മുംബൈയിൽ പ്ലംബർക്ക് വർഷം 18 ലക്ഷം രൂപ വരുമാനം; 'ലൈഫ് ചോയിസിനെ' കുറിച്ചുള്ള യുവാവിന്‍റെ പോസ്റ്റ് വൈറൽ

Published : Mar 17, 2026, 11:43 AM IST
Plumber

Synopsis

മുംബൈയിലെ ഒരു പ്ലംബർ വർഷം 18 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഉയർന്ന വിദ്യാഭ്യാസവും കോർപ്പറേറ്റ് ജോലിയുമില്ലാതെയും മികച്ച വരുമാനം നേടാമെന്നും എഐ കാലഘട്ടത്തിലും ബ്ലൂ കോളർ ജോലികൾക്ക് പ്രാധാന്യമുണ്ടെന്നും ഈ സംഭവം തെളിയിക്കുന്നു.

 

യർന്ന വിദ്യാഭ്യാസവും കോർപ്പറേറ്റ് ജോലിയും മാത്രമാണ് മികച്ച വരുമാനത്തിലേക്കുള്ള വഴിയെന്ന് വിശ്വസിക്കുന്നവർക്കിടയിൽ ചർച്ചയാവുകയാണ് മുംബൈയിലെ ഒരു പ്ലംബറുടെ വരുമാന കണക്കുകൾ. തന്‍റെ സൊസൈറ്റിയിൽ പൈപ്പ് നന്നാക്കാൻ വന്ന പ്ലംബർ വർഷം 18 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ ഒരു യുവാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വാർത്തയായത്.

അവിശ്വസനീയമായ കാര്യം

സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെ, "കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നും. ഇന്ന് ഞങ്ങളുടെ ടൗൺഷിപ്പിൽ പൈപ്പ് നന്നാക്കാൻ വന്ന പ്ലംബറുമായി സംസാരിക്കുകയായിരുന്നു ഞാൻ. സാധാരണ ഗതിയിൽ ഒരു വർഷം എത്ര രൂപ സമ്പാദിക്കാറുണ്ട് എന്ന് ചോദിച്ചപ്പോൾ, താൻ ജോലി ചെയ്യുന്ന വിവിധ ടൗൺഷിപ്പുകളിൽ നിന്നുള്ള വരുമാനം കണക്കാക്കിയാൽ വർഷം ഏകദേശം 18 ലക്ഷം രൂപ ലഭിക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി." ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും പ്ലംബർ കണക്കുകൾ നിരത്തിയതോടെ താൻ അമ്പരന്നുപോയെന്നും യുവാവ് റെഡ്ഡിറ്റിൽ (Reddit) കുറിച്ചു.

 

 

വെറുമൊരു വെളിപ്പെടുത്തലിൽ ഒതുങ്ങുന്നതല്ല ഈ പ്ലംബറുടെ സമ്പാദ്യം. 2023 മോഡൽ ഹ്യുണ്ടായ് ക്രെറ്റ കാർ സ്വന്തമായുള്ള ഇദ്ദേഹം, നാട്ടിൽ പുതിയ വീട് നിർമ്മിക്കുകയും കൃഷിഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്. "പുള്ളി ശരിക്കും പണക്കാരനായിക്കഴിഞ്ഞു. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചും എന്‍റെ ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ചും ഞാൻ ഇപ്പോൾ ഗൗരവമായി ആലോചിക്കുകയാണ്," യുവാവ് കൂട്ടിച്ചേർത്തു.

എഐയ്ക്ക് മുന്നിൽ നഷ്ടപ്പെടാത്ത ജോലി

സമൂഹ മാധ്യമങ്ങളിൽ ഈ പോസ്റ്റ് വൈറലായതോടെ ബ്ലൂ കോളർ (Blue collar) ജോലികളുടെ പ്രാധാന്യത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പോലുള്ള സാങ്കേതിക വിദ്യകൾ ലോകത്തെ കീഴടക്കുമ്പോഴും പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, മെക്കാനിക്കുകൾ തുടങ്ങിയവരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മുംബൈയിലെ പ്ലംബർമാർക്ക് ഇത്രയും ലഭിക്കുന്നുണ്ടെങ്കിൽ അമേരിക്കയിലും ഓസ്‌ട്രേലിയയിലും അവർക്ക് ലഭിക്കുന്ന ഉയർന്ന വരുമാനം കൂടി പരിശോധിക്കണമെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ദില്ലിയിലെ ഒരു എസി മെക്കാനിക് മാർച്ച് മുതൽ മെയ് വരെയുള്ള മൂന്ന് മാസങ്ങളിൽ മാത്രം 3 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ബാക്കി സമയം നാട്ടിൽ കൃഷി ചെയ്യുകയാണെന്നും മറ്റൊരാൾ വെളിപ്പെടുത്തി. ഒരു മണിക്കൂർ ജോലിക്ക് കുറഞ്ഞത് 500 രൂപയെങ്കിലും ഇവർ ഈടാക്കുന്നുണ്ടെന്നും ജോലിയുടെ വ്യാപ്തി അനുസരിച്ച് ഇത് കൂടുമെന്നും നിരവധിപ്പേർ അഭിപ്രായപ്പെടുന്നു.

 

PREV
Read more Articles on
click me!

Recommended Stories

37 കോടിയുടെ സ്വത്തിന് വേണ്ടി ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന ബാലസാഹിത്യകാരി കുറ്റക്കാരിയെന്ന് കോടതി
1.5 ലക്ഷം ശമ്പളം വാങ്ങുന്ന ടെക്കിക്കും ബെംഗളൂരുവിൽ മിച്ചം വെക്കാൻ പ്രയാസം; ചർച്ച