
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കും സ്വപ്നങ്ങൾ വേണ്ടെന്നു വച്ചവർക്കും മാതൃകയാവുകയാണ് ഈ അമ്മയും മകളും. അമേരിക്കയിൽ നിന്നുള്ള 50 വയസ്സുകാരിയായ അമ്മയും 25 -കാരിയായ അവരുടെ മകളും ഇപ്പോൾ ഒരുമിച്ച് ബിരുദ പഠനം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. ടെക്സാസിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ പ്രോഗ്രാമിൽ എ ഗ്രേഡ് നേടിയാണ് ഇരുവരും ബിരുദം കരസ്ഥമാക്കിയത്. ഇത് അഞ്ചാം തവണയാണ് ഇരുവരും ഒരുമിച്ച് വിവിധ കോഴ്സുകൾ പൂർത്തിയാക്കി ബിരുദം നേടുന്നത്.
25 -കാരിയായ മകൾ എലിസബത്ത് മേയർക്ക് അമ്മയെ കുറിച്ച് അഭിമാനം മാത്രമാണുള്ളത്. തൻറെ ഏറ്റവും നല്ല സുഹൃത്താണ് തൻറെ അമ്മയെന്നും എന്നാൽ തന്റെ സഹപാഠികൾക്ക് എല്ലാവർക്കും അവൾ പ്രിയപ്പെട്ട അമ്മയാണെന്നും ആണ് എലിസബത്ത് പറയുന്നത്. ടെക്‌സാസിലെ സാൻ അന്റോണിയോയിലെ ഔവർ ലേഡി ഓഫ് ദി ലേക് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് എലിസബത്തും അമ്മ അലിസയും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയത്. ഇവർ ഇരുവരും ചേർന്ന് വിവിധങ്ങളായ മറ്റ് 5 ബിരുദങ്ങൾ കൂടി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്
ഇനി അന്റോണിയോയിലെ ഔവർ ലേഡി ഓഫ് ദി ലേക് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡിക്ക് ചേരാനാണ് ഇരുവരുടെയും തീരുമാനം. എന്നാൽ, അതിനുമുമ്പായി ചെറിയൊരു ഇടവേള എടുത്ത് അല്പം വിശ്രമിക്കാനും ഇരുവരും പദ്ധതിയിടുന്നുണ്ട്. മുമ്പ് ഹാർവി ചുഴലിക്കാറ്റിൽ ഇവരുടെ വീട് നഷ്ടമായിരുന്നുവെന്നും അന്ന് ഹോട്ടൽ മുറിയിൽ താമസിച്ചാണ് ഈ അമ്മയും മകളും പഠനം തുടർന്നത് എന്നും ആണ് യു പി ഐ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.