
ഭാരം കുറയ്ക്കാൻ ആളുകൾ പലതരം ഡയറ്റുകളും വ്യായാമങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ചൈനയിലെ യുവാക്കൾക്കിടയിൽ പ്രചരിക്കുന്ന ഒരു ട്രെൻഡ് കേട്ടാൽ ആരും ഒന്ന് ഞെട്ടും. ഭക്ഷണം കഴിക്കുമ്പോൾ വായ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക, ഇതാണ് ആ പുതിയ വിചിത്ര രീതി. സോഷ്യൽ മീഡിയയിൽ ഈ ബിസാർ ഹാക്ക് വൈറലായതോടെ കടുത്ത ആരോഗ്യ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മെഡിക്കൽ വിദഗ്ധർ.
വായ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷം ഭക്ഷണം ചവയ്ക്കുന്ന രീതിയാണിത്. പ്ലാസ്റ്റിക് മൂടിയിരിക്കുന്നതിനാൽ ഭക്ഷണം വായയുടെ ഉള്ളിലേക്ക് പോകില്ല. ചവയ്ക്കുന്നതിലൂടെ ഭക്ഷണം കഴിച്ചു എന്ന് തലച്ചോറിനെ വിശ്വസിപ്പിക്കാൻ സാധിക്കുമെന്നും എന്നാൽ കലോറി ഉള്ളിലെത്തില്ലെന്നുമാണ് ഈ ട്രെൻഡ് പിന്തുടരുന്നവർ അവകാശപ്പെടുന്നത്. ഭക്ഷണം നന്നായി ചവച്ച ശേഷം ഇവർ അത് തുപ്പിക്കളയും. ഇങ്ങനെ ചെയ്യുന്നതിലൂടെ വിശപ്പ് മാറുമെന്നും ഭക്ഷണത്തോടുള്ള കൊതി കുറയുമെന്നും ഇവർ വിശ്വസിക്കുന്നു.
ഈ വൈറൽ ട്രെൻഡിനെക്കുറിച്ച് ഏഷ്യൻ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഹെഡ് ഡോ. സുനിൽ റാണ മനികൺട്രോളുമായി സംസാരിക്കവെ ഗൗരവകരമായ ചില കാര്യങ്ങൾ പങ്കുവെച്ചു. വായ പ്ലാസ്റ്റിക് കൊണ്ട് മൂടുമ്പോൾ അബദ്ധത്തിൽ പ്ലാസ്റ്റിക് ഉള്ളിലേക്ക് പോകാനും ശ്വാസതടസ്സം ഉണ്ടാകാനും വലിയ സാധ്യതയുണ്ടെന്നും, ഇത് മരണത്തിന് വരെ കാരണമായേക്കമെന്നും ഡോക്ടർ പറയുന്നു. പ്ലാസ്റ്റിക് മനുഷ്യശരീരത്തിന് ദഹിപ്പിക്കാൻ കഴിയില്ല. ഇത് ശരീരത്തിനുള്ളിലെത്തിയാൽ ആമാശയത്തിലോ കുടലിലോ തടസ്സങ്ങൾ ഉണ്ടാക്കാം. കൂടാതെ പ്ലാസ്റ്റിക് പുറത്തുവിടുന്ന ടോക്സിക് കെമിക്കലുകൾ കരളിനെയും തലച്ചോറിനെയും ഹോർമോണുകളെയും ദോഷകരമായി ബാധിക്കും. ഇങ്ങനെ ശരീരത്തിനുള്ളിലെത്തുന്ന പ്ലാസ്റ്റിക് കണികകൾ ഗുരുതരമായ ഇൻഫെക്ഷനുകൾക്കും കാരണമാകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമങ്ങളിലെ പെർഫെക്റ്റ് ബോഡി ഇമേജ് സങ്കൽപ്പങ്ങളാണ് യുവാക്കളെ ഇത്തരത്തിലുള്ള അത്യന്തം അപകടകരമായ പ്രവർത്തികളിലേക്ക് നയിക്കുന്നതെന്ന് ഡോക്ടർ വിശദീകരിക്കുന്നു. തങ്ങൾ കാണാൻ ഭംഗിയുള്ളവരായിരിക്കണം എന്ന സെൽഫ് ഇമ്പോസ്ഡ് പ്രഷർ പലരെയും അൺഹെൽത്തി ചോയിസുകളിലേക്ക് എത്തിക്കുന്നു. ഇന്ത്യയിലും ഇത്തരം തെറ്റായ ബോഡി ഇമേജ് ആശങ്കകൾ വളർന്നുവരുന്നത് ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാസ്റ്റിക് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഗവേഷണങ്ങൾ പറയുന്ന കാര്യങ്ങൾ:
ഭാരം കുറയ്ക്കാനായി ഇത്തരം അപകടകരമായ എളുപ്പവഴികൾ തേടരുത്. ആരോഗ്യകരമായ രീതിയിൽ ഡയറ്റ് നിയന്ത്രിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്താൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ആരോഗ്യപരമായ എന്ത് തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപും ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഉപദേശം തേടുക.