അവസാനമായി അയച്ച സന്ദേശം മലയിറങ്ങുന്നു എന്ന്, പിന്നാലെ കാണാതായി, 2 ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തി

Published : Oct 12, 2026, 11:10 AM IST
Mono County Sheriff Search and Rescue Team

Synopsis

ഗ്രാൻഡ് സെൻട്രൽ കൗലോറിന്റെ അടിവാരത്തുള്ള പാറക്കെട്ടിൽ നിന്ന് വൻ വീഴ്ചയാണ് സീബെർട്ടിന് സംഭവിച്ചതെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു.

മലയ്ക്ക് മുകളിൽ നിന്നും അവസാനമായി അയച്ച സന്ദേശം താൻ മലയിറങ്ങിക്കൊണ്ടിരിക്കുകയാണ് എന്നത്. പിന്നീട് വന്നത് 53 -കാരനെ കാണാതായി എന്ന വാർത്ത. തിരച്ചിലിന് പിന്നാലെ കണ്ടെത്തിയത് മൃതദേഹം. കാലിഫോർണിയയിലെ സിയറ നെവാഡ നിരകളിലുള്ള മൗണ്ട് മോർഗനിൽ നിന്ന് ഇറങ്ങുന്നതിനിടയിലാണ് ഹൈക്കർ ബ്രയാൻ സീബെർട്ട് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചത്. 13,754 അടി ഉയരമുള്ള മൗണ്ട് മോർഗനിൽ നിന്ന് മടങ്ങുന്നതിനിടയിലാണ് അദ്ദേഹത്തെ കാണാതായത്.

ഒക്ടോബർ 5 തിങ്കളാഴ്ച എത്താനുള്ള സമയമായിട്ടും കാറിനരികെ തിരിച്ചെത്താത്തതിനെ തുടർന്നാണ് സീബെർട്ടിനെ കാണാനില്ലെന്ന വിവരം മോണോ കൗണ്ടി ഷെരീഫിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ ടീം അധികൃതരെ അറിയിച്ചത്. ഒക്ടോബർ 4 ഞായറാഴ്ച രാത്രി 7 മണിയോടെയാണ് അദ്ദേഹം അവസാന സന്ദേശം അയച്ചത്.

മൂന്ന് ദിവസം നീണ്ട തിരച്ചിൽ

പിന്നാലെ, മലയുടെ അടിവാരത്തുള്ള ക്യാമ്പ് ഗ്രൗണ്ടിൽ രക്ഷാപ്രവർത്തകർ ക്യാമ്പ് ചെയ്ത് തിരച്ചിൽ ആരംഭിച്ചു. മലയുടെ ഭൂപ്രകൃതിയുമായി ഫോട്ടോഗ്രാഫുകൾ താരതമ്യം ചെയ്യുക, മൊബൈൽ ഫോൺ ഡാറ്റ പരിശോധിക്കുക, സീബെർട്ടിന്റെ വാഹനത്തിന് സമീപം മണം പിടിച്ചു നോക്കാൻ നായ്ക്കളെ ഉപയോഗിക്കുക തുടങ്ങിയ മാർഗ്ഗങ്ങളാണ് രക്ഷാപ്രവർത്തകർ അവലംബിച്ചത്. എന്നിട്ടും തുടക്കത്തിൽ യാതൊരു തുമ്പും ലഭിക്കാത്തതിനെത്തുടർന്ന് തിരച്ചിൽ വ്യാപിപ്പിക്കുകയും കൂടുതൽ ഉദ്യോഗസ്ഥരെ രംഗത്തിറക്കുകയും ചെയ്തു.

ഒക്ടോബർ 6 -ന് ഉച്ചയ്ക്ക് ശേഷമാണ് ഗ്രാൻഡ് സെൻട്രൽ കൗലോറിന്റെ അടിവാരത്ത് രക്ഷാപ്രവർത്തകർ എന്തോ അസ്വഭാവികമായി കണ്ടത്. തുടർന്ന് ഈ വഴിയിലൂടെ താഴേക്ക് നീണ്ടുപോയ ഒരു ജോഡി കാൽപ്പാടുകൾ പിന്തുടർന്നെത്തിയ മറ്റൊരു രക്ഷാപ്രവർത്തക സംഘമാണ് സീബെർട്ടിന്റെ മൃതദേഹം കണ്ടെത്തിയത്.

ഗ്രാൻഡ് സെൻട്രൽ കൗലോറിന്റെ അടിവാരത്തുള്ള പാറക്കെട്ടിൽ നിന്ന് വൻ വീഴ്ചയാണ് സീബെർട്ടിന് സംഭവിച്ചതെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു. കഠിനമായ ഭൂപ്രകൃതിയും വെളിച്ചക്കുറവും കാരണം ചൊവ്വാഴ്ച വൈകിട്ട് തന്നെ മൃതദേഹം മാറ്റാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് യോസെമിറ്റി നാഷണൽ പാർക്ക് ഹെലികോപ്റ്ററിന്റെയും യോസെമിറ്റി സെർച്ച് ആൻഡ് റെസ്ക്യൂ സംഘത്തിന്റെയും സഹായത്തോടെ ബുധനാഴ്ച രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.

മൂന്ന് ദിവസങ്ങളിലായി 305 മണിക്കൂറോളമാണ് രക്ഷാപ്രവർത്തകർ ഈ ദൗത്യത്തിനായി ചെലവഴിച്ചത്. വിവിധ മലകൾ കീഴടക്കുന്നതിൽ അതീവ തൽപരനായ ഒരു പരിചയസമ്പന്നനായ പർവ്വതാരോഹകനായിരുന്നു ബ്രയാൻ സീബെർട്ട് എന്ന് രക്ഷാപ്രവർത്തകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ അധികൃതർ അനുശോചനം രേഖപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

നേതാക്കളെ വിട്ടയച്ചു പക്ഷേ, മുന്നറിയിപ്പുണ്ട് പിഴയും; അപ്പോഴും സമരം നിർത്തില്ലെന്ന് പ്രഖ്യാപിച്ച് സിജെപി
ജനപ്രീതിയിൽ മറ്റാരെക്കാളും മുന്നിൽ പക്ഷേ, ചക്രവർത്തിയാകാൻ കഴിയില്ല! ജപ്പാൻ രാജകുമാരിക്ക് മുന്നിലെ തടസം നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം