
ഏതൊരു സ്ഥാപനവും ജോലിക്കായി ഉദ്യോഗാർത്ഥികളെ തേടുമ്പോൾ തങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും ഒക്കെ മുൻപോട്ട് വയ്ക്കുന്നത് സാധാരണമാണ്. എന്നാൽ, ഒരു ചൈനീസ് കമ്പനി ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പരസ്യം ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട നിർദ്ദേശങ്ങളായി കമ്പനി മുന്നോട്ടുവച്ച കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി തുറന്നത്. പുകവലിക്കാത്തവരും മദ്യം കഴിക്കാത്തവരും മാംസാഹാരം കഴിക്കാത്തവരും മാത്രമേ ജോലിക്ക് അപേക്ഷിക്കാൻ പാടുള്ളൂ എന്ന ചൈനീസ് ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ പരസ്യം സോഷ്യൽ മീഡിയ ട്രെൻഡിംഗ് ടോപ്പിക്ക് ലിസ്റ്റിൽ ഒന്നാമതാണ് ഇപ്പോൾ.
'ദ സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഷെൻസെൻ ആസ്ഥാനമായുള്ള കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗവുമായി സംസാരിച്ചതിനെ കുറിച്ച് ഒരു ഉദ്യോഗാർത്ഥി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട് വലിയ വിമർശനം ഉയർന്നത്. ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം ആണ് ഉദ്യോഗാർത്ഥി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് ഓപ്പറേഷനുകൾക്കും മർച്ചൻഡൈസർ ഉത്തരവാദിത്തങ്ങൾക്കുമായി കമ്പനി 5,000 യുവാൻ (ഏകദേശം 57,000 രൂപ) ആണ് പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സൗജന്യ താമസവും ലഭ്യമാണ്. എന്നാൽ ഉദ്യോഗാർത്ഥികൾ യാതൊരു കാരണവശാലും പുകവലിക്കുകയോ മദ്യപിക്കുകയോ മാംസം കഴിക്കുകയോ ചെയ്യരുതെന്നാണ് കമ്പനിയുടെ നിർദ്ദേശം.
സംഭവം വിവാദമായതോടെ പിന്നീട് കമ്പനി വിശദീകരണവുമായി രംഗത്തെത്തി. മാംസം കഴിക്കാൻ പാടില്ല എന്ന നിർദ്ദേശം നൽകാൻ കാരണം ഉദ്യോഗാർത്ഥികളോടുള്ള വിവേചനം അല്ലെന്നും മറിച്ച് മാംസാഹാരം കഴിക്കേണ്ടി വരുമ്പോൾ മറ്റൊരു ജീവിയുടെ ജീവൻ നഷ്ടമാകുമെന്നതിനാലാണ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയതെന്നുമാണ് കമ്പനിയുടെ വിശദീകരണം.