തിരുവനന്തപുരത്തുനിന്ന് അടിച്ചുമാറ്റിയ ഫോണുമായി ജാർഖണ്ഡിലെത്തി, ഉടനടി പിടിച്ചുവാങ്ങിച്ച് കേരള പൊലീസ്!

By Nirmala babuFirst Published Jun 6, 2023, 4:34 PM IST
Highlights

തിരുവനന്തപുരത്തെ ഒരു റോഡില്‍ കളഞ്ഞ് പോയ മൊബൈല്‍ ഫോണ്‍ ജാര്‍ഖണ്ഡ് വരെ പോയി മടങ്ങി ഉടമയുടെ അടുത്തെത്തിയ അനുഭവം. നിര്‍മല എഴുതുന്നു...

ഒരു കഥ സൊല്ലട്ടുമാ...

കഴിഞ്ഞ വിഷുവിന്റെ പിറ്റേന്നായിരുന്നു ആ സംഭവം. അതൊരു ഞായറാഴ്ച ദിവസം, സമയം രാവിലെ ആറ് മണി. മോണിംഗ് ഡ്യൂട്ടിക്ക് ഓഫീസിലേക്ക് പോകുന്നതിന്റെ ധൃതിയില്‍ ബാഗിന്റെ സിബ് അടക്കാന്‍ മറന്നു. വളരെ നിസ്സാരമെന്ന് തോന്നാവുന്ന ആ അശ്രദ്ധയ്ക്ക് കിട്ടിയതൊരു 'മുട്ടന്‍' പണി ആയിരുന്നു. വണ്ടി ഗട്ടറില്‍  വീണതും ഫോണ്‍ നടുറോഡിലേക്ക് 'ടപ്പേ' എന്നൊരു ചാട്ടം ചാടി.

പക്ഷേ, ബാഗിനുള്ളില്‍ നടന്നതൊന്നും  ഞാന്‍ അറിഞ്ഞില്ല. ഓഫീസെത്തി അല്‍പ്പം കഴിഞ്ഞാണ് ബാഗില്‍ ഫോണ്‍ തപ്പിയത്. ഈശ്വരാ അതവിടെയില്ല. ബാഗിലുള്ളതെല്ലാം പുറത്തിട്ട് പരിശോധിച്ചിട്ടും ഫോണ്‍ കണ്ടില്ല. അതോടെ ഉറപ്പായി, ഫോണ്‍ പോയി!

അപ്പോള്‍ തന്നെ അവിടന്നിറങ്ങി. അല്‍പ്പം മുമ്പ് ചീറിപാഞ്ഞ് വന്ന വഴിയിലൂടെ രണ്ടും മൂന്നും തവണ കറങ്ങി. വഴിയിലിറങ്ങി അവിടമാകെ വീണ്ടും തിരഞ്ഞു. വഴിയിലെ ഓട്ടോ ചേട്ടന്മാരോടൊക്കെ ചോദിച്ചു. സമീപത്തെ കടകളിലും തിരക്കി. ഫോണ്‍ കണ്ടവരാരുമില്ല. വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച് ഓഫ്! 

ആകെ കിളിപോയത് പോലായി. സങ്കടവും വെപ്രാളവും പെരുകി. പൊലീസിലും സൈബര്‍ സെല്ലിലും പരാതിയും കൊടുത്തു.

കുറ്റം പറയരുതല്ലോ, ദിവസം നൂറ് കണക്കിന് സമാനമായ കേസുകള്‍ മുന്നില്‍ വരുന്ന പൊലീസിന് എന്റെ ഈ പരാതി നിസ്സാരമായിരുന്നു. ഫോണ്‍ കിട്ടിയവര്‍ സിം ഊരിമാറ്റിയിട്ടുണ്ടാവാം, ഫോണില്‍ പുതിയ സിം ഇട്ടാല്‍ അപ്പോള്‍ തന്നെ ആളെ കണ്ടുപിടിക്കാം എന്നൊക്കെ അവര്‍ നല്ല വാക്ക് പറഞ്ഞെങ്കിലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് കേട്ടപ്പോഴേ തിരിഞ്ഞു. കളഞ്ഞ് പോയ ഫോണ്‍ കിട്ടിയ ചരിത്രമില്ലെന്ന് വരെ കേട്ടവര്‍ കേട്ടവര്‍ പറഞ്ഞു.

അതിനിടെ, ഫൈന്‍ഡ് മൈ ഡിവൈസ്' ആപ്പ് വഴി ഒരു സുഹൃത്ത് ഫോണ്‍ ഓഫായ ലോക്കേഷന്‍ കണ്ടുപിടിച്ച് തന്നു. സംഗതി രാവിലെ സഞ്ചരിച്ച അതേ വഴിയില്‍ തന്നെയുണ്ട്. ആ സ്ഥലത്തുള്ള എല്ലാ വീടുകളും കടകളും കുറ്റാന്വേഷകന്റെ മനസ്സുമായി സുഹൃത്തുക്കളോടൊപ്പം കയറിയിറങ്ങി. കുറെ പേരെ സംശയിച്ചു, ഇവരാണോ എന്റെ ഫോണ്‍ എടുത്തത് എന്ന്.

പക്ഷേ നോ രക്ഷ...ആര്‍ക്കും ഫോണിനെ പറ്റി ഒരറിവുമില്ല.

പിറ്റേന്ന്, ഫോണ്‍ പോയ അതേ സമയത്ത്, അതിരാവിലെ ഒറ്റയ്ക്ക് വീണ്ടും തപ്പിയിറങ്ങി. മുന്നില്‍ കണ്ട എല്ലാവരെയും പിടിച്ചുനിറുത്തി ചോദിച്ചു. ഒരു തുമ്പുമില്ല. സങ്കടം വന്ന് കണ്ണുമൂടി. പിന്നെ കരഞ്ഞ കണ്ണുകളുമായി ഒരു കടയുടെ മുന്നില്‍ ഒരേ ഇരുപ്പ് ഇരുന്നു.

നേരം വെളുത്തപ്പോള്‍ ഒരു സുഹൃത്ത് വന്നു. എന്റെ ജീവിതം ആ ഫോണിലാണെന്ന ഡയലോഗ് കേട്ട് ചിരിച്ചെങ്കിലും എന്നോട് ദയ തോന്നിയിട്ടാവണം എന്റെ ഒപ്പം കൂടി. അടുത്തുള്ള സിസിടിവികള്‍ നോക്കാം എന്തേലും തുമ്പ് കിട്ടാതിരിക്കില്ല എന്ന ചിന്ത വന്നു. അടുത്തുള്ള ഒരു കടയില്‍ കയറി കാര്യം പറഞ്ഞു, അവിടുത്തെ സിസിടിവി തപ്പി. ഭാഗ്യം ഉച്ചിയില്‍ തെളിച്ച് നിന്നത് കൊണ്ടാണോ എന്തോ, ഫോണ്‍ വീഴുന്നതും അത് രണ്ട് പേര്‍ എടുക്കുന്നതും കൃത്യമായി ക്യാമറയില്‍ പതിഞ്ഞിരുന്നു. പിന്നെ അത് വെച്ചായി അന്വേഷണം. എന്നാല്‍, വീഡിയോയില്‍ അവരുടെ മുഖം വ്യക്തമായില്ല. അതിനാല്‍ ആ വഴിയുമടഞ്ഞു.

പക്ഷേ, ശ്രമം ഉപേക്ഷിക്കാന്‍ തോന്നിയില്ല. ആവശ്യക്കാരന് ഔചിത്യം ഇല്ല എന്നാണല്ലോ. അങ്ങനെ ആ ഭാഗത്തുള്ള എല്ലാ സിസിടിവി ക്യാമറകളും നോക്കാനിറങ്ങി. വീണ്ടും അലച്ചില്‍. ഫോണ്‍ എടുത്തവരുടെ മുഖം കിട്ടാന്‍ വേറെയും സിസിടിവികള്‍ തപ്പി. വീട്, കട എന്ന് വേണ്ട പാര്‍ട്ടി ഓഫീസിലെ സി സി ടി വി വരെ തപ്പി. ഒരു രക്ഷയുമില്ല!

വീണ്ടും സിസിടിവി വേട്ട. അന്നേരമാണ്, ആ ഭാഗം വന്നു മുന്നില്‍ തടഞ്ഞത്. അതെ, അവിടെയുള്ള ഒരു ടയറ് കടയുടെ 'പൊളിപ്പന്‍' സിസിടിവിയില്‍ അവമ്മാരെ കിട്ടി. അതില്‍ മുഖം മാത്രമല്ല, രണ്ട് പേരുടെയും ശബ്ദവും കിട്ടി. അതോടെ അവര്‍ അതിഥി തൊഴിലാളികളാണ് എന്ന് മനസിലായി. പിന്നെ അവര്‍ വന്ന വഴിയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. അപ്പോഴേക്കും ആ പ്രദേശത്ത് ഞാന്‍ ഫേമസായിയിരുന്നു. കാണുന്നവരെല്ലാം ഫോണ്‍ കിട്ടിയോ എന്ന് തിരക്കാന്‍ തുടങ്ങി. ഫോണ്‍ കിട്ടിയില്ലെങ്കിലും എടുത്തവരെ കിട്ടിയല്ലോ എന്നായിരുന്നു അപ്പോഴത്തെ സമാധാനം. പിന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ മുഴുവന് കയറിയിറങ്ങി ഫോട്ടോ കാണിച്ച് ആളെ തപ്പലായി.

എന്നിട്ടും നോ രക്ഷ!

ഇനി എന്ത് ചെയ്യും എന്ന് കരുതി ഉത്തരമില്ലാതെ നിന്നപ്പോഴാണ്, വീണ്ടും ഭാഗ്യം ക്യാമറക്കണ്ണായി മുന്നില്‍ വന്നത്. ഭാഗ്യം തുണച്ചു, ഫോണ്‍ എടുത്ത ചേട്ടന്മാര്‍ അവരുടെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് കൃത്യമായി സിസിടിവിയില്‍ കണ്ടു.

അത് കാണുന്നതിന് തൊട്ടുമുമ്പ് ആ വീട്ടില്‍ ഞങ്ങള്‍ കയറിയിരുന്നു,  ഇവരെ അറിയോ എന്ന് ഫോട്ടോ കാണിച്ച് ചോദിക്കുകയും ചെയ്തു. ഒപ്പമുള്ളവരെ ഒറ്റ് കൊടുക്കാത്ത ആളോടാണ് ഞങ്ങള്‍ ചോദിച്ചത് എന്ന് തോന്നുന്നു. അവര്‍ ഒരക്ഷരം മിണ്ടിയില്ല.

പിന്നെ പൊലീസിനെയും കൊണ്ട് ആ വീട്ടില്‍ പോയി. പൊലീസ് വന്ന് കുടഞ്ഞിട്ടും പുള്ളി അറിയില്ല എന്ന പല്ലവി ആവര്‍ത്തിച്ചു. വീട് മുഴുവന്‍ തപ്പിയിട്ടും ഫോണ്‍ കിട്ടിയില്ല.

അപ്പോഴാണ് ഒരു നല്ല മനുഷ്യന്‍ വന്ന് എന്നോട് ഒരു രഹസ്യം പറഞ്ഞത്-'' ആ ഫോട്ടോയിലുള്ളവര്‍ ഇവിടെ തന്നെയാണ് താമസം.''

അപ്പോഴേക്കും പൊലീസിനും മനസിലായി,  പിടിച്ചവന്‍ സഹമുറിയനെ രക്ഷിക്കാന്‍ ഉരുണ്ട് കളിക്കുകയാണെന്ന്. അവനെയും കൊണ്ട് പൊലീസ് പോയി. അവര്‍ പിന്നീട് ഫോണ്‍ കൊണ്ട് പോയവരുടെ സഹോദരനെ പൊക്കി.

ഫോണ്‍ എടുത്തവര്‍ വന്നിട്ട് വിടാം എന്ന് പറഞ്ഞ് പൊലീസ് അവന്റെ ഫോണില്‍ നിന്ന് അവരെ വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനിലാണ് എന്ന് കേട്ടപ്പോള്‍ അവന്‍ ഫോണ്‍ ഓഫാക്കി മുങ്ങി.

പൊലീസ് അവിടെ നിന്നില്ല. അവര്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെ അവര്‍ സ്റ്റേഷനിലേക്ക് വരുത്തിച്ചു. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. നന്നായി സഹകരിച്ചു. പുതിയ കഥകള്‍ പുറത്തുവന്നു.

ഫോണ്‍ എടുത്തയാള്‍ അത് 1000 രൂപക്ക് ഒപ്പമുള്ളവന് വിറ്റത്രേ. വാങ്ങിയ ആള്‍ അതുമായി പെങ്ങളുടെ കല്ല്യാണത്തിന് ജാര്‍ഖണ്ഡിലേക്ക് പോയി.

സബാഷ്... എന്ന് മനസ് പറഞ്ഞു. എല്ലാം അവിടെ കഴിഞ്ഞുവെന്നും ഇനി ഫോണ്‍ കിട്ടില്ല എന്നും ഉറപ്പിച്ചു. പക്ഷേ, അവിടെ നമുക്ക് ആള്‍ ഉണ്ടെന്നും ഫോണ്‍ വാങ്ങി തരാമെന്നും വീട്ടുടമസ്ഥന്‍ ഉറപ്പ് തന്നു. വെറും ഉറപ്പല്ല, ഏഴ് ദിവസത്തിനുള്ളില്‍ ഫോണ്‍ തിരിച്ച് വാങ്ങി തരാമെന്ന് പൊലീസിന് മുന്നില്‍ എഴുതി ഒപ്പിട്ട് തന്നു.

ഫോണ്‍ കൊണ്ട് പോയവന്‍ ജാര്‍ഖണ്ഡിലെത്തിയതും അത് വാങ്ങാന്‍ അവിടെ ആള്‍ റെഡിയായിട്ടുണ്ടായിരുന്നു. വീട്ടുടമസ്ഥന്‍ പറഞ്ഞേല്‍പ്പിച്ചയാള്‍ ഫോണ്‍ വാങ്ങി ഫോട്ടോ അയച്ച് തന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നെ അത് അവര്‍ പാഴ്‌സലയച്ചു.

പിന്നെ ഒരു കാത്തിരിപ്പായിരുന്നു. ബാഗില്‍ നിന്ന് ചാടി പോയതിന്റെ 13-ാം ദിവസം, നൂറുകണക്കിന് കിലോമീറ്ററുകള്‍  താണ്ടി എന്റെ ഫോണ്‍ തിരിച്ചെത്തി. കിട്ടില്ലെന്ന് എല്ലാവരും പറഞ്ഞിട്ടും കൂടെ നിന്ന മനുഷ്യരോടൊപ്പം, സന്തോഷം കൊണ്ട് തുള്ളിച്ചാടി.  തോറ്റെന്നും എല്ലാം അവസാനിച്ചെന്നും നമ്മള്‍ തീരുമാനിക്കുന്നത് വരെ മുന്നോട്ട് തന്നെ പോകണമെന്ന ചിന്തയാണ് ആ സന്തോഷത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞു.

ഇനി ഇത് മുഴവന്‍ ഇരുന്ന് വായിച്ചവരോട് ഒരു വാക്ക് കൂടി. ജാഗ്രത മുഖ്യം ബിഗിലേ... ഒരു നിമിഷത്തെ അശ്രദ്ധക്ക് ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും!

Read more: 2000 -ത്തിന്‍റെ നോട്ടുകള്‍ തകര്‍ത്ത 'കുടുക്ക'; കുട്ടികളുടെ വീഡിയോ വൈറല്‍
 

click me!