മണ്ണിനടിയിൽ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ബോംബുകളും ഷെല്ലുകളും, ഭയന്ന് ജനങ്ങള്‍...

By Web TeamFirst Published Aug 2, 2021, 3:57 PM IST
Highlights

എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ആയിരക്കണക്കിന് വർഷമെത്തിയ ബോംബുകളും ഷെല്ലുകളുമാണ് ആ മണ്ണിനടയിൽ. ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി, പത്ത് വർഷത്തേക്ക് അവരോട് ഗ്രാമം വിട്ടുപോകണമെന്ന് പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചിരിക്കയാണ്. 

ബെർനീസ് ആൽപ്സിലെ അതിമനോഹരമായ ഗ്രാമമാണ് മിഥോൾസ്. മലകളും, അരുവികളും കൊണ്ട് ജീവസുറ്റ ആ ഗ്രാമത്തിൽ എന്നാൽ കാണുന്ന പോലെ എല്ലാം ശാന്തമല്ല. 1947 -ലായിരുന്നു ഗ്രാമം ഏറ്റവും വലിയ ഒരു അപകടത്തെ നേരിട്ടത്. പകൽ മുഴുവൻ അധ്വാനിച്ച് രാത്രി സുഖമയക്കത്തിലായിരുന്നു ഗ്രാമവാസികൾ അർദ്ധരാത്രിയോടത്ത് ഒരു വലിയ ഒച്ചകേട്ട് ഉണർന്നു. ബ്ലൗസി-മിഥോൾസ് പ്രദേശത്ത്, ഭൂഗർഭ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഏഴായിരം ടൺ വെടിമരുന്നിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചതായിരുന്നു അത്. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് 160 കിലോമീറ്റർ ദൂരം അതിന്റെ ശബ്ദം മുഴങ്ങി കേട്ടു. നൂറുകണക്കിന് മീറ്റർ ഉയരത്തിൽ തീജ്വാലകൾ ആകാശത്തേക്ക് ഉയർന്നു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് മിഥോൾസിനു മുകളിലുള്ള പർവതത്തിൽ കുഴിച്ചിട്ട സ്വിസ് ആർമിയുടെ യുദ്ധോപകരണശാലയിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. മഞ്ഞിന്റെ വെളുപ്പ് പുകപടലങ്ങളുടെ കറുപ്പിൽ മുങ്ങി. പുറന്തള്ളപ്പെട്ട വെടിമരുന്നും അവശിഷ്ടങ്ങളും താഴ്വരയിലെ നൂറുകണക്കിന് കെട്ടിടങ്ങളെ നശിപ്പിച്ചു. ആ അഗ്നിസ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. പീരങ്കി ഷെല്ലുകൾ സ്കൂൾ മുറികളുടെ ഡെസ്കുകളിൽ ചിതറി കിടന്നു. തകർന്ന മതിലുകളുടെയും ജനലുകളുടെയും ചിത്രങ്ങൾ തൊട്ടടുത്ത ദിവസത്തെ പ്രാദേശിക പത്രത്തിൽ പ്രത്യക്ഷപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ആണവേതര സ്ഫോടനമായിരുന്നു അത്.  

അന്നത്തെ സ്ഫോടനത്തിന്റെ ശക്തിയിൽ പർവതത്തിന്റെ ഒരു ഭാഗം തകർന്നുപോയി. ഇന്നും മിഥോൾസിന് മുകളിലുള്ള പർവ്വതത്തിൽ ആ വിടവ് വ്യക്തമാണ്. എന്നാൽ, ഗ്രാമം വീണ്ടും ജീവൻ വച്ചു. തകർന്ന വീടുകൾ വീണ്ടും നിർമ്മിക്കപ്പെട്ടു. എല്ലാം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ആകെ നൂറ്റിയെഴുപതോളം ആളുകളാണ് അവിടെ ഇന്ന് താമസിക്കുന്നത്. മിക്ക കുടുംബങ്ങളും തലമുറകളായി ഇവിടെ ജീവിക്കുന്നവരാണ്. വലിയ ഒരു അപകടത്തിൽ നിന്ന് കരകയറിയ ആശ്വാസമായിരുന്നു അവർക്ക്. എന്നാൽ ഇനി ആ സന്തോഷത്തിനും, സമാധാനത്തിനും അധികം ആയുസ്സില്ല. 2018 -ൽ സ്വിറ്റ്സർലൻഡിന്റെ പ്രതിരോധ മന്ത്രാലയം നടത്തിയ ഒരു പുതിയ ഭൂമിശാസ്ത്ര സർവേയിൽ അന്ന് പൊട്ടിത്തെറിച്ചതിന്റെ ബാക്കി ഇപ്പോഴും നിർജ്ജീവമാകാതെ കിടക്കുന്നുവെന്ന് കണ്ടെത്തി. മന്ത്രാലയ ഉദ്യോഗസ്ഥർ മിഥോൾസിലെ ആളുകളോട് അവിടെ നിന്ന് നീങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്.

എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന നൂറുകണക്കിന് വർഷമെത്തിയ ബോംബുകളും ഷെല്ലുകളുമാണ് ആ മണ്ണിനടിയിൽ. ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി, പത്ത് വർഷത്തേക്ക് അവരോട് ഗ്രാമം വിട്ടുപോകണമെന്ന് പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചിരിക്കയാണ്. എന്നാൽ മാത്രമേ അധികാരികൾക്ക് അത് മണ്ണിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കൂ. മിഥോൾസ് ഇനി ഒരു പ്രേതനഗരമായി മാറും. തലമുറകളായി മണ്ണിൽ ജീവിച്ച ആ കുടുംബങ്ങൾക്ക് എന്നാൽ അതൊരു തീരാവേദനയാണ്. പലരും തങ്ങളുടെ സമ്പാദ്യം മുഴുവൻ ഈ ഭൂമിയിൽ മുടക്കിയ ആളുകളാണ്. ഇനി ഒരുപറിച്ചു നടൽ അവർക്ക് എത്രത്തോളം സ്വീകാര്യമാകുമെന്നത് അറിയില്ല. താമസിക്കുന്ന വീട് വിറ്റുപോകാൻ അവർ ഇന്ന് നിർബന്ധിതരാകുന്നു. എന്നാൽ അവർക്ക് പകരം താമസിക്കാനുള്ള ഭൂമി അധികാരികൾ ഇതുവരെയായിട്ടും കണ്ടെത്തിയിട്ടില്ല. ആർക്കും അവരുടെ വീടിന് ഒരു മൂല്യമോ, പോകാൻ പുതിയ സ്ഥലമോ ഇതുവരെ നൽകിയിട്ടില്ല. മിഥോൾസിനെ സംബന്ധിച്ചിടത്തോളം, എല്ലാവരും മറന്നിരുന്ന ഭയപ്പെടുത്തുന്ന ഭൂതകാലം വീണ്ടും ഉയർന്നുവന്നിരിക്കയാണ്, ഭാവിയാകട്ടെ അടിയന്തിര വെല്ലുവിളികൾ നിറഞ്ഞതും. ഇനി എന്താണ് സംഭവിക്കുക, ആർക്കും ഒരു ഉറപ്പുമില്ല.  

click me!