
വളരെ അധികം ഗുണങ്ങളുള്ള ഒന്നാണ് തേൻ. മധുരത്തിന് വേണ്ടി പ്രകൃതിദത്തമായി ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് അത്. അതുപോലെ പലതരം വിഭവങ്ങളുണ്ടാക്കാനും തേൻ ഉപയോഗിക്കാറുണ്ട്. തേനിന്റെ വില പലപ്പോഴും പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഏത് ഇനത്തിൽ പെട്ടതാണ്, എവിടെ നിന്നുമാണ് ഈ തേൻ എടുത്തിരിക്കുന്നത്, അതിന്റെ ഗുണം എങ്ങനെയിരിക്കും എന്നതൊക്കെ അതിൽ പെടുന്നു. ലോകത്തിലെ ഏറ്റവും വില കൂടി തേനിന് എത്രയാണ് വില എന്ന് അറിയുമോ? ഒരു കിലോഗ്രാമിന് ഒമ്പത് ലക്ഷം രൂപയാണ് വില.
ഈ തേനിന്റെ പേര് ‘എൽവിഷ് ഹണി‘ എന്നാണ്. ഇതിന്റെ സുഗന്ധവും പരിശുദ്ധിയും പേര് കേട്ടതാണ്. ഏറ്റവും ശുദ്ധമായ തേൻ എന്നാണ് ആഗോളതലത്തിൽ തന്നെ ഇത് അറിയപ്പെടുന്നത്. വർഷത്തിൽ ഒരേയൊരു തവണ മാത്രമാണ് ഈ തേൻ ശേഖരിക്കുന്നത്. തുർക്കിയിലെ ആർട്വിൻ സിറ്റിയിലെ 1800 മീറ്റർ താഴ്ചയുള്ള ഒരു ഗുഹയിൽ നിന്നുമാണ് ഇത് എടുക്കുന്നത്.
അടുത്തിടെ ട്വിറ്ററിൽ @HowThingsWork എന്ന അക്കൗണ്ടിലൂടെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. 'എന്തുകൊണ്ടാണ് ചില തേനുകൾ വളരെ വില കൂടിയതാവുന്നത് എന്നത് നിങ്ങൾക്ക് ഇപ്പോൾ കാണാൻ സാധിക്കും' എന്നായിരുന്നു ഇതിന്റെ കാപ്ഷൻ. ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ ഒരാൾ വളരെ സാഹസികമായി ചുറ്റിലും പൊതിഞ്ഞു നിൽക്കുന്ന തേനീച്ചകൾക്കിടയിലൂടെ തേൻ ശേഖരിക്കുന്നത് കാണാം. ഈ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചും അയാൾ തേൻ ശേഖരിക്കുകയും തന്റെ ടീമംഗങ്ങൾക്ക് നൽകുകയും ചെയ്യുന്നുണ്ട്.
വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു. തേനിന്റെ വില കേട്ട് മാത്രമല്ല ആളുകൾ ഞെട്ടിയത്. എത്ര സാഹസികമാണ് ഈ തേൻ ശേഖരണം എന്നതും ആളുകളെ അമ്പരപ്പിച്ചു.