മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസ്സുകാരന് കിട്ടിയത് പൊട്ടാതെ കിടന്ന ഗ്രനേഡ്, ഞെട്ടിത്തരിച്ച് അമ്മ

By Web TeamFirst Published Mar 28, 2023, 2:43 PM IST
Highlights

ആദ്യം ഇരുവരും ഭയന്ന് പോയെങ്കിലും സെലിൻ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. ഏകദേശം 20 മിനിറ്റിനുള്ളിൽ തന്നെ പൊലീസ് സെലിന്റെ വീട്ടിലെത്തി.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 9 വയസ്സുകാരന് മണ്ണിനടിയിൽ നിന്നും കിട്ടിയത് രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ഗ്രനേഡ്. പൂന്തോട്ടത്തിലെ മണ്ണ് വാരി കളിക്കുന്നതിനിടയിലാണ് ഗ്രനേഡ് കണ്ടെത്തിയത്. ഉടൻതന്നെ ബാലൻ അമ്മയെ വിവരം അറിയിക്കുകയായിരുന്നു. യുകെയിലെ ഈസ്റ്റ് ഡെവൺ സ്വദേശിയായ ജോർജ്ജ് പെനിസ്റ്റൺ എന്ന ബാലനാണ് ഗ്രനേഡ് കണ്ടെത്തിയത്.

പതിവുപോലെ അന്നും വീട്ടുമുറ്റത്ത് കളിക്കാൻ ഇറങ്ങിയതായിരുന്നു ജോർജ്ജ് പെനിസ്റ്റൺ. മുറ്റത്തോട് ചേർന്നുള്ള പൂന്തോട്ടത്തിൽ മണ്ണ് വാരി കളിക്കുന്നതിനിടയിലാണ് മണ്ണിനടിയിൽ ഗ്രനേഡ് കണ്ടെത്തിയത്. എന്നാൽ എന്താണ് സാധനം എന്ന് തിരിച്ചറിയാൻ ജോർജ്ജ് പെനിസ്റ്റണ് കഴിഞ്ഞില്ല. അവൻ ഉടൻ തന്നെ അമ്മ സെലിൻ പെനിസ്റ്റണെ വിവരം അറിയിച്ചു. സെലിൻ പൂന്തോട്ടത്തിൽ എത്തി നോക്കിയപ്പോഴാണ് ജോർജ് മണ്ണ് നീക്കിയ ഭാഗത്ത് ഗ്രനേഡ് കിടക്കുന്നത് കണ്ടത്. 

ആദ്യം ഇരുവരും ഭയന്ന് പോയെങ്കിലും സെലിൻ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. ഏകദേശം 20 മിനിറ്റിനുള്ളിൽ തന്നെ പൊലീസ് സെലിന്റെ വീട്ടിലെത്തി. പരിശോധന നടത്തിയ പൊലീസ് ജോർജ് കണ്ടെത്തിയത് ഗ്രനേഡ് ആണെന്ന് സ്ഥിരീകരിച്ചു. ഉടൻതന്നെ വിദഗ്ധസേനയുടെ സഹായത്തോടെ ഗ്രനേഡ് അവരുടെ വീട്ടുപറമ്പിൽ നിന്നും നീക്കം ചെയ്ത് മറ്റൊരു ഒഴിഞ്ഞ സ്ഥലത്ത് പൊട്ടിച്ചു. സെലിന്റെ വീട്ടിൽ കണ്ടെത്തിയ ഗ്രനേഡ് രണ്ടാം ലോകമഹായുദ്ധകാലത്ത് ഉള്ളതാണെന്ന് പിന്നീട് പൊലീസ് അറിയിച്ചു.

ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം തൻറെ വീട്ടിൽ നിന്നും കണ്ടെത്താൻ തനിക്ക് സാധിച്ചതിൽ ജോർജ് വലിയ ആവേശഭരിതനാണ് എന്നാണ് സെലിൻ പറയുന്നത്. സ്കൂളിൽ പോയി സുഹൃത്തുക്കളോട് എല്ലാം ഈ കഥ പറയാനുള്ള ഒരുക്കത്തിലാണ് ജോർജ്ജ് ഇപ്പോഴെന്നും സെലിൻ പറയുന്നു. തന്റെ വീട്ടിൽ ഇത്തരത്തിൽ ചരിത്ര പ്രാധാന്യമുള്ള ഒരു വസ്തു ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നത് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല എന്ന് സെലിൻ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

click me!