വർഷങ്ങളായിട്ടും അണയാത്ത തീ; നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അസർബൈജാനിലെ മലനിര

By Web TeamFirst Published Jan 17, 2023, 2:59 PM IST
Highlights

കുന്നിൻ ചെരുവിൽ ആളിപ്പടരുന്ന തീയ്ക്ക് സമീപത്തായി ഒരു സ്ത്രീ നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. മണ്ണിനടിയിൽ നിന്നും തീ കത്തുന്നത് ഈ വീഡിയോയിൽ വ്യക്തമായും കാണാം.

ഒരു ശാസ്ത്രത്തിനും ഇന്നേവരെയും ഉത്തരം കണ്ടെത്താനാകാത്ത നിരവധി നിഗൂഢതകളുടെ ഒരു കലവറയാണ് നമ്മുടെ പ്രകൃതി. പലപ്പോഴും ഉത്തരം കിട്ടാത്ത ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഒന്നാണ് അസർബൈജാനിലെ യാനാർ ഡാഗ് എന്നറിയപ്പെടുന്ന മലനിര. 'ജ്വലിക്കുന്ന കുന്ന്' എന്നാണ് ഇത് അറിയപ്പെടുന്നത്. 

അതിനു കാരണവും മറ്റൊന്നുമല്ല വർഷങ്ങളായി ഈ മലനിര അഗ്നിബാധയിലാണ്. 1950 -കൾ മുതലാണ് ഈ തീ കത്തുന്നത് എന്ന് പറയപ്പെടുന്നു. വർഷത്തെ കുറിച്ച് വേറെയും അഭിപ്രായങ്ങളുണ്ട്. മഞ്ഞുവീഴ്ചയും കനത്ത മഴയും തണുത്ത കാറ്റും ഒന്നും ഇതുവരെയും ഈ മലനിരയിൽ ആളിക്കത്തുന്ന തീയെ അണച്ചിട്ടില്ല എന്നാണ് പറയുന്നത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിൽ സ്ഥിതി ചെയ്യുന്ന അസർബൈജാനിലെ അബ്ഷെറോൺ പെനിൻസുലയിലാണ് യാനാർ ഡാഗ് എന്ന ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. നിലവിൽ കുന്നിന്റെ അടിഭാഗത്ത് 10 മീറ്റർ ചുറ്റളവിലാണ് തീ കത്തുന്നത്. 

പ്രകൃതി വാതകത്താൽ സമ്പന്നമായ രാജ്യമാണ് അസർബൈജാൻ. ഈ വാതക ചോർച്ചയാകാം അഗ്നിബാധയ്ക്ക് ഒരു കാരണം എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഈ തീ എങ്ങനെ അണക്കാം എന്നതിനെ കുറിച്ച് ഇതുവരെയും കണ്ടെത്തലുകൾ ഒന്നും നടത്തിയിട്ടില്ല. നിരന്തരമായ ഈ അഗ്നിബാധ കാരണം അസർബൈജാൻ പലപ്പോഴും 'അഗ്നി നാട്' എന്നാണ് വിളിക്കപ്പെടുന്നത്. 

അസർബൈജാനിലെ യാനാർ ഡാഗ് കുന്നിൽ നിന്ന് ഉള്ളതാണെന്ന് പറയപ്പെടുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം just.hasley.things എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. കുന്നിൻ ചെരുവിൽ ആളിപ്പടരുന്ന തീയ്ക്ക് സമീപത്തായി ഒരു സ്ത്രീ നിൽക്കുന്നതാണ് വീഡിയോയിൽ. മണ്ണിനടിയിൽ നിന്നും തീ കത്തുന്നത് ഈ വീഡിയോയിൽ വ്യക്തമായും കാണാം. ഭൂമിക്കടിയിൽ നിന്നും ഉയരുന്ന ഈ തീ തീർത്തും പ്രകൃതിദത്തമാണ് എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ കണ്ടവരിൽ പലരും അഗ്നി വിഴുങ്ങിയ അസർബൈജാനെ കുറിച്ചുള്ള അമ്പരപ്പ് പങ്കുവെച്ചു.

click me!