Nostradamus Predictions : പണപ്പെരുപ്പം, യുദ്ധം, അണുബോംബ്, 2022 -ലെന്ത് സംഭവിക്കും? നോസ്ട്രഡാമസ് പ്രവചനങ്ങള്‍

By Web TeamFirst Published Dec 2, 2021, 12:44 PM IST
Highlights

അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനമനുസരിച്ച്, സായുധ സംഘട്ടനങ്ങൾ കാരണം ലോകത്തിൽ പട്ടിണി വർദ്ധിക്കും. ഇത് വലിയ കുടിയേറ്റങ്ങൾക്ക് വഴിയൊരുക്കും.

ഒരു ഫ്രഞ്ച് ജ്യോതിഷിയും, വൈദ്യനും, പ്രശസ്ത ദാർശനികനുമൊക്കെയായിരുന്നു നോസ്ട്രഡാമസ്(Nostradamus). 465 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം തന്റെ 'ലെസ് പ്രൊഫെറ്റീസ്'(Les Prophéties) എന്ന പുസ്തകത്തിൽ ഭാവിയെക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങൾ(Predictions) നടത്തുകയുണ്ടായി. അവയിൽ പലതും പിന്നീട് സത്യമായിത്തീർന്നു. 1503 ഡിസംബറിൽ തെക്കൻ ഫ്രാൻസിലെ സെന്റ് റൂമി ഡി പ്രോവെൻസിലാണ് നോസ്ട്രഡാമസ് ജനിച്ചത്. നാലുവരിക്കവിതകളുടെ രൂപത്തിൽ മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ച് ആയിരക്കണക്കിന് പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയത്. അഡോൾഫ് ഹിറ്റ്ലറുടെ ഉയർച്ച, ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ നടന്ന ന്യൂക്ലിയർ സ്ഫോടനം, വേൾഡ് ട്രേഡ് സെന്റർ ആക്രമണങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രധാന ലോക സംഭവങ്ങൾ ഈ ഫ്രഞ്ച് മനുഷ്യൻ വിജയകരമായി പ്രവചിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.

3797 വരെയുള്ള പ്രവചനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. 2022 -ൽ അദ്ദേഹം എന്തായിരിക്കും പ്രവചിട്ടുണ്ടാവുക എന്നറിയാൻ പലരും ആഗ്രഹിക്കുന്നുണ്ട്. അതിലൊന്ന് ഛിന്നഗ്രഹത്തെ കുറിച്ചുള്ളതാണ്. 2021 മുതൽ നാമെല്ലാവരും കേൾക്കുന്ന ഒന്നാണ് അതെങ്കിലും 2022 -ൽ ഇത് സംഭവിക്കുമെന്നും, വളരെയധികം നാശമുണ്ടാക്കിയേക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് വരാനും, ഭൂമിയുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. സമുദ്രത്തിനടിയിൽ സ്ഫോടനമുണ്ടാകാൻ ഇത് കാരണമാവും. ഈ സമുദ്രാന്തർ സ്ഫോടനങ്ങൾ സുനാമിയിലേക്കും, ഭൂകമ്പത്തിലേക്കും നയിക്കുമെന്നും അദ്ദേഹം എഴുതിയിരിക്കുന്നു.    

പിന്നീടായി അദ്ദേഹം പറയുന്നത് പണപ്പെരുപ്പത്തെ കുറിച്ചാണ്. പണപ്പെരുപ്പം നിയന്ത്രണാതീതമാകുമെന്നും, യുഎസ് ഡോളറിന്റെ മൂല്യം തകരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. അത് മാത്രമല്ല, സ്വർണ്ണം, വെള്ളി, ബിറ്റ്കോയിൻ എന്നിവ ആസ്തികളായി കണക്കാക്കുകയും ആളുകൾ അതിൽ നിക്ഷേപം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. കമ്പ്യൂട്ടറുകളും റോബോട്ടുകളും മനുഷ്യനെ കീഴടക്കുമെന്നും ലോകം ഭരിക്കുമെന്നും അവകാശപ്പെടുന്ന ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. നോസ്ട്രഡാമസും ഇതുതന്നെയാണ് പ്രവചിച്ചിരിക്കുന്നത്. 2022-ഓടെ നിർമ്മിത ബുദ്ധി മനുഷ്യ ഇന്റർഫേസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.

അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനമനുസരിച്ച്, സായുധ സംഘട്ടനങ്ങൾ കാരണം ലോകത്തിൽ പട്ടിണി വർദ്ധിക്കും. ഇത് വലിയ കുടിയേറ്റങ്ങൾക്ക് വഴിയൊരുക്കും. നോസ്ട്രഡാമസിന്റെ അഭിപ്രായത്തിൽ, 2022 ൽ ഒരു അണുബോംബ് പൊട്ടിത്തെറിക്കും. ഇത് കാലാവസ്ഥാ വ്യതിയാനങ്ങൾക്കും വെള്ളപ്പൊക്കത്തിനും ഭൂകമ്പത്തിനും കാരണമാകുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഇത് പ്രവചനങ്ങൾ മാത്രമാണ്. അത് സംഭവിക്കുമെന്ന് കരുതി ആകുലപ്പെടുന്നതിലർത്ഥമില്ല. 

click me!