
ഓസ്ട്രിയയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ ഗ്രോസ്‌ഗ്ലോക്‌നറിൽ ശൈത്യകാല പർവതാരോഹണത്തിനിടെ ആണ്‍ സുഹൃത്ത് കാമുകിയെ കൊലയ്ക്ക് കൊടുത്തെന്ന് കേസ്. കൊടുമുടിക്ക് സമീപം കാമുകിയെ ഉപേക്ഷിച്ച് പോയതിനും പിന്നീട് അവൾ അവിടെ വെച്ച് തണുപ്പ് താങ്ങാനാകാതെ മരിച്ചതിനും ഉത്തരവാദിയാണെന്ന് കണ്ടെത്തി പർവതാരോഹകൻ തോമസ് പ്ലാമ്പർഗർക്കെതിരെ കേസ് എടുക്കുകയായിരുന്നു. പ്ലാമ്പർഗറിന്‍റെ അശ്രദ്ധ മൂലമാണ് കാമുകി കെർസ്റ്റിൻ ഗർട്‌നർ മരണപ്പെട്ടതെന്നാണ് പ്രോസിക്യൂട്ടർമാരുടെ കണ്ടെത്തൽ.
ജനുവരി 18 -നാണ് ഇരുവരും 12,460 അടി ഉയരമുള്ള പർവ്വതാരോഹണത്തിന് പുറപ്പെട്ടത്. മൈനസ് 8°C വരെ താപനിലയും മണിക്കൂറിൽ 45 മൈൽ വേഗതയിലുള്ള കാറ്റുമുൾപ്പെടെ കഠിനമായ കാലാവസ്ഥയായിരുന്നു ഈ സമയത്ത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ശൈത്യകാലത്ത് പോയി പരിചയമില്ലാത്ത കെർസ്റ്റിൻ ഗർട്‌നർ, കൊടുമുടി കയറുന്നതിനിടെ ശരീര താപനില ക്രമാതീതമായി കുറയാൻ തുടങ്ങി.
കെർസ്റ്റിൻ ഗർട്‌നറിന്‍റെ സുരക്ഷ ഉറപ്പാക്കാതെ, പ്ലാമ്പർഗർ സഹായം തേടി രാത്രി ഒറ്റയ്ക്ക് കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ. അടിയന്തര സേവനങ്ങളെ യഥാസമയം ബന്ധപ്പെടുന്നതിലും തോമസ് പരാജയപ്പെട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പിറ്റേന്ന് രാവിലെ തോമസ് തിരിച്ചെത്തി നടത്തിയ പരിശോധനയിൽ കെർസ്റ്റിൻ ഗർട്‌നറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തോമസ് സഹായം വിളിക്കാൻ വൈകിയെന്നും ഹെലികോപ്റ്റർ തിരച്ചിലിനിടെ രക്ഷാപ്രവർത്തകർക്ക് സിഗ്നൽ നൽകിയില്ലെന്നും അന്വേഷണോദ്യോഗസ്ഥർ ആരോപിക്കുന്നു. ഇരുവരുടെയും സുരക്ഷയ്ക്ക് ആവശ്യമായ അടിയന്തര ഉപകരണങ്ങൾ, പർവ്വതാരോഹണത്തിനിടെ കൈവശം ഉണ്ടായിരുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തോമസിന്‍റെ നിലപാട്. കഠിനമായ കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. കെർസ്റ്റിൻറെ സമ്മതത്തോടെയാണ് സഹായം തേടാനായി താൻ താഴേക്ക് പോയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കേസ് 2026 ഫെബ്രുവരിയിൽ ഇൻസ്ബ്രൂക്ക് റീജിയണൽ കോടതിയിൽ പരിഗണിക്കും. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പ്ലാമ്പർഗറിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.