
ഒരു മധ്യവർഗ്ഗ കുടുംബത്തിന് പോലും കൈയിലുള്ള പണം കൊണ്ട് സ്വന്തമായൊരു വീട് പണിയാൻ ഇന്ന് സാധ്യമല്ല. സാധനങ്ങളുടെ വിലക്കൂടുതൽ തന്നെ പ്രധാന കാരണം. സ്വാഭാവികമായും വീട് പണിയാൻ ആളുകൾ ബാങ്ക് ലോണുകളെ ആശ്രയിക്കുന്നു. എന്നാൽ, 1.17 കോടിയുടെ ഹോം ലോൺ (Home Loans) പ്രോസസ് ചെയ്യാൻ ഫീസായി ബാങ്ക് 1 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. സാധാരണയായി ലോൺ എടുക്കുമ്പോൾ ബാങ്കിന്‍റെ പലിശയെ കുറിച്ചാണ് ആളുകൾ അധികവും ആശങ്കപ്പെടാറ്. എന്നാൽ, പലിശയ്ക്ക് പുറമെ ബാങ്കുകൾ ഈടാക്കുന്ന പ്രോസസിങ് ഫീസുകൾ പലപ്പോഴും സാധാരണക്കാർക്ക് വലിയൊരു ബാധ്യതയായി മാറാറുണ്ടെന്നതാണ് യാഥാർത്ഥ്യം.
ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റാണ് ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. താൻ ഒരു പ്രമുഖ ബാങ്കിൽ നിന്നും 1.17 കോടി രൂപയുടെ ഹോം ലോണിനായി അപേക്ഷിച്ചെന്നും അപ്പോൾ ബാങ്ക് പ്രോസസിങ് ഫീസായി മാത്രം ആവശ്യപ്പെട്ടത് 1.02 ലക്ഷം രൂപയാണെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. ഇത്രയും വലിയ തുക പ്രോസസിങ് ഫീസായി നൽകേണ്ടതുണ്ടോയെന്നും, ഇത് സാധാരണ രീതിയിലുള്ളതാണോയെന്നും ചോദിച്ച് കൊണ്ടാണ് ഇദ്ദേഹം റെഡ്ഡിറ്റിൽ ഉപദേശം തേടിയത്.
ഹോം ലോൺ തുകയുടെ ഒരു നിശ്ചിത ശതമാനമാണ് സാധാരണയായി ബാങ്കുകൾ പ്രോസസിങ് ഫീസായി ഈടാക്കാറുള്ളത്. എന്നാൽ, പല ബാങ്കുകളും വലിയ തുകകളുടെ വായ്പയ്ക്ക് ഈ ഫീസിൽ വലിയ ഇളവുകൾ നൽകാറുണ്ട് അല്ലെങ്കിൽ ഒരു നിശ്ചിത തുകയായി (Flat fee) ഇതിനെ പരിമിതപ്പെടുത്തും. അപേക്ഷകന്‍റെ ഉയർന്ന സിബിൽ സ്കോർ (CIBIL Score), മികച്ച ഔദ്യോഗിക പശ്ചാത്തലം എന്നിവ കണക്കിലെടുത്ത് ഇത്തരം ഫീസുകൾ പൂർണ്ണമായി ഒഴിവാക്കി നൽകാനും ബാങ്കുകൾക്ക് അധികാരമുണ്ട്.
കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇത്തരം ബാങ്ക് ചാർജ്ജുകളെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ബാങ്കുകൾ ആവശ്യപ്പെടുന്ന പ്രോസസിങ് ഫീസ് പൂർണ്ണമായും വിലപേശാൻ (Negotiable) കഴിയുന്ന ഒന്നാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മറ്റ് ബാങ്കുകളിലെ നിരക്കുകളുമായി താരതമ്യം ചെയ്ത് സംസാരിച്ചാൽ ഈ തുക വലിയ രീതിയിൽ കുറച്ച് കിട്ടുമെന്നും നെറ്റിസൺസ് യുവാവിനെ ഉപദേശിച്ചു.
A man applied for a ₹1.17 crore home loan
He thought the biggest expense would be the EMIs.
But when the bank informed him that the processing fee alone would be ₹100,079
his attention shifted from the loan amount to that single charge.
Over ₹1 lakh just as a processing… pic.twitter.com/yIactlI19R— Pooja (@poojaofficial5) June 19, 2026
ചിലർ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും പങ്കുവച്ചു. ഒരു ലക്ഷം രൂപ പ്രോസസിങ് ഫീസ് എന്നത് വളരെ കൂടുതലാണെന്നും, മറ്റ് പൊതുമേഖലാ ബാങ്കുകളിലോ സ്വകാര്യ ബാങ്കുകളിലോ ഇതിലും വളരെ കുറഞ്ഞ നിരക്കിൽ ലോൺ ലഭ്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു ഉപയോക്താവ് കുറിച്ചത്, "മറ്റ് ബാങ്കുകൾ പരമാവധി 5,000 രൂപയോ 10,000 രൂപയോ മാത്രം പ്രോസസിങ് ഫീസ് വാങ്ങുമ്പോൾ ഇത്രയും വലിയ തുക നൽകേണ്ടതില്ല. ബാങ്കുമായി സംസാരിച്ചാൽ ഇത് പതിനായിരത്തിൽ താഴെയായി കുറയ്ക്കാൻ സാധിക്കും. ഇല്ലെങ്കിൽ ലോൺ അപേക്ഷ റദ്ദാക്കുമെന്ന് പറയുക, അവർ തനിയെ ഫീസ് കുറച്ചു തരും." എന്നായിരുന്നു. മറ്റൊരു റെഡ്ഡിറ്റ് ഉപയോക്താവ് വ്യക്തമാക്കിയത് തനിക്ക് 1.2 കോടി രൂപയുടെ ലോണിന് വെറും 5,000 രൂപ മാത്രമാണ് പ്രോസസിങ് ഫീസ് ഇനത്തിൽ ചിലവായത് എന്നാണ്. അതിനാൽ ബാങ്കുകൾ ആദ്യമേ പറയുന്ന വലിയ തുകകൾ ഭയന്ന് അതേപടി നൽകരുതെന്നും ശക്തമായി വിലപേശണമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ലോൺ പ്രോസസിങ് ഫീസിന് പുറമെ ഡോക്യുമെന്റേഷൻ ചാർജുകൾ, ലീഗൽ ഫീസ്, വാല്യൂവേഷൻ ചാർജുകൾ എന്നിവയുടെ പേരിലും ബാങ്കുകൾ പണം ഈടാക്കാറുണ്ടെന്നും, അതിനാൽ വായ്പയെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി ചോദിച്ച് മനസ്സിലാക്കണമെന്നും വിദഗ്ദ്ധർ ഉപദേശിക്കുന്നു. ഉപഭോക്താക്കൾക്ക് മികച്ച സിബിൽ സ്കോറും കൃത്യമായ വരുമാന രേഖകളും ഉണ്ടെങ്കിൽ ബാങ്കുകൾ ഇത്തരം ഫീസുകളിൽ വലിയ ഇളവുകൾ നൽകാൻ തയ്യാറാകാറുണ്ട്.