
ഏകദേശം പത്ത് വർഷം മുമ്പ് ഒരു തെരുവ് തൂപ്പുകാരന് നൽകിയ ഒന്നരക്കോടി രൂപ തിരികെ ആവശ്യപ്പെട്ട് ഒരു കോടീശ്വരൻ. ഏകദേശം 10 വർഷം മുമ്പ് അയാൾ കൊടുത്ത മുഴുവൻ പണവും പലിശ സഹിതം തിരികെ നൽകാൻ ഇപ്പോൾ കോടതിവിധിയായി. യുകെയിലുള്ള ജോൺ റാങ്കിൻ കോൺഫോർത്താണ് പലപ്പോഴായി ലോക്കൽ കൗൺസിലിന്റെ തെരുവ് തൂപ്പുകാരന് കോടികൾ നൽകിയത്. അദ്ദേഹത്തിന്റെ പേര് സൈമൺ ഡെനിയർ. ഇരുവരും ഒരുമിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്.
പിതാവ് മരിച്ചതോടെ അദ്ദേഹത്തിന്റെ സ്വത്തിന്റെ അനന്തരാവകാശി ജോണായി മാറി. അപ്രതീക്ഷിതമായി ജോണിന്റെ കൈയിൽ വന്ന് ചേർന്നത് ദശലക്ഷക്കണക്കിന് രൂപയാണ്. ഒരു ന്യൂ ഇയർ പാർട്ടിയിൽ വച്ച് അയാൾ ഡെനിയറിനെ കാണുന്നത്. 1979 -ലായിരുന്നു അത്. ഇരുവരും പെട്ടെന്ന് തന്നെ അടുത്തു. താമസിയാതെ ജോണിന്റെ കുടിക്കമ്പനിയായി ഡെനിയർ. ഇരുവരും സമ്പന്ന കുടുംബങ്ങളിൽ ജനിച്ചവരായിരുന്നു. എൽബ്രിഡ്ജിലെ മുൻ മേയറുടെ മകനാണ് ഡെനിയർ. എന്നാൽ, 2012 -ഓടെ ഇരുവരുടെയും ജീവിതം ആകെ മാറിമറിഞ്ഞു. ജോണിന് അദ്ദേഹത്തിന്റെ അച്ഛനിൽ നിന്ന് കോടിക്കണക്കിന് രൂപ അനന്തരാവകാശി എന്ന നിലയിൽ ലഭിച്ചപ്പോൾ, ഡെനിയറിന്റെ ബിസിനസ്സ് ആകെ തകർന്ന് അദ്ദേഹം തെരുവിലായി. പണം മുഴുവൻ നഷ്ടമായതോടെ അദ്ദേഹം കടക്കെണിയിൽ പെട്ടു. വീടും, ബിസിനസ് സാമ്രാജ്യവും നഷ്ടമായി.
ഭാര്യ ട്രേസി വിവാഹ മോചനത്തിന് കേസ് കൊടുത്തു. അദ്ദേഹം തെരുവ് തൂപ്പുകാരനായി മാറി. അപ്പോഴാണ് വിവാഹമോചനത്തിന്റെ ചെലവ് വഹിക്കാൻ തന്റെ ദരിദ്രനായ സുഹൃത്തിന് ജോൺ 26,300 പൗണ്ട് ആദ്യമായി കൈമാറുന്നത്. പിന്നെ അടുത്ത വർഷം ഭാര്യയുടെ സെറ്റിൽമെന്റ് തുകയായ 50,000 പൗണ്ടും ഡെനിയറിന് ജോൺ തന്നെയാണ് നൽകിയത്. സാമ്പത്തികമായി ആകെ തകർന്ന് ഇരിക്കുന്ന ഡെനിയറിന് 2014 -ൽ വീണ്ടും 125,000 പൗണ്ട് കൂടി ജോൺ നൽകി. വീടിന്റെ പേരിലുള്ള കടങ്ങൾ വീട്ടാനായിരുന്നു അത്. 2012 -നും 2014 -നും ഇടയിൽ അങ്ങനെ മൂന്ന് പ്രാവശ്യമായി ഡെനിയറിന് ജോൺ അകെ 200,000 പൗണ്ടോളം (1.9 കോടി) നൽകി.
അതേസമയം തനിക്ക് ലഭിച്ച പണത്തിന്റെ ഭൂരിഭാഗവും സമ്മാനമായി നൽകിയതാണെന്നും വായ്പയല്ലെന്നും ഡെനിയർ വാദിച്ചു. വിവാഹമോചനത്തിനായി വാങ്ങിയ പണം കടമായിട്ടാണെന്നും, എന്നാൽ പണയപ്പെടുത്തിയ വീട് തിരികെ എടുക്കാൻ ജോൺ നൽകിയ തുക കടമല്ലെന്നും, മറിച്ച് തനിക്കൊരു സമ്മാനമായിട്ടാണ് തന്നതെന്നും ഡെനിയർ അവകാശപ്പെട്ടു. വാങ്ങിയ തുക തിരികെ നല്കാൻ അയാൾ കൂട്ടാക്കാതായതോടെയാണ് ജോണിന് കോടതിയെ സമീപിക്കേണ്ടി വന്നത്.
അതേസമയം തെരുവ് തൂപ്പുകാരനായ ഡെനിയറെ സംബന്ധിച്ചിടത്തോളം, അത് ഒരു വലിയ തുകയാണെന്നും, പണം തിരികെ അടക്കാൻ തന്റെ കക്ഷിയ്ക്ക് സാധിക്കില്ലെന്നും ഡെനിയന്റെ അഭിഭാഷകൻ വാദിച്ചു. മുഴുവൻ വായ്പയും പത്ത് വർഷത്തിൽ തിരികെ നൽകണമെന്ന വാക്കാലുള്ള ഉറപ്പിലാണ് കടം നൽകിയതെന്നും, കുടുംബ സ്വത്ത് ലഭിക്കുമ്പോൾ ഡെനിയർ പണം തിരികെ നല്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു താനെന്നും ജോൺ വാദിച്ചു. ഒടുവിൽ ഇപ്പോൾ കടം വീട്ടാൻ നൽകിയ തുക ലോൺ ആയിരുന്നു, സമ്മാനമല്ലെന്നും, അതിനാൽ അത് പലിശ സഹിതം തിരിച്ചടക്കേണ്ടിവരുമെന്നും കോടതി വിധിച്ചിരിക്കയാണ്.