Ukraine Crisis : 'ഇത് നിങ്ങൾ പുടിനെ കാണിക്കൂ', ലോകത്തിന്റെ വേദനയായി യുക്രൈനിലെ ആറുവയസുകാരി

Published : Mar 03, 2022, 12:23 PM ISTUpdated : Mar 03, 2022, 01:15 PM IST
Ukraine Crisis : 'ഇത് നിങ്ങൾ പുടിനെ കാണിക്കൂ', ലോകത്തിന്റെ വേദനയായി യുക്രൈനിലെ ആറുവയസുകാരി

Synopsis

അകത്തേക്ക് കൊണ്ടുപോയ അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരും നഴ്സുമാരും ആവതും ശ്രമിച്ചു. കുഞ്ഞിന്റെ അവസ്ഥ കണ്ട് നഴ്‌സുമാരും, ഡോക്ടർമാരും കരഞ്ഞു പോയി. സങ്കടവും ദേഷ്യവും സഹിക്കവയ്യാതെ അവളെ ചികിത്സിച്ച ഡോകടർ അവളുടെ പാതിമരിച്ച ശരീരം പുടിനെ കാണിക്കാൻ അവിടെ കൂടിയ മാധ്യമത്തോട് പറഞ്ഞു. 

ഓരോ നിമിഷവും മരണത്തെ മുന്നിൽ കണ്ടാണ് യുക്രൈനി(Ukraine)ൽ ജനങ്ങൾ കഴിയുന്നത്. ഏത് നിമിഷവും ഷെല്ലാക്രമണമുണ്ടാകാം, സ്ഫോടനത്തിൽ കത്തിച്ചാമ്പലാകാം. ഭീതിയുടെ നിഴലിൽ കഴിയുന്ന അവരുടെ അവസ്ഥ ദാരുണമാണ്. റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെയും, മരിച്ച ആളുകളുടെയും ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ നിറയുകയാണ്. അതിൽ റഷ്യ(Russia)യുടെ ക്രൂരത എടുത്ത് കാട്ടുന്ന മറ്റൊരു ഹൃദയഭേദകമായ ചിത്രം ഇപ്പോൾ വൈറലാവുകയാണ്. റഷ്യയുടെ ഷെല്ലാക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഒരു ആറുവയസ്സുകാരിയുടെ ചിത്രങ്ങളാണ് അവ.    

യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിലായിരുന്നു റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആ ആറുവയസുകാരിയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, രക്ഷിക്കാനായില്ല. അവളുടെ ശരീരത്തിൽ ഓക്സിജൻ പമ്പ് ചെയ്യുന്നതിനിടയിൽ വികാരാധീനനായി ഒരു ഡോക്ടർ ഉറക്കെ വിളിച്ചു പറഞ്ഞു, "ഇത് പുടിനെ കാണിക്ക്. ഈ പെൺകുട്ടിയുടെ കണ്ണിനെ, കരയുന്ന ഡോക്ടറെ."

കഴിഞ്ഞ ഞായറാഴ്ചയാണ് ഷെല്ലാക്രമണത്തിൽ അവൾക്ക് മാരകമായി പരിക്കേറ്റത്. സംഭവം നടക്കുമ്പോൾ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സൂപ്പർമാർക്കറ്റിലായിരുന്നു കുടുംബം. പരിക്കേറ്റ ആ ആറു  വയസ്സുകാരിയെയും വഹിച്ചുകൊണ്ട് ഉടനെ തന്നെ ആംബുലൻസ് നഗരത്തിലെ ആശുപത്രിയിലേക്ക് പാഞ്ഞു. അവളുടെ മുഖം വിളറി വെളുത്തിരുന്നു. അവളുടെ കാർട്ടൂൺ ഡിസൈനുള്ള പൈജാമ പാന്റ്സ് രക്തത്തിൽ മുങ്ങിയിരുന്നു. അവളുടെ പിതാവിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ കുഞ്ഞിനെ സ്ട്രെച്ചറിൽ കിടത്തി അകത്തേയ്ക്ക്  കൊണ്ടുപോയി. ആംബുലൻസിന് പുറത്ത് മകളുടെ രക്തം പുരണ്ട സ്കാർഫും പിടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ അമ്മയുടെ ചിത്രങ്ങൾ ആരുടെയും ഹൃദയത്തെ നോവിക്കും.      

അകത്തേക്ക് കൊണ്ടുപോയ അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരും നഴ്സുമാരും ആവതും ശ്രമിച്ചു. കുഞ്ഞിന്റെ അവസ്ഥ കണ്ട് നഴ്‌സുമാരും, ഡോക്ടർമാരും കരഞ്ഞു പോയി. സങ്കടവും ദേഷ്യവും സഹിക്കവയ്യാതെ അവളെ ചികിത്സിച്ച ഡോകടർ അവളുടെ പാതിമരിച്ച ശരീരം പുടിനെ കാണിക്കാൻ അവിടെ കൂടിയ മാധ്യമത്തോട് പറഞ്ഞു. എന്നാൽ ആ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാം വെറുതെയായി. ഗ്രാഫിക് വീഡിയോയിൽ, ഒരു ഡോക്ടർ പെൺകുട്ടിയുടെ മുഖത്തേക്ക് മൃദുവായി കൈനീട്ടി കണ്ണുകൾ അടയ്ക്കുന്നത് കാണാം. അവളുടെ അനക്കമറ്റ ശരീരം അവർ അവളുടെ കടും നിറമുള്ള പോളിസ്റ്റർ ജാക്കറ്റ് കൊണ്ട് മൂടി. അപ്പോഴും അതിൽ അവളുടെ രക്തം ചിതറിക്കിടന്നിരുന്നു. അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രൈനിൽ ഇത്തരത്തിൽ 16 കുട്ടികളെങ്കിലും മരണപ്പെട്ടിട്ടുണ്ട്.  

അതേസമയം മരിയുപോൾ നഗരത്തിൽ നടന്ന കനത്ത ഷെല്ലാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും, ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും മരിയുപോൾ മേയർ വാഡിം ബോയ്‌ചെങ്കോ പറഞ്ഞു. 400,000 -ത്തോളം ആളുകളുള്ള തെക്കൻ യുക്രേനിയൻ നഗരത്തെ റഷ്യ മൂന്ന് വശത്തുനിന്നും വളയുമ്പോൾ, മരിയുപോളിന് ചുറ്റും കടുത്ത പോരാട്ടം തുടരുന്നു. ഇതിനകം തന്നെ 800,000 -ത്തിലധികം ആളുകൾ യുക്രൈൻ വിട്ടു. ദശാബ്ദങ്ങളിൽ യൂറോപ്പിലെ ഏറ്റവും വേഗമേറിയ കുടിയേറ്റമാണിത്.  

PREV
Read more Articles on
click me!

Recommended Stories

'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു