
ലോകം ചുറ്റിക്കാണുകയെന്നത് വെറുമൊരു അവധിക്കാല സ്വപ്നമായി മാറ്റിവെക്കാതെ, 33 വർഷം കൊണ്ട് 233 രാജ്യങ്ങളും ഭരണപ്രദേശങ്ങളും സന്ദർശിച്ച് ചൈനീസ് വ്യവസായി. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജുജി സ്വദേശിയായ ചെൻ ജിൻവെയ് (53) ആണ് പെറുവിലേക്കുള്ള യാത്രയോടെ തന്‍റെ ദീർഘകാല സ്വപ്നം പൂർത്തിയാക്കി സ്വന്തം നാട്ടിൽ തിരിച്ചെത്തിയത്.
മെഷിനറി കമ്പനി ഉടമയായ ചെൻ തന്‍റെ സ്വപ്നയാത്രകൾക്കായി ഏകദേശം 14 കോടിയിലധികം ഇന്ത്യൻ രൂപയാണ് ചെലവഴിച്ചത്. എന്നാൽ ബിസിനസും കുടുംബവും ഉപേക്ഷിച്ചായിരുന്നില്ല ഈ യാത്രകൾ. ഒരു മാസം ബിസിനസും കുടുംബ കാര്യങ്ങളും നോക്കിനടത്തുകയും, തൊട്ടടുത്ത മാസം വിദേശയാത്രയ്ക്കായി തിരിക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം വർഷങ്ങളായി പിന്തുടർന്നത്.
1993 -ൽ സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയോടെയാണ് ചെൻ ജിൻവെയ്യുടെ യാത്രകളുടെ തുടക്കം. ഇന്‍റർനെറ്റ് പ്രചാരത്തിലാകുന്നതിന് മുൻപുള്ള ആ കാലത്ത്, പുസ്തകങ്ങളിലൂടെ മാത്രം ലോകത്തെ അറിയുന്നതിന് പകരം നേരിട്ട് കണ്ടനുഭവിക്കാനാണ് ചെൻ ആഗ്രഹിച്ചിരുന്നത്.
യാത്രയുടെ തുടക്കത്തിൽ തന്നെ അന്‍റാർട്ടിക്ക, ആർട്ടിക് തുടങ്ങിയ കഠിനമായ യാത്രാലക്ഷ്യങ്ങൾ അദ്ദേഹം തെരഞ്ഞെടുത്തു. 2015 -ൽ അന്‍റാർട്ടിക്കയിലേക്കുള്ള ആദ്യ ശ്രമത്തിനിടെ കപ്പലിന് സാങ്കേതിക തകരാർ സംഭവിച്ച് യാത്ര ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, 2016 ജനുവരിയിൽ അദ്ദേഹം ലക്ഷ്യം കണ്ടു. ന്യൂസിലാൻഡിന്‍റെ കീഴിലുള്ള വിദൂര ദ്വീപായ ടോക്കെലാവുവിൽ എത്താനും അദ്ദേഹത്തിന് വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു.
യാത്രകൾക്കിടയിൽ ആഫ്രിക്കയിൽ വെച്ച് മലമ്പനി ബാധിക്കുകയും ഗ്രീസിൽ വെച്ച് ഭൂകമ്പത്തെ നേരിടേണ്ടി വന്നു. ഇത്തരം പ്രതിസന്ധികളാണ്, കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ ശാന്തനായിരിക്കാൻ തന്നെ പഠിപ്പിച്ചതെന്ന് ചെൻ വ്യക്തമാക്കുന്നു.
വെറുതെ സ്ഥലങ്ങൾ കണ്ടുമടങ്ങുന്നതിന് പകരം, സന്ദർശിക്കുന്ന ഇടങ്ങളിലെ പ്രാദേശിക സംസ്കാരങ്ങൾ പഠിക്കാനാണ് അദ്ദേഹം സമയം കണ്ടെത്തിയത്. യാത്രകൾക്കിടയിൽ 198 രാജ്യങ്ങളിലെ കറൻസികൾ ശേഖരിച്ച ചെൻ, അവ പിന്നീട് പ്രശസ്ത ചൈനീസ് പര്യവേക്ഷകനായ ഷു സിയാകെയുടെ ഓർമ്മ നിലനിർത്തുന്ന 'ഷു സിയാകെ മെമ്മോറിയൽ ഹാളിന്' സംഭാവന നൽകി.
"തടസ്സങ്ങളോ സന്തോഷങ്ങളോ സങ്കടങ്ങളോ എന്തുതന്നെയായാലും ചെയ്യുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുക. സമയം ആർക്കും വേണ്ടി കാത്തുനിൽക്കില്ല, അതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കരുത്," എന്നാണ് ലോകം ചുറ്റാൻ ആഗ്രഹിക്കുന്നവരോട് ചെന്നിന് പറയാനുള്ളത്.
ലോകത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 195 രാജ്യങ്ങളാണുള്ളതെങ്കിലും, ആശ്രിത പ്രദേശങ്ങളും പ്രത്യേക ഭരണമേഖലകളും ഉൾപ്പെടുത്തിയാണ് ഈ എണ്ണം 233 ആയി കണക്കാക്കുന്നത്. ചൈനയിൽ ഇതുവരെ എഴുപതോളം പേർ ഇത്തരത്തിൽ 233 പ്രദേശങ്ങളും സന്ദർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇനി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ചെൻ ജിൻവെയ് ലക്ഷ്യമിടുന്നത്.