ഫ്ലാറ്റുകളില്‍ ബാല്‍ക്കണിയിലും മൈക്രോഗ്രീനുകള്‍ വളര്‍ത്താം, നല്ല വരുമാനം നേടാം; പോഷകഗുണത്തിലും മുന്‍പന്തിയില്‍

Published : Jan 06, 2020, 05:55 PM ISTUpdated : Jan 06, 2020, 05:56 PM IST
ഫ്ലാറ്റുകളില്‍ ബാല്‍ക്കണിയിലും മൈക്രോഗ്രീനുകള്‍ വളര്‍ത്താം, നല്ല വരുമാനം നേടാം; പോഷകഗുണത്തിലും മുന്‍പന്തിയില്‍

Synopsis

രണ്ടാഴ്ചയാണ് ഇത്തരം വിത്തുകള്‍ മുളയ്ക്കാനുള്ള പരമാധി കാലദൈര്‍ഘ്യം. ഒരിക്കല്‍ നിങ്ങള്‍ ബിസിനസ് ആരംഭിച്ചാല്‍ ഇതുപോലെ കൂടുതല്‍ സ്ഥലങ്ങളില്‍ ട്രേകള്‍ നിരത്തി വിത്തുകള്‍ മുളപ്പിക്കാം.

മൈക്രോഗ്രീനുകള്‍ നമുക്ക് പരിചിതമാണ്. വിത്തുകള്‍ മുളപ്പിച്ചാല്‍ പെട്ടെന്ന് ഫലം കിട്ടുമെന്നതാണ് മൈക്രോഗ്രീനുകളെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. കൃഷിചെയ്യാന്‍ പ്രത്യേകിച്ച് സ്ഥലമോ മണ്ണ് കിളച്ച് തയ്യാറാക്കലോ വളപ്രയോഗമോ ഒന്നും ആവശ്യമില്ല. വീട്ടിലോ ഫ്ലാറ്റുകളില്‍ ബാല്‍ക്കണിയിലോ വളര്‍ത്തി മൈക്രോഗ്രീന്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചാലോ?

 

മൈക്രോഗ്രീനുകള്‍ക്ക് നല്ല രുചിയുണ്ട്. നല്ല കരുകരുപ്പോടെ കടിച്ചുമുറിച്ചു കഴിക്കാവുന്നതാണ്. പോഷകമൂല്യങ്ങള്‍ നിറഞ്ഞ ചെറിയ പച്ചക്കറികളും ഔഷധച്ചെടികളുമാണ് യഥാര്‍ഥത്തില്‍ മൈക്രോഗ്രീനുകള്‍. വെറും രണ്ടാഴ്ച കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും. അദ്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. ചുവന്ന കാബേജിന്റെ ഇനത്തിലുള്ള മൈക്രോഗ്രീനിന് പൂര്‍ണവളര്‍ച്ചയെത്തിയ കാബേജ് ചെടിയെ അപേക്ഷിച്ച് 40:1 എന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു.

മൈക്രോഗ്രീനിന് രണ്ട് ചെറിയ ബീജപത്രങ്ങളാണുള്ളത്. നീളം കുറഞ്ഞ തണ്ടും. പിന്നെ തളിരിലകളും വേണം. ഇങ്ങനെയുള്ള ചെറിയ ചെടികളില്‍ മറ്റുള്ള ഇലക്കറികളേക്കാള്‍ ഇരട്ടിയിലധികം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയിലും മുന്‍പന്തിയിലാണ്. സാലഡിലും കറികളിലും കൂടുതല്‍ രുചി ലഭിക്കാന്‍ ഇവ ചേര്‍ക്കാം.

നമ്മുടെ കൈയില്‍ ഒതുങ്ങാവുന്ന തരത്തിലുള്ള മൈക്രോഗ്രീന്‍ ബിസിനസ് തുടങ്ങാന്‍ വേണ്ടത് മെറ്റല്‍ ഷെല്‍ഫ്, ലൈറ്റ്, പരന്ന ട്രേകള്‍ എന്നിവയാണ്. വൈദ്യുതി, വിത്തുകള്‍, പാത്രങ്ങള്‍, വളരാനുള്ള മാധ്യമം, വെള്ളം എന്നിവയ്‌ക്കെല്ലാം പണം കരുതണം. വിത്തുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധ വേണം. നമ്മള്‍ സാധാരണ വിപണിയില്‍ നിന്ന് വാങ്ങുന്ന വിത്തുകള്‍ മൈക്രോഗ്രീന്‍ വളര്‍ത്താനാവശ്യമായ രീതിയിലുള്ളതല്ല. നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന കമ്പനികളെ വേര്‍തിരിച്ചറിയണം.

പല തരത്തിലുള്ള വിത്തുകള്‍ ശേഖരിച്ച് മുളയ്ക്കാന്‍ ആവശ്യമായ കാലദൈര്‍ഘ്യം മനസിലാക്കണം. ഇങ്ങനെയുള്ള സംവിധാനത്തില്‍ ഒരാള്‍ക്ക് എട്ടോ ഒമ്പതോ ട്രേകളില്‍ വിത്തുകള്‍ നടാം. ഒരുപാട് സ്ഥലം ആവശ്യമില്ലാതെ തന്നെ ഏതെങ്കിലും മൂലയ്ക്ക് ഈ ട്രേകള്‍ നമുക്ക് നിരത്താം. ചെറിയ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റിലും മൈക്രോഗ്രീന്‍ വളര്‍ത്താം.

രണ്ടാഴ്ചയാണ് ഇത്തരം വിത്തുകള്‍ മുളയ്ക്കാനുള്ള പരമാധി കാലദൈര്‍ഘ്യം. ഒരിക്കല്‍ നിങ്ങള്‍ ബിസിനസ് ആരംഭിച്ചാല്‍ ഇതുപോലെ കൂടുതല്‍ സ്ഥലങ്ങളില്‍ ട്രേകള്‍ നിരത്തി വിത്തുകള്‍ മുളപ്പിക്കാം.

മൈക്രോഗ്രീനിന്റെ വിത്തുകള്‍ ചകിരിച്ചോറിലും മണ്ണിരക്കമ്പോസ്റ്റിലും മുളപ്പിച്ചെടുക്കാം. 16 മണിക്കൂര്‍ വെളിച്ചം നല്‍കണം. ടൈമര്‍ ഉപയോഗിച്ച് ലൈറ്റ് നിയന്ത്രിക്കാം. താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകണം. ദിവസത്തില്‍ രാവിലെയും വൈകുന്നേരവുമായി രണ്ടു പ്രാവശ്യം വെള്ളം നനയ്ക്കണം.

കൂടുതല്‍ ലാഭമുണ്ടാക്കാന്‍

വരുമാനം കൂടുതല്‍ നേടാന്‍ വളരെ വേഗത്തില്‍ വളരുന്ന ഇനങ്ങള്‍ കണ്ടെത്തണം. ബ്രൊക്കോളി, കാബേജ്, റാഡിഷ്, സ്വീറ്റ് ഒനിയന്‍, ചുവന്ന കാബേജ്, എന്നിവയെല്ലാം വളരെ പെട്ടെന്ന് വളരും. ഇവയുടെ വിത്തുകള്‍ വിലപിടിപ്പുള്ളതാണെങ്കിലും പോഷകമൂല്യം നിറഞ്ഞതാണ്. വീട്ടിനകത്ത് വര്‍ഷം മുഴുവന്‍ വളര്‍ത്തിയെടുക്കാം.

 

പെരുംജീരകം, അയമോദകം, തുളസി, മല്ലിയില എന്നിങ്ങനെയുള്ള ഔഷധഗുണമുള്ള സസ്യങ്ങളുടെ ഒരുനിര തന്നെ മൈക്രോഗ്രീന്‍ രൂപത്തിലുണ്ടാക്കാം. മധുരമുള്ളതും ഉപ്പുരസമുള്ളതും എരിവുള്ളതുമെല്ലാം ഈ വിഭാഗത്തില്‍ വളര്‍ത്തിയെടുക്കാം.

ബിസിനസ് തുടങ്ങുന്നതിന് മുമ്പ് മൈക്രോഗ്രീനിന്റെ ഉപയോക്താക്കാളെയും നമ്മള്‍ കണ്ടെത്തണം. വിളവെടുത്ത് കഴിഞ്ഞാല്‍ അത് നേരിട്ട് ആവശ്യക്കാരിലെത്തേണ്ടത് കച്ചവടം മുന്നോട്ട് പോകാന്‍ ആവശ്യമാണ്. റസ്‌റ്റോറന്റുകളിലും റെസിഡെന്‍ഷ്യല്‍ കോളനികളിലും ബന്ധപ്പെട്ടാല്‍ നിങ്ങളുടെ മൈക്രോഗ്രീന്‍സ് വിപണിയിലെത്താനുള്ള മാര്‍ഗം തുറന്നു വരും.

ഉലുവ, കടുക്, പയര്‍ വര്‍ഗങ്ങള്‍, മറ്റു ധാന്യങ്ങള്‍ എന്നിവ മൈക്രോഗ്രീന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാം. സാധാരണ വീടുകളില്‍ ചെറുതായി മൈക്രോഗ്രീന്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പ്ലാസ്റ്റിക് ട്രേകളോ ഗ്രോബാഗോ ചെടിച്ചട്ടിയോ ഉപയോഗിക്കാം.

മണ്ണും ചകിരിച്ചോറും കമ്പോസ്റ്റും ഒരോ അളവില്‍ കലര്‍ത്തിയാണ് മാധ്യമം തയ്യാറാക്കുന്നത്. വെള്ളം വാര്‍ന്നു പോകണം.

വിത്ത് വിതയക്കുന്നതിന് മുമ്പ് ഏതാണ്ട് 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. പാതിമുളപ്പിച്ച വിത്താണ് പാകുന്നത്. പാകിയശേഷം വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണിട്ട് മൂടാം. ഇങ്ങനെ വളര്‍ത്തിയാല്‍ ഒരു ട്രേയില്‍ നിന്നും നമുക്ക് ഒരു വര്‍ഷത്തില്‍ 24 പ്രാവശ്യം വിളവെടുക്കാം. പല തട്ടുകളിലായി ബാല്‍ക്കണികളില്‍ വളര്‍ത്തിയെടുത്താല്‍ എല്ലാ ദിവസവും വിളവെടുക്കാം.

PREV
click me!

Recommended Stories

ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്
ഭർത്താവിന് 520 സ്തീകളുമായി ബന്ധം, സ്വന്തം കഥ 'കോമിക്കാ'ക്കി ഭാര്യ; യുവതിയുടെ പ്രതികാരം വൈറൽ