സിബിഐ ബുള്ളറ്റിനിൽ കേരളത്തിൽ നിന്നുള്ള ഈ പൊലീസുകാരുടെ ലേഖനങ്ങളും, ഇതാണ് പഠനങ്ങൾ

By Web TeamFirst Published Aug 2, 2021, 3:42 PM IST
Highlights

കമ്മ്യൂണിറ്റി പൊലീസിംഗുമായി ബന്ധപ്പെട്ട രചനയാണ് ഡോ. ജോസിന്‍റേത്. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി ശിക്ഷിക്കപ്പെടുന്നതിലേക്ക് നയിച്ച കേസിനെ സംബന്ധിച്ച ലേഖനമാണ് എഎസ്ഐ സജീവിന്‍റേത്. 

സിബിഐ ബുള്ളറ്റിനെന്ന് കേട്ടിട്ടുണ്ടോ? ദില്ലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഈ ബുള്ളറ്റിനിൽ വരുന്നത് രാജ്യത്താകെയുള്ള ശ്രദ്ധേയമായ കേസുകളില്‍ നിന്നുള്ള ലേഖനങ്ങളും പഠനങ്ങളുമാണ്. അതില്‍ ഇപ്പോൾ കേരളത്തില്‍ നിന്നുമുള്ള രണ്ട് പൊലീസുദ്യോഗസ്ഥരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 

ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ. ആര്‍ ജോസ്, പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് എഎസ്ഐ സജീവ് എം എന്നിവരുടെ ലേഖനങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. കമ്മ്യൂണിറ്റി പൊലീസിംഗുമായി ബന്ധപ്പെട്ട രചനയാണ് ഡോ. ജോസിന്‍റേത്. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി ശിക്ഷിക്കപ്പെടുന്നതിലേക്ക് നയിച്ച കേസിനെ സംബന്ധിച്ച ലേഖനമാണ് എഎസ്ഐ സജീവിന്‍റേത്. 

ഡോ. ജോസ് കമ്മ്യൂണിറ്റി പൊലീസിംഗുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കമ്മ്യൂണിറ്റി പൊലീസിംഗ് നിലവില്‍ വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതും പ്രതികളെ പിടിച്ചിട്ടുള്ളതുമായ കവര്‍ച്ചാകേസുകളുടെ താരതമ്യപഠനമാണ് ജോസ് എഴുതിയിരിക്കുന്നത്. കമ്മ്യൂണിറ്റി പൊലീസിംഗ് ഇതില്‍ എത്രമാത്രം മാറ്റം വരുത്തിയിട്ടുണ്ട് എന്ന് പഠനത്തില്‍ പരിശോധിക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഡോ. ജോസിന്‍റെ കഠിനാധ്വാനം നേരത്തെയും ശ്രദ്ധ നേടിയിട്ടുണ്ട്. പത്താം ക്ലാസ് പരാജയപ്പെട്ട അദ്ദേഹം പിന്നീട് പഠിച്ച് നല്ല മാര്‍ക്ക് വാങ്ങുകയും റാങ്കോടെ ഡിഗ്രിയും പിജിയും ജയിക്കുകയും പിന്നീട് ഡിവൈഎസ്പി ആയി മാറുകയുമായിരുന്നു. 

സജീവ് എഴുതിയിരിക്കുന്ന കേസിനാസ്പദമായ സംഭവം നടന്നത് 2012 -ലാണ്. അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍, പലതവണ പെണ്‍കുട്ടിയും അമ്മയും മൊഴിമാറ്റിയതും മറ്റും പൊലീസിനെ വലച്ചു. എന്നാല്‍, കൃത്യമായി അന്വേഷണം നടത്തുകയും പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും പ്രതിയുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് അയക്കുകയും ഡിഎന്‍എ പരിശോധനയിലൂടെ ഇയാള്‍ തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ കോടതി ശിക്ഷിച്ചു. ഒന്നരമാസമെടുത്താണ് എഴുത്ത് പൂര്‍ത്തിയാക്കിയത് എന്ന് സജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മുന്‍പത്രപ്രവര്‍ത്തകന്‍ കൂടിയായ സജീവിന്‍റെ ആദ്യ കഥാസമാഹാരം കല്ലുപെന്‍സില്‍ പുറത്തിറങ്ങാനൊരുങ്ങുകയാണ്. കണ്ണൂര്‍ ജി.വി ബുക്സാണ് പ്രസാധകര്‍.  

click me!