North Korean Teen : ദക്ഷിണകൊറിയൻ സിനിമ കണ്ടു, ഉത്തരകൊറിയയിൽ കൗമാരക്കാരന് 14 വർഷം തടവ്

By Web TeamFirst Published Dec 2, 2021, 12:23 PM IST
Highlights

കർശനമായ സാംസ്കാരിക നിയമങ്ങൾ ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷകളാണ് രാജ്യം നൽകുന്നത്. ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ 'ശത്രു രാജ്യങ്ങളിൽ' നിന്നുള്ള സിനിമകൾ കാണുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ ഉപരോധമുണ്ട്.

നമ്മുടെ രാജ്യത്ത് കുട്ടികൾ സിനിമകൾ കണ്ടും, പുസ്തകങ്ങൾ വായിച്ചും വളരുമ്പോൾ, ഉത്തര കൊറിയയിലെ ബാല്യം ഏകാധിപതികളെ അന്ധമായി പിന്തുണക്കാനും, അവരുടെ പ്രത്യയശാസ്ത്രവും ചരിത്രവും മനഃപാഠമാക്കാനും ചിലവഴിക്കുകയാണ് എന്ന് റിപ്പോർട്ട്. ഉത്തരകൊറിയയിൽ ഒരു കൗമാരക്കാരനെ(North Korean Teen ) അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു ദക്ഷിണ കൊറിയൻ സിനിമ(South Korean Film) കണ്ടുവെന്ന് കുറ്റത്തിന് 14 വർഷം തടവിന്(14 years in prison) ശിക്ഷിച്ചതായിട്ടാണ് റിപ്പോർട്ട്.  

സിനിമ കണ്ട കുറ്റത്തിന് യാങ്ഗാങ് പ്രവിശ്യയിൽ നിന്നുള്ള 14 വയസ്സുകാരനെ നവംബർ ഏഴിനാണ് അറസ്റ്റ് ചെയ്തത്. കിം ഹ്യോങ്-ജിൻ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ സിനിമയായ 'ദി അങ്കിൾ' എന്ന ചിത്രമായിരുന്നു കുട്ടി കണ്ടത്. സിനിമ കാണാൻ തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി എൻകെ പറയുന്നു. തുടർന്നാണ് അവനെ പതിനാല് വർഷത്തെ കഠിനാധ്വാനത്തിന് ശിക്ഷിച്ചത്. ഖനികൾ, കൃഷിയിടങ്ങൾ, നിർമ്മാണ മേഖലകൾ എന്നിവിടങ്ങളിൽ നിർബന്ധിത വേല ചെയ്യിക്കുന്ന ശിക്ഷാ നടപടിയാണ് ഇത്. ഹൈസൻ സിറ്റിയിലെ എലിമെന്ററി ആൻഡ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥിയാണ് കൗമാരക്കാരൻ. ഇത് കൂടാതെ, ഉത്തര കൊറിയയിൽ നിലവിലുള്ള സംവിധാനം അനുസരിച്ച് വിദ്യാർത്ഥിയുടെ മാതാപിതാക്കളും ശിക്ഷിക്കപ്പെടുമോ എന്നാണ് സംശയം.      

കർശനമായ സാംസ്കാരിക നിയമങ്ങൾ ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷകളാണ് രാജ്യം നൽകുന്നത്. ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ 'ശത്രു രാജ്യങ്ങളിൽ' നിന്നുള്ള സിനിമകൾ കാണുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ ഉപരോധമുണ്ട്. കഴിഞ്ഞ മാസം, ഹിറ്റ് നെറ്റ്ഫ്ലിക്സ് സീരീസ് സ്ക്വിഡ് ഗെയിമിന്റെ പകർപ്പുകൾ വിതരണം ചെയ്തതിന് ഒരാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. അയാൾ ചൈനയിൽ നിന്ന് ഉത്തര കൊറിയയിലേക്ക് സ്ക്വിഡ് ഗെയിമിന്റെ ഒരു പകർപ്പ് കൊണ്ടുവന്ന് സീരീസ് അടങ്ങിയ യുഎസ്ബി ഫ്ലാഷ് ഡ്രൈവുകൾ വിറ്റതായി പറയപ്പെടുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പാസാക്കിയ നിയമപ്രകാരം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ, നാടകങ്ങൾ, സംഗീതം, പുസ്തകങ്ങൾ തുടങ്ങിയവ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.  

(ചിത്രം പ്രതീകാത്മകം)

click me!