
ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകളിലൂടെ പണമയക്കുമ്പോൾ ചിലപ്പോൾ അബദ്ധങ്ങൾ സംഭവിച്ച് പോകാറുണ്ട്. ചിലർക്കൊന്നും ആ പണം തിരിച്ചു കിട്ടാറുമില്ല. എന്നാൽ, ഒരു പഴക്കച്ചവടക്കാരന്റെ സത്യസന്ധതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 15 രൂപയ്ക്ക് പകരം അബദ്ധത്തിൽ 1515 രൂപ അയച്ച ആൾക്ക് ആ തുക ഉടനടി തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഈ കച്ചവടക്കാരൻ. എക്സിലാണ് (ട്വിറ്റർ) ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ യുവാവ് കടയിൽ നിന്നും മൂന്ന് പഴങ്ങൾ വാങ്ങി. 15 രൂപയായിരുന്നു വില. എന്നാൽ, സംസാരത്തിനിടയിൽ ശ്രദ്ധിക്കാതെ അയച്ചപ്പോൾ 15 -ന് പകരം 1515 രൂപ ആയിപ്പോയി. അങ്ങനെ ആ പണമടച്ച് യുവാവ് അവിടെ നിന്നും പോവുകയും ചെയ്തു.
എന്നാൽ, വാഹനങ്ങളുടെ തിരക്കിനിടയിലും കച്ചവടക്കാരൻ പിന്നാലെ ഓടി വന്ന് വിളിക്കുകയായിരുന്നു. ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും ഫോണിലെ മെസ്സേജ് പരിശോധിച്ചപ്പോഴാണ് 1500 രൂപ അധികം നൽകിയ വിവരം തിരിച്ചറിഞ്ഞത്. 'അദ്ദേഹം ഉടൻ തന്നെ എന്റെ ക്യുആർ കോഡ് സ്കാൻ ചെയ്ത് 1500 രൂപ തിരികെ നൽകി. വളരെ കൂളായിട്ടായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അടുത്ത തവണ പണം നൽകുമ്പോൾ ശ്രദ്ധിക്കണമെന്ന് സ്നേഹത്തോടെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല' എന്നാണ് എക്സിൽ കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് വൈറലായതോടെ കച്ചവടക്കാരനെ പ്രശംസിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി. ഇങ്ങനെയുള്ള മനുഷ്യരാണ് ലോകത്തെ മനോഹരമാക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. സമാനമായ രീതിയിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങളും പലരും പോസ്റ്റിന് താഴെ പങ്കുവെക്കുന്നുണ്ട്. 'ഒരിക്കൽ 200 രൂപയ്ക്ക് പകരം 2000 രൂപയുടെ നോട്ട് നൽകിയപ്പോൾ അത് തിരികെ തന്ന ഒരു കടയുടമയെ എനിക്കും ഓർമ്മയുണ്ട്' എന്നായിരുന്നു ഒരാൾ കുറിച്ചത്.