ഒറ്റക്കുഞ്ഞുപോലും അറിയാതെ വിമാനത്തിൽ ഒമ്പതുവയസുകാരന്റെ ഒളിച്ചുയാത്ര, ഇത് പഠിച്ചത് ​ഗൂ​ഗിളിൽ നോക്കി

Published : Mar 03, 2022, 02:47 PM IST
ഒറ്റക്കുഞ്ഞുപോലും അറിയാതെ വിമാനത്തിൽ ഒമ്പതുവയസുകാരന്റെ ഒളിച്ചുയാത്ര, ഇത് പഠിച്ചത് ​ഗൂ​ഗിളിൽ നോക്കി

Synopsis

ഇപ്പോൾ ലോക്കൽ പൊലീസും വിമാനത്താവളത്തിൽ നിന്നുള്ള സുരക്ഷാക്യാമറ ചിത്രങ്ങൾ ആവശ്യപ്പെടുകയും, സ്വന്തമായി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റർനെറ്റിൽ ‘ശ്രദ്ധിക്കപ്പെടാതെ എങ്ങനെ വിമാനത്തിൽ കയറാം’ എന്ന് തിരഞ്ഞതിന് ശേഷമാണ് ഇമ്മാനുവൽ ഇത്ര ധൈര്യത്തിൽ ഒറ്റയ്ക്ക് ഇതെല്ലാം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

ലോകത്ത് ഏതൊരു വ്യക്തിക്കും പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന അറിവിന്റെ ഉറവിടമാണ് ഇന്റർനെറ്റ്(Internet). എന്നാൽ അതിൽ നിന്ന് എന്ത് വേണമെങ്കിലും പഠിക്കാമെന്നതാണ് പ്രശ്‌നം. ഒരു ഒമ്പതു വയസ്സുകാരൻ ഇതുപോലെ ഓൺലൈനിൽ നിന്ന് അൽപ്പം കൂടുതൽ കാര്യങ്ങൾ പഠിച്ചെടുക്കുകയുണ്ടായി. അവൻ ഓൺലൈനിൽ തിരഞ്ഞത് "എങ്ങനെ ശ്രദ്ധിക്കപ്പെടാതെ വിമാനത്തിൽ കയറാം" എന്നതായിരുന്നു. തുടർന്ന്, വീട്ടിൽ നിന്ന് ഒളിച്ചോടി ആരും കാണാതെ വിമാനത്തിൽ കയറി ഏകദേശം 2,700 കിലോമീറ്റർ(2,700 kilometres) യാത്ര ചെയ്യുക പോലും ചെയ്തു കക്ഷി.  

ബ്രസീലിലുള്ള ഇമാനുവൽ മാർക്വെസ് ഡി ഒലിവേര(Emanuel Marques de Oliveira)യാണ് ഈ സാഹസത്തിന് മുതിർന്നത്. അവനെ കാണാതായതോടെ വീട്ടുകാർ ആകെ പേടിച്ചു. പക്ഷേ, ഭാഗ്യവശാൽ അവനെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. ഇപ്പോൾ അവൻ സുരക്ഷിതനായി വീട്ടിലുണ്ട്. ബ്രസീലിലെ മനൗസ്  നഗരത്തിലാണ് അവന്റെ താമസം. ഫെബ്രുവരി 26 ശനിയാഴ്ച രാവിലെയാണ് മകനെ കാണാതായത്. മകൻ വീട്ടിലില്ലെന്ന് അവന്റെ അമ്മ ഡാനിയേൽ മാർക്വെസ് അറിഞ്ഞതോടെ, അവർ പൊലീസിൽ വിവരം അറിയിച്ചു. "ഞാൻ രാവിലെ 5.30 -ന് ഉണർന്നു. അവൻ എഴുന്നേറ്റോ എന്നറിയാൻ അവന്റെ മുറിയിൽ പോയി നോക്കി. അവൻ ഉറക്കമായിരുന്നു. പിന്നെ ഞാൻ തിരികെ വന്ന് എന്റെ മൊബൈൽ ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് കിടന്നു. രാവിലെ 7.30 ന് വീണ്ടും എഴുന്നേറ്റു. അപ്പോഴാണ് അവൻ കിടപ്പുമുറിയിൽ ഇല്ലെന്ന് എനിക്ക് മനസ്സിലായത്. ഞാൻ ആകെ ഭയന്ന് പോയി" അമ്മ പറഞ്ഞു.

ഒരു ദിവസം മുഴുവൻ മകന്റെ വിവരങ്ങൾ ഒന്നുമറിയാതെ ആ മാതാപിതാക്കൾ വല്ലാതെ അസ്വസ്ഥമായി. തന്റെ കുഞ്ഞ് എവിടെയാണെന്ന് ഓർത്ത് അവർ കരഞ്ഞു. എന്നാൽ അപ്പോഴും തന്റെ മകൻ രാജ്യത്തിന്റെ മറുവശത്താണെന്ന് അവർ അറിഞ്ഞില്ല. ഓടിപ്പോകുന്ന മിക്ക കുട്ടികളും ബസ്സിലോ തീവണ്ടിയിലോ മറ്റും കയറാൻ ശ്രമിക്കുമ്പോൾ, ഇമ്മാനുവൽ നേരെ പോയത് വിമാനത്തിൽ കയറാനാണ്. അതും അതിൽ കയറി 2,700 കിലോമീറ്റർ ദൂരേയ്ക്ക് അവൻ പറന്നു.  

തിരച്ചിലിനൊടുവിൽ, തീരദേശ സംസ്ഥാനമായ സാവോ പോളോയിൽ സ്ഥിതി ചെയ്യുന്ന ഗ്വാറുൾഹോസ് എന്ന നഗരത്തിലാണ് അവനെ  കണ്ടെത്തിയത്. വടക്ക്-പടിഞ്ഞാറൻ ബ്രസീലിലെ ആമസോണസ് സംസ്ഥാനത്തിന്റെ തലസ്ഥാനത്താണ് അവന്റെ വീട്. അതായത് ഇതിനിടയിൽ അവൻ രാജ്യത്തിന്റെ മറുവശത്തേക്ക് യാത്ര ചെയ്‌തെത്തി. ടിക്കറ്റോ, യാത്രാ രേഖകളോ, ലഗേജുകളോ ഇല്ലാതെ, മറ്റാരുടെയും  ശ്രദ്ധയിൽപ്പെടാതെ എങ്ങനെയാണ് വിമാനത്തിൽ കയറിയതെന്ന് നിലവിൽ വ്യക്തമല്ല. അവൻ ലാറ്റം എയർലൈൻസിലാണ് യാത്ര ചെയ്തത്.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് ഈ സംഭവത്തിൽ ഇപ്പോഴും അന്ധാളിപ്പ് മാറിയിട്ടില്ല. ഇതെങ്ങനെ സംഭവിച്ചു എന്നറിയാൻ മനൗസ് എയർപോർട്ട് മാനേജ്‌മെന്റ് ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. "ശനിയാഴ്‌ച വൈകുന്നേരം LA3168 വിമാനത്തിൽ പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിയെ തിരിച്ചറിഞ്ഞു. തുടർന്ന്, കമ്പനി ഫെഡറൽ പൊലീസിനെയും ഗാർഡിയൻഷിപ്പ് കൗൺസിലിനെയും വിവരം അറിയിച്ചു. തുടർന്ന് അവർ അവനെ ഒരു അഭയകേന്ദ്രത്തിലേക്ക് അയക്കുകയും, മനൗസിലേക്ക് മടങ്ങാൻ ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു" ലാറ്റം എയർലൈൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.  

ഇപ്പോൾ ലോക്കൽ പൊലീസും വിമാനത്താവളത്തിൽ നിന്നുള്ള സുരക്ഷാക്യാമറ ചിത്രങ്ങൾ ആവശ്യപ്പെടുകയും, സ്വന്തമായി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റർനെറ്റിൽ ‘ശ്രദ്ധിക്കപ്പെടാതെ എങ്ങനെ വിമാനത്തിൽ കയറാം’ എന്ന് തിരഞ്ഞതിന് ശേഷമാണ് ഇമ്മാനുവൽ ഇത്ര ധൈര്യത്തിൽ ഒറ്റയ്ക്ക് ഇതെല്ലാം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിനുള്ളിൽ കുട്ടിയെ ഉപദ്രവിച്ച ചരിത്രമൊന്നുമില്ലെന്നും, മറ്റ് ചില കുടുംബാംഗങ്ങളെ കാണാൻ സാവോപോളോയിലേക്ക് പോകാൻ അവൻ ആഗ്രഹിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!