
ഭർത്താവ് സ്വന്തം രൂപത്തെ കുറിച്ച് നടത്തിയ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് ലഖ്‌നൗ സ്വദേശിയായ മോഡൽ തനു സിംഗ് (28) ആത്മഹത്യ ചെയ്തു. കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവ് നടത്തിയ പരാമർശത്തിൽ മനംനൊന്താണ് യുവ മോഡലായ തനു സിംഗ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. ലഖ്‌നൗവിലെ ഇന്ദിരാനഗറിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഇവരെ സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലഖ്നൗ പോലീസ് പറയുന്നത് അനുസരിച്ച് മറ്റ് കുടുംബാംഗങ്ങളോടൊപ്പം സ്വന്തം വീട്ടിൽ ഇരിക്കവെ സംഭാഷണത്തിനിടെ തനുവിന്‍റെ ഭർത്താവ് "ബന്ദരിയ" (കുരങ്ങൻ) എന്ന് വിളിച്ച് കളിയാക്കുകയായിരുന്നു. നിരുപദ്രവകരമെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് തനു സ്വന്തം കിടപ്പുറിയിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭർത്താവിന്‍റെ കളിയാക്കലിനെ തുടർന്ന് സ്വന്തം മുറിയിലേക്ക് തനു പോയെങ്കിലും അതൊരു താൽക്കാലിക വൈകാരിക പ്രതികരണമാണെന്ന് കരുതി ആരും ഇടപെട്ടില്ല. എന്നാൽ, ഒരു മണിക്കൂറിന് ശേഷം കുടുംബാംഗങ്ങൾ തനുവിനെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. ഇതിന് പിന്നാലെ വീട്ടുകാർ തനുവിന്‍റെ മുറിയിലെത്തി പരിശോധിച്ചപ്പോൾ തനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
സഹോദരി വളരെ സെൻസിറ്റീവ് ആയിരുന്നെന്നും പ്രത്യേകിച്ച് അവളുടെ ശാരീരിക രൂപത്തെക്കുറിച്ചും ഒരു മോഡൽ എന്ന നിലയിലുള്ള പ്രൊഫഷണൽ ഐഡന്‍റിറ്റിയെക്കുറിച്ചുള്ള. ചെറിയ അഭിപ്രായങ്ങൾ പോലും അവളെ വൈകാരികമായി ആഴത്തിൽ ബാധിച്ചിരുന്നെന്നും തനുവിന്‍റെ സഹോദരി അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു. അസ്വാഭാവിക മരണത്തിൽ കേസെടുത്ത ഇന്ദിരാനഗര്‍ പോലീസ്, ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും അറിയിച്ചു.