നെഹ്റുവില്‍ തുടങ്ങി രാഹുല്‍ വരെ! നാഷണല്‍ ഹെരാള്‍ഡ് എന്താണ്, എന്തിനാണ് കേസ്; അറിയാം വിശദമായി

By Veena ChandFirst Published Jul 27, 2022, 3:30 PM IST
Highlights

സ്വതന്ത്ര ഇന്ത്യയെക്കാള്‍ പഴക്കമുള്ളൊരു കമ്പനി, പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളൊരു പത്രം, അതിന്‍റെ ഉടമസ്ഥാവകാശ കൈമാറ്റം, പുതിയൊരു കമ്പനിയുടെ ഉദയം, കോടികളുടെ പണമിടപാട്, കണക്കിലെ ആശയക്കുഴപ്പങ്ങള്‍, വാദപ്രതിവാദങ്ങള്‍, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ആരോപണങ്ങള്‍.....ഇങ്ങനെയൊക്കെ ചുരുക്കിപ്പറയാവുന്ന ഒന്നാണ് നാഷണല്‍ ഹെരാള്‍ഡ് കേസ്.

നാഷണല്‍ ഹെരാള്‍ഡ് കേസുമായി ബന്ധപ്പെട്ടുള്ള ഇഡി നടപടിക്കെതിരെ രാജ്യമെമ്പാടും കോണ്‍ഗ്രസിന്‍റെ പ്രതിഷേധം ശക്തമാകുകയാണ്. രാഹുലിനു പിന്നാലെ സോണിയാ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യുന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവച്ച പത്രത്തെ പതിറ്റാണ്ടുകള്‍ക്കിപ്പുറം അഴിമതിയോട് ചേര്‍ത്ത് വായിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ കെട്ടുകഥയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോടികളുടെ അഴിമതിയാണ് ഗാന്ധികുടുംബം നടത്തിയതെന്ന് ശക്തമായ ഭാഷയില്‍ ബിജെപി തിരിച്ചടിക്കുന്നു.

ചരിത്രം തിരഞ്ഞാല്‍....

സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലം, വര്‍ഷം 1937..അന്നാണ് സമരനേതാക്കളായ 5000 പേരെ കൂടെക്കൂട്ടി ജവഹര്‍ലാല്‍ നെഹ്റു അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് അഥവാ എജെഎല്‍ എന്ന കമ്പനി രൂപീകരിച്ചത്. നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1938ല്‍ എജെഎല്‍, നാഷണല്‍ ഹെരാള്‍ഡ് എന്ന പത്രം ആരംഭിച്ചു. ഇംഗ്ലീഷില്‍ നാഷണല്‍ ഹെരാള്‍ഡ്, ഉറുദുവില്‍ ക്വാമി ആവാസ് ഹിന്ദിയില്‍ നവജീവന്‍ - മൂന്ന് പത്രങ്ങളാണ് എജെഎല്‍ എന്ന പ്രസാധകരില്‍ നിന്ന് ജനങ്ങളിലേക്കെത്തിയത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അതിശക്തമായ ഭാഷയില്‍ ലേഖനങ്ങള്‍ പത്രത്തിലൂടെ ജനങ്ങളിലേക്കെത്തി. 1942ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം മൂലം പത്രം നിര്‍ത്തേണ്ടിവന്നു. പക്ഷേ, മൂന്നു വര്‍ഷത്തിനു ശേഷം കൂടുതല്‍ കരുത്താര്‍ജിച്ച് പത്രം പ്രസിദ്ധീകരണം പുനരാരംഭിച്ചു. 

1947ല്‍ സ്വാതന്ത്ര്യലബ്ധിയോടെ എജെഎല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചാണ് ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്രഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നാഷണല്‍ ഹെരാള്‍ഡ് പത്രം മുന്നോട്ടു വച്ച ആശയവും പ്രത്യയശാസ്ത്രവും രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടര്‍ന്നും വലിയ പങ്ക് വഹിച്ചുപോന്നു. പ്രധാനമന്ത്രിയാകുന്നതുവരെ നെഹ്റു നാഷണല്‍ ഹെരാള്‍ഡില്‍ മുഖപ്രസംഗങ്ങളെഴുതിയിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ നാവായി നെഹ്റു ആ പത്രത്തെ കണ്ടിരുന്നു എന്ന് വേണം പറയാന്‍. കുഷ്വന്ത് സിംഗ്, എ ചലപതി റാവു, മലയാളിയായ പി തര്യന്‍ തുടങ്ങിയ പ്രഗത്ഭരൊക്കെ അവിടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിദ്ധീകരണത്തിന്‍റെ 70ാം വര്‍ഷത്തില്‍, 2008 ഏപ്രില്‍ ഒന്നിനാണ് നാഷണല്‍ ഹെരാള്‍ഡ് അച്ചടി നിര്‍ത്തിയത്. സാമ്പത്തിക പ്രതിസന്ധിയായിരുന്നു അച്ചടി നിര്‍ത്താന്‍ കാരണം. 90 കോടിയിലധികം രൂപയുടെ കടബാധ്യത എജെഎലിനുണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 

ദില്ലി ബഹാദൂർ സഫർ മാ‍ർഗിലെ ഹെരാൾഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ്. ദില്ലി,ലഖ്നൗ,ഭോപാൽ,മുംബൈ, ഇൻഡോർ, പട്ന എന്നിവിടങ്ങളിൽ വമ്പിച്ച ഭൂസ്വത്തും കമ്പനിക്കുണ്ടായിരുന്നു. 2010 സെപ്തംബർ 29 ലെ കണക്കനുസരിച്ച് 1057 ഓഹരി ഉടമകളാണ് അസ്സോസ്സിയേറ്റഡ് ജേര്‍ണൽസ് പ്രസ്സിനുണ്ടായിരുന്നത്. 2002 മാർച്ച് 22 മുതൽ മോത്തിലാൽ വോറ ആയിരുന്നു കമ്പനിയുടെ ചെയർമാൻ. 

എജെഎല്‍ മായുന്നു, യങ് ഇന്ത്യ തെളിയുന്നു...

2010 നവംബര്‍ 23നാണ് യങ് ഇന്ത്യ കമ്പനി തുടങ്ങിയത്. നാഷണല്‍ ഹെരാള്‍ഡിന്‍റെ കെട്ടിടത്തില്‍ തന്നെയായിരുന്നു യങ് ഇന്ത്യയുടെ ഓഫീസ്. അഞ്ച് ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച കമ്പനിയില്‍ അതേവര്‍ഷം ഡിസംബറില്‍ രാഹുല്‍ ഗാന്ധി ഡയറക്ടറായി നിയമിതനായി. 2011 ജനുവരിയില്‍ സോണിയാ ഗാന്ധി ഡയറക്ടര്‍ ബോര്‍ഡ് അംഗമായും സ്ഥാനമേറ്റു. കമ്പനിയുടെ 76 ശതമാനവും സോണിയയുടെയും രാഹുലിന്‍റെയും പേരിലാണ്. 12 ശതമാനം വീതം ഓഹരികള്‍ ഓസ്കര്‍ ഫെര്‍ണാണ്ടസിന്‍റെയും മോത്തിലാല്‍ വോറയുടെയും പേരിലാണ്. 

കോണ്‍ഗ്രസ് ചെയ്തത്...

സാമ്പത്തിക പ്രതിസന്ധിയില്‍ ഇല്ലാതായ നാഷണല്‍ ഹെരാള്‍ഡിന്‍റെ പ്രസിദ്ധീകരണം വീണ്ടും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നെന്ന കാരണത്താല്‍ തന്നെ പത്രം വഹിച്ച പങ്ക് വളരെ വലുതാണെന്ന വിലയിരുത്തലായിരുന്നു തീരുമാനത്തിന് പിന്നിലെ കാരണം. പാര്‍ട്ടിക്കുള്ളിലെ കമ്പനി എന്ന നിലയ്ക്ക് എജെഎലിന് കോണ്‍ഗ്രസ് 90 കോടി രൂപ പലിശ രഹിത വായ്പ അനുവദിച്ചു. എജെഎല്‍ കമ്പനിയുടെ ബാധ്യതകള്‍ തീര്‍ത്ത് പത്രം വീണ്ടും ആരംഭിക്കുക എന്നതായിരുന്നു ഏല്‍പ്പിച്ച ദൗത്യം. എന്നാല്‍, പൈസ തിരിച്ചടയ്ക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. 

ഇനിയാണ് യങ് ഇന്ത്യ ചിത്രത്തിലേക്ക് വരുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായ ഡോട്ടക്സ് കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ വായ്പയായി വാങ്ങിയ യങ്ഇന്ത്യ അതില്‍ 50 ലക്ഷം രൂപ കോണ്‍ഗ്രസിന് നല്‍കി. അങ്ങനെ 90 കോടി രൂപ ബാധ്യതയുണ്ടായിരുന്ന എജെഎല്‍ ഏറ്റെടുത്തു. എജെഎല്ലിന്‍റെ സ്വത്തുവകകള്‍ യങ് ഇന്ത്യയുടെ പേരിലേക്ക് മാറ്റിയെഴുതി. ഹെരാള്‍ഡ് ഹൗസും മറ്റ് ഭൂസ്വത്തുക്കളുമെല്ലാം ഇതിലുള്‍പ്പെടും. 

Read Also: 'സോണിയയുടെ പ്രായവും ആരോഗ്യവും പരിഗണിക്കാതെ ചോദ്യംചെയ്യൽ, നിയമം ദുരുപയോഗിക്കുന്നു': ഇഡിക്കെതിരെ കോൺഗ്രസ് 

എന്താണ് നാഷണല്‍ ഹെരാള്‍ഡ് കേസ്

നാഷണല്‍ ഹെരാള്‍ഡ് പത്രത്തിന്‍റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ പുതിയതായി രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി ആരോപണം ഉയര്‍ത്തി. 2012 നവംബറിലാണ് ഇതു സംബന്ധിച്ച പരാതിയുമായി അദ്ദേഹം രംഗത്തെത്തിയത്. വെറും 50 ലക്ഷം രൂപ നൽകിയാണ് 2000 കോടിയോളം രൂപയുടെ ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനം യങ് ഇന്ത്യ ഏറ്റെടുത്തത് എന്ന് ചൂണ്ടിക്കാട്ടി സ്വാമി കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഉടമസ്ഥാവകാശ കൈമാറ്റം ഓഹരിയുടമകളറിയാതെയായിരുന്നെന്നും സുബ്രഹ്മണ്യന്‍സ്വാമി ആരോപിച്ചു. 

യങ് ഇന്ത്യ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി കോടികള്‍ വിലമതിക്കുന്ന എജെഎലിനെ സോണിയയും രാഹുലും അവരുടെ വിധേയരുമടങ്ങുന്ന സംഘം തുച്ഛമായ തുകയ്ക്ക് കൈവശപ്പെടുത്തി എന്നാണ് കേസ്. രാഷ്ട്രീയ പാർട്ടികൾക്ക് വാണിജ്യ ആവശ്യങ്ങൾക്കായി പണം നൽ‌കാൻ അനുവാദമില്ലെന്നും കോൺഗ്രസ് യങ് ഇന്ത്യക്ക് വായ്പ നല്‍കിയത് നിയമവിരുദ്ധമായാണെന്നും സ്വാമി പറയുന്നു. പത്രപ്രവര്‍ത്തനത്തിനായി 
വിട്ടുനല്‍കിയ കെട്ടിടം പാസ്പോര്‍ട്ട് സേവാ കേന്ദ്രമാക്കി മാറ്റിയതും സുബ്രഹ്മണ്യന്‍ സ്വാമി ചോദ്യം ചെയ്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 

കേസ് റദ്ദാക്കണമെന്നു കാണിച്ച് സോണിയാ ഗാന്ധിയും രാഹുലും കോടതിയിൽ പരാതി സമർപ്പിച്ചു. എന്നാല്‍, കേസെടുക്കാൻ പ്രഥമദൃഷ്ടിയാൽ തെളിവുകളുണ്ടെന്നു കോടതി നിരീക്ഷിച്ചു. രാഹുലിനോടും, സോണിയയോടും കോടതിയിൽ ഹാജരായി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കോടതി സമന്‍സ് അയച്ചു. 2014 ഓഗസ്റ്റ് ഏഴാം തീയതിക്കു മുമ്പായി കോടതിയിൽ ഹാജരാവാൻ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ്, സുമൻ ദുബേ, സാം പിത്രോദ എന്നിവരോട് ദില്ലി കോടതി ജഡ്ജിയായ  ഗോമതി മനോക്ഷ നിര്‍ദ്ദേശം നല്‍കി. ജനങ്ങളുടെ പണം, സ്വകാര്യമായി കയ്യടക്കാൻ വേണ്ടി രൂപം കൊടുത്ത ഒരു തട്ടിപ്പു കമ്പനി മാത്രമാണ് യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപ്പട്ടികയിലുള്ള എല്ലാവരും ഈ തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തി എന്നും കോടതി കണ്ടെത്തി.

2014 ജൂലൈയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി സമന്‍സ് സ്റ്റേ ചെയ്തു. തെളിവുകളുടെ അപര്യാപ്തത മൂലം 2015ല്‍ കേസ് അവസാനിപ്പിച്ചു. എന്നാല്‍, 2015ല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി മോദി സര്‍ക്കാര്‍ സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ അന്വേഷണം തുടര്‍ന്നു. കേസിലുള്‍പ്പെട്ട പ്രതികളെല്ലാം ക്രിമിനല്‍ നടപടികളെല്ലാം നേരിടണമെന്ന് 2016 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടു. 

മോത്തിലാല്‍ വോറയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവായി. 2021ല്‍ ഓസ്കര്‍ ഫെര്‍ണാണ്ടസും അന്തരിച്ചു. 

Read Also: നാഷണൽ ഹെരാൾഡ് കോൺഗ്രസിന്റെ ആഭ്യന്തര വിഷയം; സോണിയയെ കേന്ദ്രഏജൻസികളെ വെച്ച് പീഡിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി

സമാന്തരമായി നീങ്ങി ഇഡിയും ഇന്‍കം ടാക്സും...

സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിന്മേല്‍ ദില്ലി പട്യാല ഹൗസ് കോടതിയില്‍ നിയമനടപടി ആരംഭിച്ചതിനൊപ്പം തന്നെ കേസിലെ കള്ളപ്പണം, നികുതി വെട്ടിപ്പ് സാധ്യതകളില്‍ ശ്രദ്ധയൂന്നി ഇഡിയും ഇന്‍കംടാക്സ് വകുപ്പും അന്വേഷണം തുടങ്ങി. 2014ലാണ് സംഭവത്തില്‍ ഇഡി അന്വേഷണം തുടങ്ങിയത്. ഓഹരിക്കൈമാറ്റത്തിലെ വെട്ടിപ്പ്, എജെഎലി‍ന് കോണ്‍ഗ്രസ് നല്‍കിയ 90 കോടി രൂപയുടെ വായ്പ സംബന്ധിച്ച നിയമവശങ്ങള്‍, സോണിയയും രാഹുലും വ്യക്തിപരമായി സാമ്പത്തിക ലാഭമുണ്ടാക്കിയോ തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയിലുണ്ട്. 

ഡോട്ടക്സ് കമ്പനിയുമായുള്ള പണമിടപാടിനെയും ആദായനികുതി വകുപ്പ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ചെക്ക് വാങ്ങി പണം നല്‍കുന്ന ഡോട്ടക്സ് ഹവാല കമ്പനിയാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. അതിനിടെ, 2008 മുതല്‍ എജെഎല്‍ പത്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കെട്ടിടത്തിലെ വാടകക്കാരില്‍ നിന്ന് വാടക പിരിച്ചെടുക്കുക മാത്രമാണ് ചെയ്തതെന്നും ഇഡി പറയുന്നു. അതു കൊണ്ട് തന്നെ ഇതൊരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും ഇഡി ആരോപിക്കുന്നു. 

2017 ഒക്ടോബറില്‍ യങ് ഇന്ത്യ 249 കോടി നികുതിയിനത്തില്‍ അടയ്ക്കണമെന്ന് ഇന്‍കം ടാക്സ് വകുപ്പ് ഉത്തരവിട്ടിരുന്നു. 413 കോടിയുടെ വസ്തുകൈമാറ്റം നടത്തിയ സംഭവത്തിലാണ് ഉത്തരവ്. എന്നാല്‍, ഇങ്ങനെയൊരു കൈമാറ്റം നടന്നു എന്നത് യങ് ഇന്ത്യ നിഷേധിച്ചു. അതേസമയം, ഹെരാള്‍ഡ് ഹൗസിലെ വാടകക്കരാറുകള്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍, ഈ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.  പ്രാദേശിക കോടതികള്‍, ഹൈക്കോടതികള്‍, സുപ്രീം കോടതി എന്നിവിടങ്ങളിലായി അന്വേഷണവും വാദപ്രതിവാദങ്ങളുമായി കേസ് നീണ്ടുപോകുകയാണ്. 

Read Also: കോൺഗ്രസ് പ്രതിഷേധം, ദില്ലിയിൽ ഇന്നും നാടകീയ രംഗങ്ങൾ, എംപിമാർ അറസ്റ്റിൽ 

കോണ്‍ഗ്രസ് പറയുന്നത്....

നാഷണല്‍ ഹെരാള്‍ഡുമായി ബന്ധപ്പെട്ട കേസുകളെല്ലാം അടിസ്ഥാനരഹിതമാണ് എന്നാണ് കോണ്‍ഗ്രസ് അന്നു തൊട്ടിന്നുവരെയും വാദിക്കുന്നത്. സേവനം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് യങ് ഇന്ത്യ കമ്പനി സ്ഥാപിച്ചതെന്നും ലാഭത്തിനുവേണ്ടിയല്ലെന്നും പാര്‍ട്ടി പറയുന്നു. ഓഹരിക്കൈമാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു. രാഷ്ട്രീയലാഭത്തിനായി കേന്ദ്രസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമുണ്ട്. 

ഏറ്റവും പുതിയത്....

കേസുമായി ബന്ധപ്പെട്ട് ഇഡി കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നതാണ് നാഷണല്‍ ഹെരാള്‍ഡ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പവന്‍ ബന്‍സാലിനെയും ഇഡി ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതും എതിര്‍പ്പിനു കാരണമായി. 

Read Also: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

click me!