
സ്വകാര്യ ചിത്രങ്ങളും നിമിഷങ്ങളും ജാപ്പനീസ് ആനിമേഷന്‍ ചിത്രമായ ഗിബ്ലിയിലേക്ക് മാറ്റുന്നതായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിംഗ്. എന്നാല്‍. ഗിബ്ലി ആനിമേഷന്‍ രീതിയുടെ ഉപജ്ഞാതാക്കൾ ഈ സമൂഹ മാധ്യമ ട്രെന്‍റിനെതിരെ രംഗത്ത് വന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഗിബ്ലിക്ക് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ ഇപ്പോൾ മറ്റാരു ട്രെന്‍റിന് പിന്നാലെയാണ് അതാണ് 'നാനോ ബനാന'. പെട്ടെന്ന് കേൾക്കുമ്പോൾ എന്ത് 'ബനാനാ റിപ്പബ്ലിക്കോ' എന്ന് തെറ്റിദ്ധരിക്കേണ്ട. ഇത് പുതിയ ട്രെന്‍റ് 'നാനോ ബനാന'.
എഐ പ്ലാറ്റ്‌ഫോമുകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഡാറ്റകൾ ശേഖരിക്കുമ്പോൾ മാത്രമാണ് എഐ പദ്ധതികൾക്ക് കൂടുതല്‍ കൃത്യതയോടെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ഇത്തരത്തിൽ പുറത്ത് വരുന്ന ഓരോ അപ്‌ഡേറ്റും പുതിയ വൈറൽ ട്രെൻഡുകൾക്ക് ആക്കം കൂട്ടുന്നു. ഏറ്റവും പുതിയ അത്തരമൊരു അപ്ഡേറ്റാണ് ഗൂഗിളിന്‍റെ നാനോ ബനാന ഫോട്ടോകളെ 3D പ്രതിമകളാക്കി മാറ്റുന്ന രീതി. ഇൻസ്റ്റാഗ്രാമിലും എക്‌സിലും ദശലക്ഷക്കണക്കിന് പേരാണ് പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ ആളുകൾ ഈ ട്രെന്‍റ് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നവെന്നതാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന നാനോ ബനാന ശില്പങ്ങളും വ്യക്തമാക്കുന്നത്.
ഒരു ഫോട്ടോ, അതെന്തുമാകട്ടെ അതിനെ പ്രതിമയാക്കി നല്‍കും. അതും 3D രൂപത്തിലുള്ള പ്രതിമ. ഫോട്ടോയിൽ എന്താണോ ഉള്ളത് അത് അതേപടി പ്രതിമയായി ലഭിക്കും. സ്വന്തം ചിത്രങ്ങളും കുടുംബ ചിത്രങ്ങളും ഇത്തരത്തില്‍ ചെറിയ ശില്പങ്ങളാക്കി മാറ്റുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക X ഹാൻഡിൽ നിന്നുള്ള ഒരു ട്വീറ്റിൽ പറയുന്നത്, ഒരു പ്രോംപ്റ്റിൽ ഫോട്ടോയിൽ നിന്ന് പ്രതിമയുടെ ശൈലിയിലേക്ക് മാറാം എന്നാണ്.
ആളുകൾക്ക് അവരുടെ ഫോട്ടോകൾ ഇഷ്ടാനുസൃത മിനിയേച്ചർ രൂപങ്ങളുടെ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിയുന്നു. നിങ്ങളുടെ ഒരു ചിത്രം, ഒരു രസകരമായ പ്രകൃതി ഫോട്ടോ, ഒരു കുടുംബ ഫോട്ടോ, അല്ലെങ്കിൽ നിങ്ങളുടെ നായ്ക്കുട്ടിയുടെ ഒരു ചിത്രം ഇങ്ങനെ എന്തും നാനോ ബനാനയിലൂടെ പരീക്ഷിക്കാന്‍ കഴിയുമെന്നാണ്. ഫോട്ടോകളില്‍ നിന്നും ജീവന്‍ തുടിക്കുന്ന ശില്പങ്ങളിലേക്കുള്ള കൂടുമാറ്റും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇങ്ങനെ നിര്‍മ്മിക്കുന്ന പ്രതിമകള്‍ ആകർഷകമായ പാക്കിംഗില്‍ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നു.
ജെമിനി 2.5 ഫ്ലാഷിൽ പ്രവർത്തിക്കുന്ന ഒരു AI ഇമേജ് എഡിറ്ററാണ്. ആദ്യപടിയായി നിങ്ങൾ മൊബൈൽ ആപ്പിലോ വെബ്‌സൈറ്റിലോ ഗൂഗിൾ ജെമിനി തുറന്ന് ലോഗിൻ ചെയ്യുക. പിന്നീട് നിങ്ങൾക്ക് പ്രതിമയാക്കേണ്ട ചിത്രം അതില്‍ അപ്‍ലോഡ് ചെയ്യുക. ചിത്രം അപ്‌ലോഡ് ചെയ്‌ത് കഴിഞ്ഞാൽ, പ്രോംപ്റ്റ് നൽകുക. പ്രോംപ്റ്റിനായി 'ചിത്രത്തിലെ കഥാപാത്രങ്ങളുടെ 1/7 സ്കെയിലിലുള്ള ഒരു പ്രതിമ ചെയ്ത് തരാന്‍ ആവശ്യപ്പെടുക.' പിന്നാലെ നമ്മൾ നല്‍കിയ പ്രോംപ്റ്റിന് അനുസരിച്ചുള്ള പ്രതിമയുടെ ഒരു രൂപം സ്ക്രീനില്‍ തെളിയുന്നു.
പിന്നാലെ ജനറേറ്റ് ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ എഐ ടൂൾ നിമിഷങ്ങൾക്കുള്ളിൽ ഒരു 3D ശില്പം സൃഷ്ടിക്കുന്നതുവരെ കാത്തിരിക്കുക. നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, അതിനെ പരിഷ്ക്കരിക്കുന്നതിന് ആവശ്യമായ കൂടുതല്‍ നിർദ്ദേശങ്ങൾ നല്‍കാം. മികച്ച ഫലങ്ങൾക്കായി നല്ല തെളിമയുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ചിത്രങ്ങൾ വേണം ഉപയോഗിക്കാന്‍. നിങ്ങളുടെ 3D പ്രതിമ ഏതെങ്കിലും പ്രത്യേക രീതിയിൽ വേണെന്നുണ്ടെങ്കില്‍ അതിന് അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങൾ വേണം നല്‍കാന്‍. നിലവില്‍ നാനോ ബനാന സൗജന്യമാണ്.