്യ, ഡോൾഫിനുകൾക്കടക്കം കേൾവിശക്തി നഷ്ടപ്പെടുന്നുവെന്ന് പഠനം

Published : Oct 19, 2021, 11:02 AM IST
ഈ മത്സ്യങ്ങൾ ഇണ ചേരുമ്പോഴുള്ള ശബ്ദം സഹിക്കാൻ വയ്യ, ഡോൾഫിനുകൾക്കടക്കം കേൾവിശക്തി നഷ്ടപ്പെടുന്നുവെന്ന് പഠനം

Synopsis

2014 -ൽ അണ്ടർവാട്ടർ മൈക്രോഫോണുകൾ ഉപയോഗിച്ച് ഗവേഷകർ ഇതിന്റെ ഇണചേരൽ ശബ്ദങ്ങൾ രേഖപ്പെടുത്തിയിരുന്നു. 1.5 മില്ല്യണിലധികം മത്സ്യങ്ങളായിരുന്നു അന്ന് അവിടെ ഒത്തുകൂടിയത്. 

ചില ഇനം മെക്സിക്കൻ മത്സ്യങ്ങൾ(Mexican fish) ഇണചേരുമ്പോൾ(sex) പുറപ്പെടുവിക്കുന്ന ശബ്ദത്തിന് മറ്റ് സമുദ്രജീവികളെ ബധിരരാക്കാനുള്ള കഴിവുണ്ടെന്ന് ചില സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗൾഫ് കോർവിന(Gulf corvina) എന്ന ഇനത്തിന് ഒന്നിലധികം ഉയർന്ന ആവർത്തിയുള്ള ശബ്‌ദം പുറപ്പെടുവിക്കാൻ കഴിവുണ്ടെന്നും, ഈ ശബ്ദം ഒരു മെഷീൻഗണ്ണിനോട് സാമ്യമുള്ളതാണെന്നും ഗവേഷണ സംഘം പറഞ്ഞു. ഓരോ വസന്തകാലത്തും അവ ഇണചേരാനായി മെക്സിക്കോയിലെ വടക്കൻ ഗൾഫ് ഓഫ് കാലിഫോർണിയയിലെ കൊളറാഡോ നദി ഡെൽറ്റയിൽ ഒത്തുകൂടുന്നു.

ദശലക്ഷക്കണക്കിന് മത്സ്യങ്ങളാണ് അവിടെ ഇണചേരാനും, മുട്ടയിടാനുമായി വരുന്നത്. അവയെല്ലാം കൂടി ശബ്ദമുണ്ടാക്കാൻ തുടങ്ങിയാൽ അതിന്റെ തീവ്രത ഊഹിക്കാവുന്നതേയുള്ളൂ. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉച്ചത്തിലുള്ള മത്സ്യത്തിന്റെ ഇണചേരൽ ശബ്ദമാണ് അതെന്നും പറയപ്പെടുന്നു. സ്റ്റേഡിയത്തിലെ ആൾക്കൂട്ടത്തോടാണ് ഗവേഷകർ ആ ശബ്ദത്തെ ഉപമിക്കുന്നത്. അവ ഒരുമിച്ചുണ്ടാകുന്ന ശബ്ദകോലാഹലം സമുദ്ര സസ്തനികളിൽ സ്ഥിരമായിട്ടല്ലെങ്കിലും, താൽക്കാലികമായി കേൾവിശക്തി നഷ്ടപ്പെടാൻ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.

എല്ലാ വർഷവും ഫെബ്രുവരി മുതൽ ജൂൺ വരെയാണ് അവയുടെ ഇണചേരൽ കാലം. ഗവേഷകന്റെ അഭിപ്രായത്തിൽ സീലുകൾ, കടൽ സിംഹങ്ങൾ, ഡോൾഫിനുകൾ എന്നിവയെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇതിന്റെ മറ്റൊരു അപകടം ഇതുണ്ടാക്കുന്ന ശബ്ദം മൂലം ഇതിനെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ്. കോർവിനയ്ക്ക് ഏകദേശം ഒരു മീറ്റർ (3 അടി) വരെ നീളവും 12 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. ആൺ കോർവിനകൾ ഉണ്ടാകുന്ന ശബ്ദം വെള്ളത്തിന് മുകളിൽ വരെ കേൾക്കാം എന്നതിനാൽ മത്സ്യബന്ധന ബോട്ടുകളുടെ ശ്രദ്ധയെ ആകർഷിക്കാൻ ഇതിന് സാധിക്കുന്നു. പഠനപ്രകാരം, 500 -ലധികം ചെറുവള്ളങ്ങളിലായി ആയിരക്കണക്കിന് ടൺ കോർവിനോകളെയാണ് ഓരോ വർഷവും ആളുകൾ വലവീശി പിടിക്കുന്നത്. ടെക്‌സാസ് സർവകലാശാലയിലെ റോവലും സഹപ്രവർത്തകനായ ബ്രാഡ് എറിസ്മാനുമാണ് പഠനം നടത്തിയത്.  

2014 -ൽ അണ്ടർവാട്ടർ മൈക്രോഫോണുകൾ ഉപയോഗിച്ച് ഗവേഷകർ ഇതിന്റെ ഇണചേരൽ ശബ്ദങ്ങൾ രേഖപ്പെടുത്തിയിരുന്നു. 1.5 മില്ല്യണിലധികം മത്സ്യങ്ങളായിരുന്നു അന്ന് അവിടെ ഒത്തുകൂടിയത്. എന്നാൽ, ഇപ്പോൾ അമിതമായ മത്സ്യബന്ധനം മൂലം അവ വംശനാശഭീഷണിയുടെ വക്കിലാണ്. മുഴുവൻ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, കണക്കുകൾ സൂചിപ്പിക്കുന്നത് ജനിക്കുന്നതിനേക്കാൾ കൂടുതൽ മത്സ്യം പിടിക്കപ്പെടുന്നു എന്നാണ്. അമിത മത്സ്യബന്ധനം കാരണം മത്സ്യത്തെ വംശനാശ ഭീഷണി നേരിടുന്നതായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പ്രഖ്യാപിച്ചിരുന്നു.  

PREV
click me!

Recommended Stories

50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍, എവിടെയായിരുന്നു?
ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്