
ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്ന പരാതിയിൽ ആത്മഹത്യാ ഭീഷിണി മുഴക്കി യുവാവ്. മൊബൈൽ റേഞ്ചില്ലാത്തതിൽ പ്രതിഷേധിച്ച് ടെലികോം ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് പ്രദേശത്ത് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു. രാജസ്ഥാനിലെ ഡിഗ് ജില്ലയിലുള്ള ബെധാം ഗ്രാമത്തിലാണ് സംഭവം. പുഷ്കർ എന്ന പ്രാദേശിക യുവാവാണ് വിചിത്രമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒരു മാസത്തോളമായി ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഇയാൾ ആരോപിക്കുന്നു. ഫോൺ കോളുകൾ വിളിക്കാനോ ഇന്‍റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇത് ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് യുവാവ് ആരോപിക്കുന്നു. മോശം സേവനമാണ് നൽകുന്നതെങ്കിലും കമ്പനികൾ ഉയർന്ന റീചാർജ് നിരക്കുകളാണ് ഈടാക്കുന്നതെന്നും ഇയാൾ കുറ്റപ്പെടുത്തി.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ സദർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ടവറിന് മുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കി നിലയുറപ്പിച്ച യുവാവിനെ സുരക്ഷിതമായി താഴെയിറക്കാനായിരുന്നു പോലീസിന്‍റെ ആദ്യ ശ്രമം. ഡിസ്ട്രിക്ട് സൂപ്രണ്ട് ഓഫ് പോലീസ് ശരൺ കാംബ്ലെയുടെ നിർദ്ദേശപ്രകാരം പോലീസുകാർ ഇയാളുമായി നിരന്തരം ആശയവിനിമയം നടത്തുകയും കൗൺസിലിംഗ് നൽകുകയും ചെയ്തു.
തുടർന്ന് പ്രശ്ന പരിഹാരത്തിനായി സർവീസ് പ്രൊവൈഡറായ ജിയോയുടെ സാങ്കേതിക വിദഗ്ധരെ പോലീസ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഉദ്യോഗസ്ഥർ ഗ്രാമത്തിലെ നെറ്റ്‌വർക്ക് തകരാറുകൾ പരിശോധിച്ച് പരിഹരിക്കാമെന്ന് ഉറപ്പുനൽകി. ഏകദേശം മൂന്നര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് പുഷ്കർ ടവറിൽ നിന്ന് താഴെയിറങ്ങാൻ തയ്യാറായതെന്ന് സദർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് വീരേന്ദ്ര അറിയിച്ചു. തുടർന്ന് ഇയാളെ സുരക്ഷിതമായി താഴെയിറക്കി.