ഒരു കോടിയുടെ സ്വർണം കുരങ്ങൻ മോഷ്ടിച്ചെന്ന വാദം കോടതി തള്ളി, പിന്നാലെ മരിച്ച് പോയ പോലീസുകാരാണ് സ്വർണം മോഷ്ടിച്ചതെന്ന് പോലീസ്!

Published : Jun 20, 2026, 02:08 PM IST
gold theft

Synopsis

ലഖിംപൂർ ഖേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയുടെ സ്വർണം കാണാതായതിനെ തുടർന്ന്, സ്വർണം കുരങ്ങൻ കൊണ്ടുപോയെന്ന വിചിത്രവാദവുമായി പോലീസ് രംഗത്തെത്തി. എന്നാൽ കോടതി ഈ വാദം തള്ളിയതോടെ, മരിച്ചുപോയ രണ്ട് ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്ന് പോലീസ് റിപ്പോർട്ട് നൽകി.

 

പോലീസ് സ്റ്റേഷനിൽ കയറി മോഷണം നടത്താൻ ആർക്കാണ് ധൈര്യമെന്നാണ് ഇപ്പോൾ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിക്കാരുടെ സംശയം. അതിന് കാരണമാകട്ടെ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ വില മതിക്കുന്ന സ്വർണം കാണാനില്ലെന്ന പോലീസിന്‍റെ തന്നെ റിപ്പോർട്ടും. ആത്മഹത്യ ചെയ്ത യുവതിയുടെ സ്വർണം കോടതി നിർദ്ദേശപ്രകാരം ലഖിംപൂർ ഖേരിയിലെ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ, മരിച്ചയാളുടെ ബന്ധുക്കൾ സ്വർണം തിരികെ ചോദിച്ച് കോടതിയെ സമീപിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചത്. ഒപ്പം വിചിത്രമായ ഒരു കാരണവും അറിയിച്ചു. സ്വർണം കുരങ്ങൻ കൊണ്ട് പോയി. പോലീസിന്‍റെ വിചിത്രമായ ന്യായം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഇതോടെ മരിച്ച് പോയ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്ന അന്തിമ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്.

കുരങ്ങൻറെ മോഷണം

2007 -ൽ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ കൈവശം ഉണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന ആഭരണങ്ങൾ കോടതി നിർദ്ദേശപ്രകാരം സദർ കോട്‌വാലി പോലീസ് സ്റ്റേഷനിലെ മൽഖാനയിൽ സൂക്ഷിച്ചിരുന്നു. സ്ത്രീധന പ്രശ്നവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വർണ്ണ വളകൾ, ഒരു ചെയിൻ, ഒരു മോതിരം, ഒരു മൂക്കുത്തി എന്നിവയുൾപ്പെടെയുള്ള ഒരു കോടി രൂപ വിലവരുന്ന ആഭരണങ്ങൾ സൂക്ഷിക്കാനായി കോടതി തന്നെയാണ് സദർ കോട്‌വാലി പോലീസിനെ ഏൽപ്പിച്ചത്.

17 വർഷത്തോളം കോടതി നടപടികൾ നീണ്ടു. ഒടുവിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2024 ഫെബ്രുവരിയിൽ പ്രാദേശിക കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അതുവരെ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ ഭർത്താവ് തിരികെ ആവശ്യപ്പെട്ടു. ഇതോടെയാണ് സ്വർണം കാണാനില്ലെന്ന റിപ്പോർട്ടുമായി പോലീസ് കോടതിയിൽ എത്തിയത്. ഒരിക്കൽ പെയ്ത ശക്തമായ മഴയിൽ പോലീസ് തൊണ്ടി മുതലുകൾ സൂക്ഷിച്ചിരുന്ന മൽഖാനയിലെ ചില രേഖകൾ നനഞ്ഞ് പോയെന്നും ഇതിനെ തുടർന്ന് ഇവ ഉണക്കാനായി പോലീസ് സ്റ്റേഷന്‍റെ മേൽക്കൂരയിൽ വച്ചിരുന്നെന്നും പോലീസ് കോടതിയെ അറിയിച്ചു. ഈ സന്ദർഭത്തിൽ അവിടെയെത്തിയ കുരങ്ങൻ പോലീസ് രേഖകൾ നശിപ്പിച്ചെന്നും കൂട്ടത്തിൽ സ്വർണവുമായി കടന്നെന്നുമായിരുന്നു പോലീസ് കോടതിയിൽ പറഞ്ഞത്.

കുറ്റക്കാർ രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ പക്ഷേ, അവർ മരിച്ചെന്ന് പോലീസ്

എന്നാൽ, കോടതി പോലീസിന്‍റെ വിശദീകരണം മുഖവിലയ്ക്ക് എടുത്തില്ല. മഴ വെള്ളത്തിൽ സീൽ ചെയ്ത് പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിന് കേടുപാടുകൾ സംഭവിക്കില്ലെന്നും സ്വർണം എങ്ങനെ നഷ്ടപ്പെട്ടെന്നും കോടതി പോലീസിനോട് വീണ്ടും ആരാഞ്ഞു. ഒപ്പം മൽഖാനയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവർ ആഭരണങ്ങൾ ദുരുപയോഗം ചെയ്തിരിക്കാമെന്ന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. തൊണ്ടി മുതൽ നഷ്ടപ്പെട്ട ശേഷം ഔദ്ധ്യോഗിക രേഖകളിൽ കൃത്രിമം നടത്തിയതാകാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒപ്പം സെക്ഷൻ 69 എ പ്രകാരം കോടതി സ്വർണം നഷ്ടപ്പെട്ടതിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതോടെ പോലീസ് അന്വേഷണം പുനരാരംഭിക്കുകയും സ്വർണാഭരണങ്ങൾ കാണാതായത് രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ മൽഖാനയുടെ ചുമതലയിൽ ഇരുന്നപ്പോഴാണെന്നും ഈ രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും നിലവിൽ മരിച്ചെന്നും കോടതിയെ അറിച്ചു. അന്വേഷണം പൂർത്തിയാകും മുമ്പ് ഇരുവരും മരിച്ച സ്ഥിതിക്ക് അന്വേഷണം തുടരാൻ ആകില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. എന്നാൽ. നഷ്ടപ്പെട്ട സ്വർണ്ണത്തിന് പകരമായി നഷ്ടപരിഹാരം നൽകണമെന്ന കോടതി നിർദ്ദേശം യുപി പോലീസ് പാലിച്ചില്ലെന്ന് കാണിച്ച് കുടുംബം വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ലോ ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു.

 

PREV
Read more Articles on
click me!

Recommended Stories

20 ലക്ഷം ശമ്പളം, പക്ഷേ അക്കൗണ്ട് കാലി; വീട് പുതുക്കിപ്പണിയാൻ സമ്പാദ്യം മുഴുവൻ ചിലവിട്ടെന്ന് 30 -കാരന്‍റെ കുറിപ്പ്
5 മിനിറ്റ് വിഡിയോ കോൾ പരിചയം, 3 -ാം ദിവസം വിവാഹം, 9 -ാം ദിവസം വിവാഹമോചനം: വിവാഹത്തിന് ആകെ ചെലവ് 36 ലക്ഷം