ഒരു ഗ്രാമിന് 80,000 രൂപ, സ്വർണ്ണത്തേക്കാൾ വിലയുള്ള ഒരു 'നിറ'മുണ്ട് ലോകത്ത്, ഏതാണെന്ന് അറിയുമോ?

Published : Mar 04, 2026, 09:11 PM IST
colors

Synopsis

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നിറമാണ് അൾട്രാമറൈൻ ബ്ലൂ. അഫ്ഗാനിസ്ഥാനിലെ ഖനികളിൽ നിന്ന് ലഭിക്കുന്ന 'ലാപിസ് ലാസുലി' എന്ന അപൂർവ്വ രത്നക്കല്ലിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. 

അധികാരത്തിന്റെയും വിശ്വാസത്തിന്റെയും പദവിയുടെയുമൊക്കെ അടയാളം കൂടിയാണ് ലോകചരിത്രത്തിൽ നിറങ്ങൾ. നിറങ്ങളുടെ ലോകത്ത് ഒരു വിഐപി ഉണ്ട്. നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ വിലയുള്ള ആ നിറമാണ് അൾട്രാമറൈൻ ബ്ലൂ. ഇന്ന് വിപണിയിൽ ഒരു ഗ്രാം ശുദ്ധമായ അൾട്രാമറൈൻ ബ്ലൂവിന് 80,000 രൂപയിൽ കൂടുതൽ വിലവരുമെന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. അഫ്ഗാനിസ്ഥാനിലെ ഖനികളിൽ നിന്ന് ലഭിക്കുന്ന 'ലാപിസ് ലാസുലി' എന്ന അപൂർവ്വ രത്നക്കല്ലിൽ നിന്നാണ് ഈ നിറം ഉത്പാദിപ്പിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ലാപിസ് ലാസുലി ഖനികളുള്ളത്. കടും നീലനിറത്തിൽ സ്വർണ്ണത്തരികൾ പാകിയ ഈ കല്ല്, നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികാല ആകാശത്തെ അനുസ്മരിപ്പിക്കുന്നതാണ്. അയ്യായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് തന്നെ പുരാതന ഈജിപ്റ്റിലേക്കും മെസൊപ്പൊട്ടേമിയയിലേക്കും ഈ കല്ല് കയറ്റുമതി ചെയ്തിരുന്നു. ഈജിപ്ഷ്യൻ ഫറവോമാരുടെ ആഭരണങ്ങളിലും ഭരണാധികാരികളുടെ മുദ്രകളിലും ഈ 'നീല സ്വർണ്ണം' പ്രധാന പങ്കുവഹിച്ചു.

'കടലിനക്കരെ നിന്ന് വരുന്നത്' എന്ന അർത്ഥമുള്ള 'അൾട്രാമറീനസ്' എന്ന ലാറ്റിൻ വാക്കിൽ നിന്നാണത്രെ അൾട്രാമറൈൻ എന്ന പേര് ലഭിച്ചത്. ഏഷ്യയിൽ നിന്ന് കടൽ കടന്ന് യൂറോപ്പിലെത്തിയിരുന്ന ഈ നിറം മധ്യകാലഘട്ടത്തിൽ സ്വർണ്ണത്തേക്കാൾ മൂല്യമുള്ളതായിരുന്നു. നവോത്ഥാന കാലത്തെ വിശ്വപ്രസിദ്ധ ചിത്രകാരന്മാരായ ലിയോനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, വെർമീർ എന്നിവർ തങ്ങളുടെ മാസ്റ്റർപീസുകളിൽ ഈ നിറം ഉപയോഗിച്ചിരുന്നു. വിശുദ്ധ മറിയത്തിന്റെ വസ്ത്രങ്ങൾ ചിത്രീകരിക്കാൻ അൾട്രാമറൈൻ ബ്ലൂ മാത്രമാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. ഇതിന്റെ അമിതവില കാരണം, ചിത്രകാരന്മാർ ഈ നിറം ഉപയോഗിക്കുന്നതിന് രാജാക്കന്മാരിൽ നിന്നും മറ്റ് സ്പോൺസർമാരിൽ നിന്നും പ്രത്യേക പണം ഈടാക്കിയിരുന്നു.

ലാപിസ് ലാസുലി കല്ല് പൊടിച്ച് അതിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധമായ പിഗ്മെന്റ് വേർതിരിച്ചെടുക്കുന്നത് അതീവ ദുഷ്കരമാണ്. മെഴുക്, പശ, എണ്ണ എന്നിവ ഉപയോഗിച്ച് കുഴച്ചുണ്ടാക്കുന്ന മിശ്രിതത്തിൽ നിന്ന് പലതവണ കഴുകി എടുത്താണ് ഈ നീലനിറം വേർതിരിക്കുന്നത്. ഈ കഠിനാധ്വാനവും കല്ലിന്റെ ദൗർലഭ്യവുമാണ് ഇതിനെ ഇന്നും ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നിറമായി നിലനിർത്തുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഇതൊക്കെയാണ് മോനേ പ്രേമത്തിലെ ഡെഡിക്കേഷൻ, കനത്ത ട്രാഫിക്കിലും യുവാവിന് വഴി മാറിക്കൊടുത്ത് ഡ്രൈവർമാർ, കാരണമുണ്ട്!
ഓരോ ബിസിനസ് ഐഡിയകളേ; സമ്പാദിച്ചത് ലക്ഷങ്ങൾ, ജോലി ഉടമകളില്ലാത്ത സമയത്ത് പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കൽ!