
പാർക്കിങ് സ്ഥലം കിട്ടാൻ താമസക്കാർ നെട്ടോട്ടമോടുമ്പോൾ ഒരു ചൈനീസ് യുവതി സ്വന്തമാക്കിയത് 196 പാർക്കിങ് ഇടങ്ങൾ. എന്നാൽ, കുറഞ്ഞ വിലയ്ക്ക് വാങ്ങിയ പാർക്കിംഗ് സ്ഥലങ്ങൾ പിന്നീട് ഉയർന്ന വാടകയ്ക്കും വിലയ്ക്കും കൈമാറാനുള്ള യുവതിയുടെ നീക്കം താമസക്കാരെ പ്രകോപിപ്പിച്ചു. അവർ നിതീ തേടി കോടതി കയറി. പക്ഷേ യുവതിയുടെ ഇടപാട് നിയമപരമാണെന്നായിരുന്നു കോടതി വിധി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷായിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വു എന്ന കുടുംബപ്പേരുള്ള യുവതി 2018 -ലാണ് പാർപ്പിട സമുച്ചയത്തിലെ 196 പാർക്കിങ് ഇടങ്ങൾ ഒറ്റയടിക്ക് വാങ്ങിയത്. ഇതിനായി 1.4 കോടി യുവാൻ (ഏകദേശം 20 ലക്ഷം യുഎസ് ഡോളർ) അവർ ചെലവഴിച്ചു. സമുച്ചയത്തിലെ ആകെ പാർക്കിങ് ഇടങ്ങളുടെ 40 ശതമാനത്തോളം വരുമായിരുന്നു ഇത്. യുവതി ഇത്രയേറെ പാർക്കിങ് ലോട്ടുകൾ വാങ്ങിക്കുന്ന സമയത്ത് പ്രദേശത്ത് കടകൾ, സ്കൂളുകൾ, പൊതുഗതാഗത സൗകര്യങ്ങൾ എന്നിവയുടെ കുറവുണ്ടായിരുന്നതിനാൽ വീടുകൾക്കും പാർക്കിങ് ഇടങ്ങൾക്കും ആവശ്യക്കാരും വളരെ കുറവായിരുന്നു. മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെട്ടിട നിർമാതാവിന് യുവതിയുടെ മൊത്തത്തിലുള്ള വാങ്ങൽ ഇടപാട് വലിയ ആശ്വാസമായി.
വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ പ്രദേശത്ത് വലിയ തോതിൽ വികസനമെത്തി. ധാരാളം വീടുകളും സ്കൂളുകളും മറ്റ് കടകളും പ്രദേശത്തുണ്ടായി. ഇതോടെ തന്‍റെ ഉടമസ്ഥതയിലുള്ള ഇടങ്ങളിൽ മറ്റുള്ളവർ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ യുവതി ലോക്കുകൾ സ്ഥാപിച്ചു. തുടർന്ന് ചില ഇടങ്ങൾക്കുള്ള പ്രതിമാസ വാടക 500 യുവാനാക്കി ഉയത്തി. നിർമാതാവ് 2018 -ൽ നിശ്ചയിച്ചിരുന്ന നിരക്കിന്‍റെ ഇരട്ടി വാടക. ഇതോടെ വാടക 300 യുവാനായി കുറയ്ക്കണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം വു ചില പാർക്കിങ് ഇടങ്ങൾ ഏകദേശം ഒരു ലക്ഷം യുവാൻ വീതം വിൽപ്പനയ്ക്ക് വച്ചു. ഇവയിൽ ചിലതിന് യഥാർഥ വിലയേക്കാൾ 80 ശതമാനം വരെ അധികമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ പാർക്കിങ് സൗകര്യമില്ലാതിരുന്ന താമസക്കാർ രംഗത്തെത്തി. പാർക്കിങ് ഇടങ്ങൾ ഒരാളുടെ മാത്രം ലാഭത്തിനായി കുത്തകയാക്കാനാവില്ലെന്ന് അവർ വാദിച്ചു. നിർമാതാവുമായുള്ള യുവതിയുടെ പാർക്കിങ് സ്ഥലം വാങ്ങൽ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവർ കോടതി കയറി. സർക്കാർ ഉദ്യോഗസ്ഥൻ മധ്യസ്ഥശ്രമം നടത്തിയെങ്കിലും യുവതി പ്രശ്നപരിഹാരത്തിന് തയ്യാറായില്ല. ഇതോടെ 2024 ഫെബ്രുവരിയിൽ ചാങ്ഷായിലെ കോടതി യുവതിക്ക് അനുകൂലമായി വിധിച്ചു. പാർക്കിങ് ഇടങ്ങൾ വിൽപ്പനയ്ക്ക് വെച്ചപ്പോൾ താമസക്കാർക്കും വാങ്ങാൻ അവസരമുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് അവരത് ഉപയോഗപ്പെടുത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം നിക്ഷേപ സാധ്യത കണ്ടെത്തിയ യുവതി വിപണിയിലെ നഷ്ട സാധ്യത ഏറ്റെടുത്തെന്നും കോടതി നിരീക്ഷിച്ചു. അതോടൊപ്പം ഒരാൾക്ക് ഇത്ര പാർക്കിംഗ് ഇടങ്ങൾ മാത്രമേ സ്വന്തമാക്കാൻ പറ്റൂവെന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസ് അന്ന് കഴിഞ്ഞെങ്കിലും ചൈനീസ് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയാണ് ഈ കേസ് വീണ്ടും ശ്രദ്ധ നേടിയത്. ഇതോടെ താമസക്കാരുടെ അടിസ്ഥാന അവകാശങ്ങളും കുത്തകകളും തമ്മിലുള്ള തർക്കം വലിയ ചർച്ചകൾക്ക് വഴിവച്ചു.