ഐവിഎഫിലൂടെ ​ഗർഭിണിയാകുന്ന സ്ത്രീകൾക്ക് മൂന്നുലക്ഷം; ജനസംഖ്യ കൂട്ടാൻ കൂടുതൽ പദ്ധതികളുമായി സിക്കിം

By Web TeamFirst Published Jan 17, 2023, 2:08 PM IST
Highlights

ഐവിഎഫിലൂടെ കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്കായി മൂന്ന് ലക്ഷം രൂപയാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഐവിഎഫ് സൗകര്യം തന്റെ സർക്കാർ ലഭ്യമാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറയുന്നു.

ജനന നിരക്ക് കുറയുന്നത് തടയാൻ വിവിധ പദ്ധതികളുമായി സിക്കിം. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ആണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുട്ടി മാത്രമല്ല, ഒന്നിലധികം കുട്ടികൾക്കു വേണ്ടി കുടുംബം ശ്രമിക്കണമെന്നും സിക്കിം മുഖ്യമന്ത്രി പറയുന്നു. തദ്ദേശസമൂഹത്തിനാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഞായറാഴ്ച സൗത്ത് സിക്കിമിലെ ജോറെതാങ് പട്ടണത്തിൽ മാഘെ സംക്രാന്തി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു സ്ത്രീക്ക് ഒരു കുട്ടി എന്ന നിലപാട് സ്വീകരിച്ചതോടെ സമീപവർഷങ്ങളിൽ ജനനനിരക്ക് കുറഞ്ഞു. ഇത് തദ്ദേശസമൂഹങ്ങളുടെ ജനസംഖ്യ കുറയാൻ കാരണമായി എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഐവിഎഫിലൂടെ കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്കായി മൂന്ന് ലക്ഷം രൂപയാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഐവിഎഫ് സൗകര്യം തന്റെ സർക്കാർ ലഭ്യമാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറയുന്നു. ഇതുവരെ 38 സ്ത്രീകൾ ഐവിഎഫ് സൗകര്യം നേടിയിട്ടുണ്ട്. അതിൽ ചിലർ ഇപ്പോൾ അമ്മമാരായി കഴിഞ്ഞു എന്നും സിക്കിം മുഖ്യമന്ത്രി പറയുന്നു. നേരത്തെ തന്നെ ജോലിയുള്ള സ്ത്രീകൾക്ക് ഒരു വർഷം പ്രസവാവധി അനുവദിച്ചിരുന്നു. അതുപോലെ ഇവരുടെ ഭർത്താക്കന്മാർക്ക് 30 ദിവസം പിതൃത്വ അവധിയും അനുവദിച്ചിരുന്നു. 

രണ്ടോ മൂന്നോ കുട്ടികളുള്ള സ്ത്രീകൾക്ക് വേറെയും ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തില്‍ ഒരു ഇൻക്രിമെന്റും മൂന്നാമത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് രണ്ട് ഇൻക്രിമെന്റും നൽകും. ഈ ആനൂകൂല്യം തദ്ദേശസമൂഹത്തിന് മാത്രമല്ല അതിന് പുറത്തുള്ള സ്ത്രീകൾക്കും ലഭ്യമാക്കുന്നുണ്ട്. 

ജനന നിരക്ക് കുറയുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് സർക്കാർ ഇത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തത്തെ സർക്കാർ ഒരു കുഞ്ഞിനെയാണ് പ്രോത്സാഹിപ്പിച്ചത് എന്ന് പറഞ്ഞുകൊണ്ട് തന്റെ സർക്കാർ അതിന് നേരെ വിപരീതമായിരിക്കും എന്നും തമാങ് പറഞ്ഞു. 

click me!