
കിഴക്കൻ ജപ്പാനിലുള്ള ആറ് ആൺമക്കളുടെ അമ്മയായ ഒരു സ്ത്രീ പറയുന്നത് തന്റെ കുടുംബത്തിന് ഒരു മാസം ജീവിച്ചുപോകാൻ 700,000 യെൻ (ഏകദേശം നാല് ലക്ഷം രൂപ) യെങ്കിലും വേണം എന്നാണ്. ഇത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ് എന്നും ഇവർ പറയുന്നു. 16 -ാമത്തെ വയസ്സിൽ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയ 34 -കാരിയാണ് അടുത്തിടെ ജാപ്പനീസ് വെറൈറ്റി ഷോയായ 'മംസ് സീക്രട്ട് ഗാർഡനി'ൽ (Mum’s Secret Garden) തന്റെ അനുഭവം പങ്കുവച്ചത്. മോങ്കോ എന്ന് പേരായ യുവതി ടോക്കിയോയുടെ കിഴക്കുള്ള ചിബ പ്രിഫെക്ചറിൽ നിന്നുള്ളയാളാണ്. സുന്ദരിയായ മോങ്കോ തന്റെ ലുക്ക് കൊണ്ട് ജപ്പാനിലെ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വൈറലാണ്.
വെറും 16 വയസ് മാത്രമുള്ളപ്പോഴാണ് അവൾ തന്റെ ആദ്യത്തെ മകനായ റിയുകിക്ക് ജന്മം നൽകിയത്. പിന്നാലെ, അവനെ നോക്കുന്നതിനായി അവൾ സ്കൂൾ പഠനം ഉപേക്ഷിച്ചു. പിന്നീടാണ് അവൾ റിയുകിയുടെ പിതാവിനെ വിവാഹം കഴിക്കുന്നത്. ശേഷം രണ്ട് ആൺകുഞ്ഞുങ്ങൾക്ക് കൂടി അവൾ ജന്മം നല്‌കി. എന്നാൽ, ഒത്തുപോകാൻ കഴിയാത്തതിനാൽ ഇരുവരും പിന്നാലെ തന്നെ വിവാഹമോചിതരാവുകയായിരുന്നു. സിംഗിൾ മദറായ മോങ്കോ പിന്നീട് തന്നോട് ഏറെ കരുതലും സ്നേഹവും കാണിച്ച യോസുകെ മിത്സുത്സുക എന്ന യുവാവിനെ വിവാഹം കഴിച്ചു. അതിൽ അവർക്ക് മൂന്ന് ആൺമക്കൾ കൂടി ജനിച്ചു. മിത്സുത്സുക വളരെ നല്ല ഒരു അച്ഛനാണ് എന്നും തന്റെ എല്ലാ മക്കളെയും വളരെ സ്നേഹത്തോടെയാണ് നോക്കുന്നത് എന്നും കുഞ്ഞുങ്ങളെ നോക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ആളാണ് എന്നും മോങ്കോ പറയുന്നു.
എന്നാൽ, അതേസമയം തന്നെ മോങ്കോയ്ക്കും മിത്സുത്സുകയ്ക്കും എന്താണ് ജോലി എന്നോ, വരുമാനമാർഗമെന്നോ അവർ വെളിപ്പെടുത്തിയിട്ടില്ല. മോങ്കോയുടെ മൂത്ത മകന് ഇപ്പോൾ 17 വയസുണ്ട്. ജപ്പാനിലെ പ്രശസ്തരായ താരങ്ങളെ പോലെയിരിക്കുന്നതിനാൽ തന്നെ ആൺകുട്ടികൾ വലിയ ശ്രദ്ധ നേടാറുണ്ട്. എന്തായാലും, ആറ് മക്കളടങ്ങിയ കുടുംബത്തിന് ജീവിച്ചുപോകൽ ഒരിത്തിരി ചെലവേറിയ കാര്യമാണ് എന്നാണ് മോങ്കോ പറയുന്നത്.