Kim Jong Un : കിമ്മിനെ അനുകരിച്ച് ഡ്യൂപ്ലിക്കേറ്റ് ജാക്കറ്റിട്ട് 'ലോക്കല്‍സ്'; പണികൊടുത്ത് പൊലീസ്!

By Web TeamFirst Published Nov 26, 2021, 7:55 PM IST
Highlights

ഉത്തരകൊറിയയിലെ സാധാരണക്കാര്‍ക്ക് ഒരിക്കലും ഇടാനാവാത്തതാണ് കിം മോഡല്‍ ജാക്കറ്റ്. പട്ടിണിയും ദാരിദ്ര്യവും നേരിടുന്ന ഉത്തരകൊറിയയിലെ പാവങ്ങള്‍ അത്രയും വിലയുള്ള ജാക്കറ്റ് എങ്ങനെ വാങ്ങാനാണ്. അതിനാലാണ് അവര്‍ പുതിയ വഴി തേടിയത്. അതേ സ്‌റ്റെലിലുള്ള ജാക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ്! 

സാധാരണക്കാരെല്ലാം കിമ്മിനെപ്പോലെ വസ്ത്രം ധരിച്ചാല്‍ എന്തുചെയ്യും? അതും പരമാധികാരിയുടെ വസ്ത്രങ്ങളെ അനുകരിക്കുന്ന ഡ്യൂപ്ലിക്കേറ്റ് വസ്ത്രങ്ങള്‍! 

ഉത്തരകൊറിയന്‍ പൊലീസിനെ ആകെ കുഴക്കുന്ന ചോദ്യമാണിത്. അവസാനം അതിനൊരുത്തരം അവര്‍ കണ്ടെത്തുക തന്നെ ചെയ്തു-വിലകുറഞ്ഞ ഡ്യൂപ്ലിക്കേറ്റ് വസ്ത്രങ്ങള്‍ ധരിച്ച് കിമ്മിനെ അനുകരിക്കുന്നത് നിരോധിക്കുക. 

തമാശയല്ല, പൊലീസ് ഒടുവില്‍ ആ ഉത്തരവിറക്കി.  ഉത്തരവ് ലംഘിക്കുന്നവരെ പിടികൂടാന്‍ തെരുവുകളില്‍ ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ പൊലീസ്. സര്‍ക്കാര്‍ പുറത്തുവിടുന്നതല്ലാത്ത വാര്‍ത്തകളൊന്നും പുറത്തുവരാത്ത ഉത്തരകൊറിയയില്‍നിന്നുള്ള ഈ വിശേഷവാര്‍ത്ത റേഡിയോ ഫ്രീ ഏഷ്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.   

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അന്നാട്ടുകാര്‍ക്ക് പരമാധികാരി മാത്രമല്ല. ഫാഷന്‍ അടക്കം എല്ലാറ്റിലുമുള്ള അവരുടെ അവസാനവാക്കാണ്. അങ്ങനെയാണ്, അവിടത്തുകാരെല്ലാം കിമ്മിനെ അനുകരിക്കാന്‍ തുടങ്ങിയത്. ഉദാഹരണത്തിന് കിമ്മിന്റെ വസ്ത്രധാരണം എടുക്കുക. 

വല്ലപ്പോഴും മാത്രം ക്യാമറകള്‍ക്കു മുന്നിലെത്തുന്ന കിം വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധയുള്ളയാളാണ്. വിലകൂടിയ വസ്ത്രങ്ങളാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. വിലകൂടിയ, ഉന്നത നിലവാരമുള്ള തുകല്‍ ജാക്കറ്റാണ് കിമ്മിന്റെ വസ്ത്രങ്ങളില്‍ ആദ്യം കണ്ണില്‍പ്പെടുക. അതു തന്നെയാണ് നാട്ടുകാരെയും ആകര്‍ഷിച്ചത്. ആദ്യം ഉത്തരകൊറിയയിലെ പണക്കാരും വമ്പന്‍ ബ്യൂറോക്രാറ്റുകളും ബിസിനസുകാരുമൊക്കെയാണ് കിമ്മിനെ അനുകരിച്ച് അതേ മാതിരിയുള്ള തുകല്‍ ജാക്കറ്റ് ധരിക്കാന്‍ തുടങ്ങിയത്. അതു കഴിഞ്ഞതോടെ സാധാരണക്കാരും കിം മോഡല്‍ ലെതര്‍ ജാക്കറ്റിടാന്‍ തുടങ്ങി. 

 

 

എന്നാല്‍, ഉത്തരകൊറിയയിലെ സാധാരണക്കാര്‍ക്ക് ഒരിക്കലും ഇടാനാവാത്തതാണ് കിം മോഡല്‍ ജാക്കറ്റ്. പട്ടിണിയും ദാരിദ്ര്യവും നേരിടുന്ന ഉത്തരകൊറിയയിലെ പാവങ്ങള്‍ അത്രയും വിലയുള്ള ജാക്കറ്റ് എങ്ങനെ വാങ്ങാനാണ്. അതിനാലാണ് അവര്‍ പുതിയ വഴി തേടിയത്. അതേ സ്‌റ്റെലിലുള്ള ജാക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ്! അതെ, പുറത്തുനിന്നും കടത്തുന്ന വ്യാജ തുകല്‍ ഉപയോഗിച്ച് ഉത്തരകൊറിയന്‍ വസ്ത്രനിര്‍മാതാക്കള്‍ കിമ്മിന്‍േറതുപോലുള്ള തുകല്‍ ജാക്കറ്റ് വ്യാപകമായി നിര്‍മിക്കാന്‍ തുടങ്ങി. ചെറിയ തുകയ്ക്ക് ഇത് ലഭ്യമായതോടെ ഉത്തരകൊറിയയിലാകെ കിം മോഡല്‍ ജാക്കറ്റ് പ്രചാരത്തിലായി. 

2011-ല്‍ പിതാവ് കിം ജോംഗ് ഇല്‍ മരിച്ചതോടെയാണ് മകനായ കിം ജോംഗ് ഉന്‍ അധികാരത്തില്‍വന്നത്. അതിനു ശേഷമാണ് കിമ്മിന്റെ ലതര്‍ ജാക്കറ്റ് പ്രശസ്തമായത്. കിം അധികാരത്തിന്റെ പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്നതിനിടെയാണ്, കിമ്മിന്റെ ജാക്കറ്റുകള്‍ നാട്ടിലെല്ലാവരും ധരിക്കാന്‍ തുടങ്ങുന്നത്. 

ഈയിടെയാണ് ഇക്കാര്യം കിമ്മിന്റെ ശ്രദ്ധയില്‍പെട്ടതെന്നാണ് റേഡിയോ ഫ്രീ ഏഷ്യാ വാര്‍ത്തയില്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയില്‍, എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനിടെയായിരുന്നു അത്. പാര്‍ട്ടി സമ്മേളനത്തിന് എത്തിയപ്പോള്‍ കാണുന്നവരെല്ലാം കിമ്മിന്റെ സ്‌റ്റെലില്‍ ലതര്‍ ജാക്കറ്റുമിട്ട് നടക്കുന്നു. പാവപ്പെട്ടവരും ദരിദ്രരുമെല്ലാം ഒരേ സ്‌റ്റെലില്‍! മാത്രമല്ല, കിമ്മിന്റെ സഹോദരി അടക്കം ഈ സ്‌റ്റെലിലുള്ള ജാക്കറ്റായിരുന്നത്രെ ധരിച്ചത്. 

എന്തായാലും അതോടെ കാര്യങ്ങളില്‍ ഒരു തീരുമാനമായി. കിം ധരിക്കുന്ന ലെതര്‍ ജാക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ധരിക്കുന്നത് പൊലീസ് നിരോധിച്ചു. ഇപ്പോള്‍ ഉത്തരകൊറിയന്‍ തെരുവുകളില്‍ ഇത്തരം ജാക്കറ്റുകള്‍ തപ്പിനടപ്പാണ് പൊലീസുകാര്‍ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. 
 

click me!