600 വയോധികർക്ക് പേരക്കുട്ടികളായി അവർ 1,700 പേർ; സ്നേഹക്കടലായി നീലഗിരി കോളേജ് കാമ്പസ്

Published : Mar 26, 2026, 08:57 PM IST
Nilagir collage Sneha sangamam

Synopsis

നീലഗിരി കോളേജ് ഓഫ് ആർട്സ് ആന്‍റ് സയൻസിലെ വിദ്യാർത്ഥികൾ 'സ്നേഹസ്വരം' എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു.  വൃദ്ധസദനങ്ങളിൽ നിന്നുള്ള 600-ഓളം വയോജനങ്ങൾക്ക് ഒരു ദിവസം മുഴുവൻ പേരക്കുട്ടികളായി വിദ്യാർത്ഥികൾ സ്നേഹവും പരിചരണവും നൽകി. കലാപരിപാടികളും സ്നേഹസമ്മാനങ്ങളുമായി നടന്ന സംഗമം തലമുറകൾ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ നേർക്കാഴ്ചയായി.

 

ലമുറകൾ തമ്മിലുള്ള ദൂരമില്ലാതാക്കി, സ്നേഹത്തിന്‍റെ പുതിയൊരു ഭാഷയുമായി ക്യാമ്പസിൽ 'സ്നേഹസ്വരം' വയോജന സംഗമം അരങ്ങേറി. നീലഗിരി, വയനാട് ജില്ലകളിലെ 17 വൃദ്ധസദനങ്ങളിൽ നിന്നായി എത്തിയ 600 -ഓളം അന്തേവാസികൾക്ക്, നീലഗിരി കോളേജ് ഓഫ് ആർട്സ് ആന്‍റ് സയൻസ് കോളേജ് ക്യാമ്പസിലെ 1,700 -ഓളം വിദ്യാർത്ഥികൾ ഒരു പകൽ മുഴുവൻ പേരക്കുട്ടികളായി മാറി.

അതിഥിയായല്ല, കുടുംബാഗമായി...

വൃദ്ധസദനങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതങ്ങൾക്ക് പുറംലോകത്തെ കാഴ്ചകൾ സമ്മാനിക്കാൻ പ്രത്യേക ടൂറിസ്റ്റ് ബസ്സുകളാണ് കോളേജ് ഒരുക്കിയത്. ഓരോ വൃദ്ധസദനത്തിലും നേരിട്ടെത്തി, വയോജനങ്ങളെ കൈപിടിച്ച് ബസ്സിൽ കയറ്റി ക്യാമ്പസിലേക്ക് എത്തിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ക്യാമ്പസ് കവാടത്തിൽ വിദ്യാർത്ഥികൾ നൽകിയ സ്വീകരണത്തിൽ തന്നെ പല മുത്തശ്ശിമാരുടെയും കണ്ണ് നിറഞ്ഞു. അമ്മമാരായി കണ്ട് സ്നേഹമൂട്ടി ഒരു അതിഥി എന്നതിലുപരി സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് വിദ്യാർത്ഥികൾ ഓരോ അന്തേവാസിയെയും ചേർത്തു നിർത്തിയത്.

ഒപ്പം കൂട്ടി വിദ്യാർത്ഥികളും

ഓരോ മുതിർന്ന പൗരന്‍റെയും കൂടെ തണലായി വിദ്യാർത്ഥികളും നടന്നു. അവർക്ക് ഭക്ഷണം ഊട്ടിക്കൊടുത്തും, സ്നാക്സുകൾ കൈമാറിയും, വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ക്യാമ്പസ് ഒരു വലിയ കുടുംബമായി മാറി. ഭക്ഷണസമയത്തെ സ്നേഹപ്രകടനങ്ങൾ കണ്ടുനിന്നവർക്കും ഹൃദ്യമായ കാഴ്ചയായി. കലാപരിപാടികളിൽ കാഴ്ചക്കാരായി മാത്രമല്ല, വയോജനങ്ങളെ സ്റ്റേജിൽ കൂടെക്കൂട്ടാനും വിദ്യാർത്ഥികൾ മറന്നില്ല. മുത്തശ്ശിമാരുടെ പാട്ടിനൊപ്പം ചുവടുവെച്ചും അവരുടെ പ്രകടനങ്ങൾക്ക് ആവേശമേകിയും വിദ്യാർത്ഥികളും സ്റ്റേജിൽ നിറഞ്ഞാടി. പ്രശസ്ത ഗായകൻ റാസയുടെ സംഗീതം കൂടി ചേർന്നപ്പോൾ അത് ആഘോഷത്തിന്‍റെ കൊടുമുടിയായി.

നിറഞ്ഞ മനസോടെ മടക്കം

2018 -ൽ 500 ഓളം പേരെ പങ്കെടുപ്പിച്ച് തുടങ്ങിയ 'സ്നേഹ സ്വരത്തിന്‍റെ' രണ്ടാം പതിപ്പിൽ, ഏഴ് വർഷങ്ങൾക്കിപ്പുറം 600 പേരാണ് എത്തിയത്. എം.ഡി.യും സെക്രട്ടറിയുമായ ഡോ. റാഷിദ് ഗസ്സാലി, റവ. ഫാദർ പോൾ ജേക്കബ്, പ്രിൻസിപ്പൽ ഡോ. ബാല ഷൺമുഖ ദേവി, ഡീൻ പ്രൊഫ. ടി. മോഹൻ ബാബു, ബ്രഹ്മാകുമാരി ശീലാ ബെഹൻജി, ഡോ. എം. ദുരൈ എന്നിവർ സംഗമത്തിൽ അതിഥികളുമായി സംസാരിച്ചു. ഓരോ അന്തേവാസിക്കും ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ കിറ്റും സ്നേഹസമ്മാനങ്ങളും നൽകിയാണ് യാത്രയാക്കിയത്. വയോജനങ്ങളെ തിരികെ വൃദ്ധസദനങ്ങളിൽ എത്തിക്കുന്നത് വരെ വിദ്യാർത്ഥികൾ അവർക്കൊപ്പം തുണയായി നിന്നു. തങ്ങളെ ചേർത്തുപിടിച്ച ആ സ്നേഹസ്പർശത്തിന്‍റെ ഓർമ്മകളുമായി, നിറഞ്ഞ മനസ്സോടെയാണ് ഓരോരുത്തരും മടങ്ങിയത്.

 

PREV
Read more Articles on
click me!

Recommended Stories

'മക്കളെപ്പോലെ' വളർത്തുനായ്ക്കൾ; ബംഗളൂരുവിലെ ദമ്പതികളുടെ ജീവിതശൈലി വൈറൽ
അ‌ഞ്ച് പൈസ മോഷ്ടിച്ചെന്ന് ആരോപണം; 40 വർഷത്തിന് ശേഷം ദില്ലി കണ്ടക്ടർക്ക് നീതി !