
ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാഴാഴ്ച ഉണ്ടായ വിമാന അപകടത്തിൽ ദാരുണമായി മരണപ്പെട്ടവരിൽ ലണ്ടനിൽ ഡോക്ടറായ ഭർത്താവിന് അരികിലേക്ക് യാത്ര പുറപ്പെട്ട നവവധുവും. ബലോത്ര ജില്ലയിലെ അറബ ദുദാവ്ത ഗ്രാമത്തിൽ നിന്നുള്ള മദൻ സിംഗ് രാജ്പുരോഹിതിന്‍റെ മകളായ ഖുഷ്ബു കൻവാർ ആണ് എയ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബലോത്ര ജില്ലയിലെ വീട്ടിൽ നിന്ന് ഖുഷ്ബു യാത്ര പറഞ്ഞ് ഇറങ്ങുന്നതിന് മുൻപുള്ള വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിവാഹ ശേഷം ആദ്യമായി ഭര്‍ത്താവിന്‍റെ അടുത്തേക്ക് പോകുന്നതിന് മുമ്പ് കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് അവർ ഇറങ്ങിയത് ഒരിക്കലും മടങ്ങിവരാത്ത ഒരു യാത്രയ്ക്കായിരുന്നു.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ AI 171 വിമാനത്തിൽ രാജസ്ഥാനിൽ നിന്നുള്ള പത്ത് യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാരിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഖുഷ്ബുവിന്‍റെ മരണം മുൻ മന്ത്രിയും ബൈതു എംഎൽഎയുമായ ഹരീഷ് ചൗധരി തന്‍റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇങ്ങനെയായിരുന്നു "ഥാർ കുടുംബത്തിലെ ഞങ്ങളുടെ മകൾ ഖുഷ്ബു രാജ‍്‌പുരോഹിതിന്‍റെ അഹമ്മദാബാദിലെ വിമാനാപകടത്തിലെ മരണം അങ്ങേയറ്റം ദുഃഖകരവും ദൗർഭാഗ്യകരവുമാണ്. മരിച്ചവരുടെ ആത്മാവിന് ദൈവം സമാധാനം നൽകുകയും ഈ നഷ്ടം താങ്ങാൻ ദുഃഖിതരായ കുടുംബത്തിന് ധൈര്യം നൽകുകയും ചെയ്യട്ടെ. ഈ ദുഃഖ സമയത്ത് ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കുടുംബത്തോടൊപ്പമുണ്ട്"
അമ്മയോടും അമ്മായിമാരോടും സഹോദരിയോടും സന്തോഷ കണ്ണീരോടെ ഖുഷ്ബു കെട്ടിപ്പിടിക്കുകയും യാത്ര പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അവൾ കയറി കാർ വീട്ടിന്‍റെ ഗേറ്റ് കടന്ന് പോകുന്നുനിടത്ത് വീഡിയോ അവസാനിക്കുന്നു. ഈ വർഷം ജനുവരിയിലാണ് ലണ്ടനിൽ താമസിക്കുന്ന ഡോക്ടറായ വിപുല്‍ സിംഗ് രാജ്പുരോഹിതിനെ ഖുഷ്ബു വിവാഹം കഴിച്ചത്. രാജസ്ഥാനിലെ ലൂണി അസംബ്ലി ഏരിയയിലെ ഖരബൈര പുരോഹിതനിൽ നിന്നുള്ളയാളാണ് വിപുല്‍. വിവാഹത്തിന് ശേഷം ഖുഷ്ബു ലണ്ടനിലേക്ക് യാത്ര ചെയ്യുന്നത് ഇതാദ്യമായാണ്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നാണ് അവർ വിമാനത്തിൽ കയറിയത്. എന്നിരുന്നാലും, പറന്നുയർന്ന് 30 സെക്കൻഡുകൾക്ക് ശേഷം വിമാനം തകർന്നുവീണു