'പറ്റുന്നില്ല, കടുത്ത സമ്മർദ്ദം. ഒറ്റയ്ക്കാണ്...'; യുഎസിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെന്ന് ഇന്ത്യൻ ടെക്കി

Published : May 06, 2026, 11:21 AM IST
sad

Synopsis

അമിതമായ ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം എട്ട് വർഷത്തെ യുഎസ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന ഒരു മലയാളി ഐടി ജീവനക്കാരന്റെ അനുഭവമാണിത്. റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ, താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സമാധാനപരമായ ഒരു ജീവിതം ഇന്ത്യയിൽ ആഗ്രഹിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു.

 

മിതമായ ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാനാവാതെ എട്ട് വർഷത്തെ യുഎസ് ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങി 36 -കാരനായ ഐടി ജീവനക്കാരൻ. റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്‍റെ ദുരനുഭവങ്ങളും മാനസികാവസ്ഥയും അദ്ദേഹം വെളിപ്പെടുത്തിയത്. ഏഴ് വർഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം, നിലവിലെ സമ്മർദ്ദം നിറഞ്ഞ തൊഴിൽ സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് ഇത്തരമൊരു കഠിന തീരുമാനത്തിലേക്ക് എത്തിയതെന്നും വെളിപ്പെടുത്തുന്നു. പ്രവാസി ഇന്ത്യക്കാർക്കിടെയിൽ വർദ്ധിച്ചുവരുന്ന അസംതൃപ്തിയുടെ മറ്റൊരുവെളിപ്പെടുത്തലായി ഈ കുറിപ്പ്.

കടുത്ത സമ്മർദ്ദം

"തുടക്കത്തിൽ കാര്യങ്ങൾ നന്നായി പോയിരുന്നുവെങ്കിലും കഴിഞ്ഞ വർഷം മുതൽ എല്ലാം മാറിമറിഞ്ഞു. മാനേജ്‌മെന്‍റിന്‍റെ മോശം സമീപനം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മേഖലയിലുണ്ടായ മാറ്റങ്ങൾ മൂലമുള്ള കടുത്ത സമ്മർദ്ദം, ഓഫീസിലെ രാഷ്ട്രീയക്കളികൾ എന്നിവ ജീവിതം ദുസ്സഹമാക്കി," അദ്ദേഹം കുറിച്ചു. ജീവിതത്തിൽ ഒരിക്കൽ പോലും ശരിയായൊരു വൈകാരിക പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഒറ്റയ്ക്കുള്ള ഈ പോരാട്ടം ഇനി സാധ്യമല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. തന്‍റെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഏറെ ഗൗരവമുള്ളതായിരുന്നു.

 

 

'വയ്യ, ഒറ്റയ്ക്കായിരുന്നു ഇതുവരെ'

"സ്കൂൾ കാലഘട്ടം മുതൽ ഇന്ത്യയിലെയും യുഎസിലെയും ജോലി വരെ, എല്ലായിടത്തും ഒറ്റയ്ക്കായിരുന്നു പോരാട്ടം. ഇപ്പോൾ എനിക്ക് അതിനുള്ള കരുത്തില്ല. കഴിഞ്ഞ വർഷം മുതൽ രക്തസമ്മർദ്ദത്തിനും വിഷാദ രോഗത്തിനുമുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഓരോ ദിവസം ജോലി തുടങ്ങുമ്പോഴും എനിക്ക് സ്ട്രോക്ക് വരുമോയെന്ന് ഞാൻ ഭയപ്പെടുന്നു. സാങ്കേതിക വിദ്യയോടുള്ള താൽപ്പര്യം പോലും എനിക്കിപ്പോൾ നഷ്ടമായിക്കഴിഞ്ഞു." കുറഞ്ഞ ശമ്പളമാണെങ്കിലും സമാധാനപരമായ അന്തരീക്ഷമുള്ള ഒരു ജോലി ഇന്ത്യയിൽ കണ്ടെത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. താൻ പൂർണ്ണമായും തളർന്നുപോയെന്നും എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രിയപ്പെട്ടവർക്കരികിലേക്ക് മടങ്ങുന്നത് ഒരിക്കലും മോശം തീരുമാനമല്ലെന്നും, സ്വന്തം ആരോഗ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. "കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും വ്യായാമം ചെയ്യുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സമ്പാദ്യത്തേക്കാൾ പ്രധാനം സ്വന്തം ജീവനാണ്," എന്നായിരുന്നു ഭൂരിഭാഗം പേരുടെയും പ്രതികരണം.

 

PREV
Read more Articles on
click me!

Recommended Stories

18 വർഷം നീണ്ട നിരോധനം, ഒടുവിൽ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ മാങ്ങകൾക്ക് വേണ്ടി 'പിടിവലി'
മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകൾ; പക്ഷേ, അച്ഛൻ രണ്ട്! വിവരം അറിഞ്ഞത് 49 വർഷത്തിന് ശേഷം നടത്തിയ ഡിഎൻഎ ടെസ്റ്റിൽ