കുഞ്ഞിന്റെ ദേഹം മുഴുവനും 'ടാറ്റൂ', നിങ്ങളെന്തൊരമ്മയാണ് എന്ന് സോഷ്യൽമീഡിയ

By Web TeamFirst Published May 15, 2022, 4:22 PM IST
Highlights

അപ്പോഴും ആളുകൾ വിമർശിക്കാൻ മറന്നില്ല. 'അവൻ തെരുവിൽ വെടികൊണ്ട് വീഴുന്നതാണോ കാണേണ്ടത്', 'ജയിലിലയക്കാനാണോ അവനെ വളർത്തുന്നത്' തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു ആളുകൾ ചോദിച്ചത്. അതെല്ലാം മോറിസിനെ വേദനിപ്പിച്ചു എങ്കിലും അവൾ പറയുന്നത് അതൊന്നും തന്നെ തളർത്തില്ല എന്നാണ്. 

ടാറ്റൂ (Tattoo) ഇഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. എന്നാൽ, ഒരമ്മ ഒരുവയസ് മാത്രമുള്ള തന്റെ മകന് ടെംപററി ടാറ്റൂ ചെയ്‍തതിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ വിമർശിക്കപ്പെടുകയാണ്. 'അവനെ ​​ഗാങ്സ്റ്ററോ, ​ഗുണ്ടയോ ആക്കാനാണോ ഉദ്ദേശ്യം' എന്നാണ് അമ്മയോട് ആളുകൾ ചോദിക്കുന്നത്. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിന്നുള്ള ഫാഷൻ ഡിസൈനറായ ഷമേകിയ മോറിസാ(Shamekia Morris)ണ് വിമർശനം നേരിടുന്നത്. തന്റെ മകൻ ട്രെയ്‌ലിന് (Treylin) ആറുമാസം പ്രായമുള്ളപ്പോഴാണ് അവർ ആദ്യമായി അവന് ടെംപററി ടാറ്റൂ ചെയ്യിപ്പിക്കുന്നത്. 

NuggerWorld561 എന്ന അക്കൗണ്ടിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ട്രെയ്‍ലിന്റെ കാലിലും കയ്യിലും ദേഹത്തുമെല്ലാം ടാറ്റൂ കാണാം. എന്നാൽ, ഇതൊരു പെർമനന്റ് ടാറ്റൂവൊന്നുമല്ല. പക്ഷേ, ഇതിന്റെ പേരിൽ ആളുകൾ മോറിസിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. അവളൊരു 'മോശം അമ്മ'യാണ് എന്നാണ് മിക്കവരുടെയും അഭിപ്രായം. 

എന്നാൽ, ഈ വിമർശനങ്ങൾ അവൾ ഇപ്പോഴൊന്നും കേൾക്കാൻ തുടങ്ങിയതല്ല. ട്രെയ്‍ലിനെ എട്ടുമാസം ​ഗർഭിണിയായിരിക്കുമ്പോൾ തന്നെ അവളെ ആളുകൾ വിമർശിച്ചിരുന്നു. അന്ന് അതിന് കാരണമായിത്തീർന്നത് അവളുടെ ഒരു മറ്റേണിറ്റി ഷൂട്ടായിരുന്നു. സഹോദരന്മാർക്കൊപ്പം ഒരു ടാറ്റൂ പാർലറിൽ ഇരിക്കുകയായിരുന്നു മോറിസ്. അതിൽ അവളുടെ ദേഹത്തെ ടാറ്റൂ കാണാമായിരുന്നു. അന്ന് 'വയറ്റിലുള്ള കുഞ്ഞിന് വേദനിക്കുന്നുണ്ടാവും', 'ജനിക്കുമ്പോഴേ അവന്റെ ദേഹത്ത് ടാറ്റൂ കാണും', 'അവൻ ജനിച്ച്, വളർന്നു കഴിയുമ്പോൾ ​ഗുണ്ടാനേതാവാകും' എന്നൊക്കെയായിരുന്നു കമന്റുകൾ. 

അതുകൊണ്ട് തന്നെ ട്രെയ്‍ലന്റെ ടാറ്റൂ നിറഞ്ഞ രൂപം കണ്ടപ്പോൾ ആളുകൾ ഞെട്ടിയൊന്നുമില്ല. പക്ഷേ, അപ്പോഴും ആളുകൾ വിമർശിക്കാൻ മറന്നില്ല. 'അവൻ തെരുവിൽ വെടികൊണ്ട് വീഴുന്നതാണോ കാണേണ്ടത്', 'ജയിലിലയക്കാനാണോ അവനെ വളർത്തുന്നത്' തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു ആളുകൾ ചോദിച്ചത്. അതെല്ലാം മോറിസിനെ വേദനിപ്പിച്ചു എങ്കിലും അവൾ പറയുന്നത് അതൊന്നും തന്നെ തളർത്തില്ല എന്നാണ്. 'എന്നെ വെറുക്കുന്നവരോടാണ്, ഞാനത് കാര്യമാക്കുന്നേയില്ല' എന്നും മോറിസ് പറയുന്നു. 

ആദ്യം ട്രെയ്‍ലന്റെ ടാറ്റൂ ഡിസൈൻ നിറഞ്ഞ ഫോട്ടോ പോസ്റ്റ് ചെയ്‍ത സമയം വീട്ടുകാർ പോലും അം​ഗീകരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ 300,000 ഫോളോവേഴ്സുണ്ട് അവൾക്ക് ടിക്ടോക്കിൽ. അവരെല്ലാം അവളെ പിന്തുണക്കുന്നു. 

താനൊരു നല്ല അമ്മ തന്നെയാണ് എന്ന് തനിക്കറിയാം എന്നും മോറിസ് പറയുന്നു. 'ഒരു നല്ല അമ്മയാവുക എന്നാൽ കുട്ടിക്ക് എല്ലാം പറയാനാവുന്ന എന്തിനും സമീപിക്കാവുന്ന ഒരാളാവുക, അവരുടെ നല്ല സുഹൃത്താവുക എന്നതാണ്' എന്നും മോറിസ് പറയുന്നു. 

click me!