BTS : ഇല്ല ഞങ്ങള്‍ പിളര്‍ന്നിട്ടില്ല, ഇല്ലാതായിട്ടുമില്ല; ഒടുവില്‍ ബി ടി എസിന്റെ വിശദീകരണം!

Published : Jun 16, 2022, 04:01 PM IST
BTS :  ഇല്ല ഞങ്ങള്‍ പിളര്‍ന്നിട്ടില്ല, ഇല്ലാതായിട്ടുമില്ല;  ഒടുവില്‍ ബി ടി എസിന്റെ വിശദീകരണം!

Synopsis

ബിടിഎസ് പ്രഖ്യാപനമുണ്ടാക്കിയ അലയൊലികള്‍ ടീമോ കമ്പനിയോ വിചാരിച്ചതിന് അപ്പുറമായിരുന്നു. അതുകൊണ്ടാണ് പല തരത്തില്‍ വിശദീകരണക്കുറിപ്പുകള്‍ വരുന്നത്. BREAK എന്നത് സംഘമായുള്ള പാട്ടുകള്‍ വരുന്നതില്‍ മാത്രമാണ് ഉണ്ടാവുക എന്ന് പറയുന്നതും ആരാധകര്‍ക്ക്  സഹിക്കുന്നതല്ല. -പി ആര്‍ വന്ദന എഴുതുന്നു

സംഘമായി എത്തുന്ന പുതിയ പാട്ടുകള്‍ ഉടനുണ്ടാവില്ല എന്നേ ഉള്ളൂ. കൂടുതല്‍ ഉഷാറായി ടീം തിരിച്ചെത്താന്‍ വേണ്ടിയാണിത്. അതേസമയം ഒരു ഗ്രൂപ്പ് എന്ന നിലക്ക് മുമ്പ് നിശ്ചയിച്ച മറ്റു പരിപാടികളുമായി മുന്നോട്ട് പോകും . V Live ആപ്പില്‍  Run BTS വെബ് സീരീസ് ചിത്രീകരണം തുടരും.

 

 

ബ്രേക്ക് എടുക്കുന്നു എന്ന പ്രഖ്യാപനത്തില്‍ ഹൃദയം തകര്‍ന്നിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവുമായി ബിടിഎസ്. ഏഴംഗസംഘത്തിന്റെ നായകനായ RM, പിന്നെ കൂട്ടത്തിലെ ഇളവയവന്‍ ജംഗൂക്ക് , പിന്നെ സംഘത്തെ പ്രതിനിധാനം ചെയ്യുന്ന സംഗീതകമ്പനി HYBE. മൂന്ന് വിശദീകരണക്കുറിപ്പാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെത്തിയിട്ടുള്ളത്.  BTS പിളര്‍ന്നിട്ടില്ല, ഇല്ലാതായിട്ടില്ല, പിരിച്ചുവിട്ടിട്ടില്ല, ഒന്നും അവസാനിച്ചിട്ടില്ല എന്നൊക്കെ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ഈ വിശദീകരണക്കുറിപ്പുകള്‍.

ആദ്യമെത്തുക ജെ ഹോപ്. പിന്നാലെ മറ്റുള്ളവരും ഒറ്റയ്‌ക്കൊറ്റക്കുള്ള പാട്ടുകളുമായി എത്തും. വ്യക്തിപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. മറ്റ് കലാകാരന്‍മാരുമായി ചേര്‍ന്നും അല്ലാതെ ഒറ്റക്കും പാട്ടുണ്ടാക്കി ഓരോരുത്തരും കഴിവുകള്‍ വളര്‍ത്തിയെടുക്കും. ബിടിഎസിന്റെ വളര്‍ച്ചയിലെ രണ്ടാംഘട്ടമാകും ഇത്. സംഗീതബാന്‍ഡ് എന്ന നിലയില്‍ ബിടിഎസിന് കൂടുതല്‍ കാലം കൂടുതല്‍ നല്ല സംഭാവനകള്‍ നല്‍കാന്‍ അതു സഹായകമാകും എന്നാണ് ഇവര്‍ വിലയിരുത്തുന്നത്. 

സംഘമായി എത്തുന്ന പുതിയ പാട്ടുകള്‍ ഉടനുണ്ടാവില്ല എന്നേ ഉള്ളൂ. കൂടുതല്‍ ഉഷാറായി ടീം തിരിച്ചെത്താന്‍ വേണ്ടിയാണിത്. അതേസമയം ഒരു ഗ്രൂപ്പ് എന്ന നിലക്ക് മുമ്പ് നിശ്ചയിച്ച മറ്റു പരിപാടികളുമായി മുന്നോട്ട് പോകും . V Live ആപ്പില്‍  Run BTS വെബ് സീരീസ് ചിത്രീകരണം തുടരും.  ചുരുക്കത്തില്‍ വിശദീകരിച്ചത്, ഇടവേള എടുക്കുന്നു എന്ന് പറഞ്ഞതിന്റെ അര്‍ത്ഥവ്യാപ്തി കൂട്ടി കാണേണ്ടതില്ലെന്നും ഉള്ളില്‍ വേദനിക്കേണ്ടെന്നും  ആരും എങ്ങോട്ടും പോയിട്ടില്ലെന്നും.  ആരാധകക്കൂട്ടായ്മയായ ആര്‍മിക്കായി ജംഗൂക്ക് MY YOU എന്ന ഒരു സോളോ ഡെഡിക്കേറ്റ് ചെയ്തിട്ടുമുണ്ട്. ഞങ്ങള്‍ BTS എല്ലാക്കാലത്തേക്കുമാണ്. ആര്‍മിയും എന്ന് ജംഗൂക്ക് ഉറപ്പുപറയുന്നു.

ഒമ്പതു വര്‍ഷവും ഒറ്റക്കെട്ടായി കൂടെ നിന്ന് സംഘത്തിന് കരുത്തായ ആര്‍മിയോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു, ആ നീണ്ട യാത്രയിലെ സമ്മര്‍ദവും പ്രശ്‌നങ്ങളും സന്തോഷങ്ങളും എല്ലാം പങ്കുവെച്ചു. YET TO COME എന്ന പുതിയ പാട്ട് പറയുന്ന പോലെ ഇനിയും നല്ല കാര്യങ്ങളും നല്ല ദിനങ്ങളും വരാനിരിക്കുന്നു, ഒന്നും അവസാനിച്ചിട്ടില്ല, അത്താഴവിരുന്നിനിടെ ആരാധകര്‍ തന്ന പിന്തുണയോര്‍ത്ത് കണ്ണുതുടച്ചത് വിടവാങ്ങുമ്പോഴുള്ള കണ്ണുനീരായി കണ്ടത് തന്നെ വേദനിപ്പിച്ചു. ഒറ്റക്കൊറ്റക്ക് പാട്ടുണ്ടാക്കും എന്ന് പറഞ്ഞത് എങ്ങനെയാണ് വേര്‍പിരിയലായി മനസ്സിലാക്കുക? ആര്‍മിക്ക് ഞങ്ങളെ മനസ്സിലാകും എന്ന് എനിക്കുറപ്പാണ്. ഞങ്ങളെല്ലാവരും നിങ്ങളെല്ലാവരും എപ്പോഴും ഒരുമിച്ചുണ്ടാകും'- ടീംലീഡര്‍ RM മനസ്സില്‍ തട്ടിയാണ് വിശദീകരണക്കുറിപ്പ് എഴുതിയത്. ഒരു വ്യക്തി എന്ന നിലയിലും ടീം എന്ന നിലയിലും കൂടുതല്‍ വളരുമെന്നും നന്നാകുമെന്നും RM ആര്‍മിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

 

 

ഒമ്പതാംവാര്‍ഷികം ആഘോഷിച്ചുള്ള അത്താഴവിരുന്നിനിടെയാണ് ബിടിഎസ് ഒരിടവേള  എടുക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഏഴുപേരുടെയും പുതിയ വിശേഷങ്ങളറിയാന്‍ ലൈവില്‍ കണ്ണുംനട്ടിരുന്ന ആയിരങ്ങളാണ് ഞെട്ടിത്തരിച്ചത്. ഇതിന് പിന്നാലെ HYBE-ന് ഓഹരിവിപണിയില്‍ വലിയ തിരിച്ചടി നേരിട്ടു. 1.7 ശതകോടി ഡോളറാണ് നഷ്ടമായത്. കമ്പനിയുടെ പ്രധാന വരുമാനസ്രോതസ്സ് ബിടിഎസിന്റെ കലാപരിപാടികളും ആല്‍ബങ്ങളുമാണ്. 

ബിടിഎസ് പ്രഖ്യാപനമുണ്ടാക്കിയ അലയൊലികള്‍ ടീമോ കമ്പനിയോ വിചാരിച്ചതിന് അപ്പുറമായിരുന്നു. അതുകൊണ്ടാണ് പല തരത്തില്‍ വിശദീകരണക്കുറിപ്പുകള്‍ വരുന്നത്. BREAK എന്നത് സംഘമായുള്ള പാട്ടുകള്‍ വരുന്നതില്‍ മാത്രമാണ് ഉണ്ടാവുക എന്ന് പറയുന്നതും ആരാധകര്‍ക്ക്  സഹിക്കുന്നതല്ല. എന്നാലും സംഘം പിരിഞ്ഞുപോയില്ല എന്നും കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചെത്തുമെന്നും അവര്‍ കണക്കുകൂട്ടുന്നു. അതുവരെ തത്കാലം ഒറ്റയ്ക്ക് ഒറ്റയ്ക്ക് അവര്‍ ഏഴുപേരും നല്‍കുന്ന സംഗീതത്തില്‍ ആശ്വാസം കണ്ടെത്താമെന്നും. 

ആര്‍എം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിന്‍, ജിമിന്‍ അവര്‍ ഏഴുപേരും അത്രമേല്‍ ലോകത്തെ സ്വാധീനിച്ചിരിക്കുന്നു. സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ ഒരു സൂചകം മാത്രമാണ്.  എല്ലാവരും ഉഷാറായി വേഗം വരൂ, ഒന്നിച്ച് പാടി ചുവടുകള്‍ വെക്കൂ , ഞങ്ങള്‍ കാത്തിരിക്കുന്നു എന്ന് പറയുന്നവര്‍ ലക്ഷങ്ങളാണ്. സംസ്‌കാരത്തിനും ഭാഷക്കും ജീവിതശൈലിക്കും എല്ലാം വ്യത്യാസങ്ങള്‍ വരച്ചിടുന്ന രാജ്യാതിര്‍ത്തികളെല്ലാം ഭേദിച്ചതാണ് ബിടിഎസിന്റെ വിജയം. അവരുടെ പാട്ടുകള്‍ സാന്ത്വനത്തിന്റേയും പ്രതീക്ഷയുടേയും കരുതലിന്റേയും തണുത്ത നനുത്ത കാറ്റായി അനുഭവിച്ചവര്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്.  

അതുകൊണ്ടാണ് ഒരിടവേള പ്രഖ്യാപനം കൊടുംകാറ്റായി ആര്‍മിയുടെ നിരകളില്‍ പടര്‍ന്നുകയറിയത്. ബിടിഎസിന് വിശദീകരണവുമായി ആശ്വസിപ്പിക്കേണ്ടി വന്നത്. ബിടിഎസ് എന്നാല്‍ ആര്‍മിയുടേതാണ്. ആര്‍മി ബിടിഎസിന്റേതും. ഇങ്ങനെയൊരു ബാന്‍ഡ് -ആരാധകബന്ധം ലോകത്തിന് ഇതാദ്യം

 

Read Also: ബി ടി എസ് ഇനി ഏത് ആര്‍മിക്കൊപ്പം, തിരിച്ചുവരവ് എപ്പോള്‍ ഏത് രൂപത്തില്‍?

PREV
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ