'പാട്ട് പാടി പക്ഷേ, ആ പാട്ടെഴുതിയ 'അടിയന്‍റെ' പേര് മാത്രം സുരേഷ് ഗോപി പറഞ്ഞില്ല,'; കേന്ദ്ര മന്ത്രിയെ ചിലത് ഓർമ്മപ്പെടുത്തി ശ്രീകുമാരൻ തമ്പി

Published : Aug 13, 2026, 11:04 PM IST
Suresh Gopi and Sreekumaran Thampi

Synopsis

പാർലമെന്റിൽ 'കേരളം കേരളം' എന്ന ഗാനം ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി രചയിതാവായ ശ്രീകുമാരൻ തമ്പിയുടെ പേര് പരാമർശിച്ചില്ല. ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച ശ്രീകുമാരൻ തമ്പി, സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിലെ തന്റെ പങ്കും ഓർമ്മിപ്പിച്ചു.

സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കിയതിൽ പാർലമെന്‍റിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം...’ എന്ന ഗാനം ആലപിച്ചതിനെ ചൊല്ലി വിവാദം. ഗാനത്തിന്‍റെ രചയിതാവായ ശ്രീകുമാരൻ തമ്പിയുടെ പേര് പരാമർശിക്കാതിരുന്നതിനെ വിമർശിച്ച് ശ്രീകുമാരൻ തമ്പി തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ കേന്ദ്ര മന്ത്രിയെ ചിലത് ഓർമ്മപ്പെടുത്തി രംഗത്തെത്തിയത്.

'ഒരു മഹാകവി'

കേരളത്തെക്കുറിച്ചുള്ള ഗാനമെന്ന നിലയിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഈ ഗാനത്തിന്‍റെ രചയിതാവിനെ പരാമർശിക്കാതെ ‘ഒരു മഹാകവി’ എന്ന വിശേഷണത്തിൽ ഒതുക്കിയെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചു. ഗാനത്തിന് മുമ്പ് വയലാറിന്‍റെയും ജി. ദേവരാജന്‍റെയും പേരുകൾ സുരേഷ് ഗോപി പരാമർശിച്ചതിനാൽ, ഈ ഗാനവും വയലാർ രചിച്ചതാണെന്ന് ആളുകൾ കരുതട്ടെയെന്ന ഉദ്ദേശം സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നോയെന്നും ശ്രീകുമാരൻ തമ്പി പരിഹാസരൂപത്തിൽ ചോദിക്കുന്നു.

മറക്കുന്ന, വന്ന വഴികൾ

തന്‍റെ പേര് പറയാതിരുന്നതിന് സുരേഷ് ഗോപിക്ക് ചില കാരണങ്ങളുണ്ടാകാമെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു. മോഹൻലാലിനെ നായകനാക്കി താൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ, അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ പ്രധാന വില്ലനായി അവതരിപ്പിച്ചതും അദ്ദേഹം ഓർമിപ്പിച്ചു. പിന്നീട് സുരേഷ് ഗോപി നായകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തെ നായകനാക്കണമെന്ന് ശ്രീകുമാരൻ തമ്പി നിർബന്ധിച്ചെന്നും അങ്ങനെയാണ് ഐവി ശരി, സുരേഷ് ഗോപിയെ ആദ്യമായി നായകനാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ബന്ധുവാര് ശത്രുവാര്'

‘ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കേണ്ട എന്ന സത്യവും എനിക്കറിയാം’ എന്ന പരിഹാസത്തോടെയാണ് അദ്ദേഹം കുറിപ്പ് തുടരുന്നത്. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇക്കാര്യങ്ങളെല്ലാം മറന്നിട്ടുണ്ടാകാമെന്നും എന്നാൽ ഈ 86 -ാം വയസിലും തന്‍റെ ഓർമ്മശക്തിക്ക് കുഴപ്പമൊന്നുമില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സുരേഷ് ഗോപി ഈ ‘മറവിരോഗത്തിൽ’ നിന്ന് രക്ഷപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പരിഹസിച്ചു. തന്‍റെ മറ്റൊരു പ്രശസ്ത ഗാനമായ ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ...’ എന്ന വരികൾ തന്‍റെ പേര് പറയാതെതന്നെ സുരേഷ് ഗോപി ഉദ്ധരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പരിഹാസരൂപത്തിൽ കൂട്ടിച്ചേർത്തു.

ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിലെഴുതിയതിന്‍റെ പൂർണ്ണരൂപം:

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാർലമെന്‍റിൽ നമ്മുടെ സംസ്ഥാനത്തിന്‍റെ പേര് 'കേരളം' എന്ന് പൂർണ്ണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയിൽ

'കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം..' എന്ന ഗാനം പാടി അഭിമാനപുളകിതനായി. എം ടി വാസുദേവൻ നായർ, ജോൺസൺ, വയലാർ, ജി. ദേവരാജൻ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്‍റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം പാടിയ "കേരളം... കേരളം" എന്ന പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി എന്ന അടിയന്‍റെ പേര് പറയാൻ തയ്യാറായില്ല. ഒരു പക്ഷെ എന്‍റെ പേര് അദ്ദേഹത്തിന്‍റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം 'ഒരു മഹാകവി' എന്ന ലേബലിൽ എന്നെ ഒതുക്കി. പാട്ട് പാടുന്നതിനു മുൻപ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽ നിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചു കാണും.

കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്‍റെ രചയിതാവായ എന്‍റെ പേര് ആ നല്ല അവസരത്തിൽ പറയാതിരിക്കാൻ സുരേഷ് ഗോപിക്ക് രണ്ടു മൂന്നു കാരണങ്ങൾ ഉണ്ട്. മോഹൻലാലിനെ നായകനാക്കി ഞാൻ സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്ത 'യുവജനോത്സവം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാൻ പ്രധാന വില്ലനാക്കി. നായകനാകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി ഐ വി ശശി സംവിധാനം ചെയ്ത 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാൻ നിർബന്ധമായി ശശിയോട് പറഞ്ഞു. സുരേഷ് ഗോപി ആദ്യമായി നായകനായി വന്നത് 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തിൽ ആണ്. അന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു പ്രശസ്തനായ ഒരു യുവനായകനായിരുന്നു ഐ വി ശശിയുടെ മനസ്സിൽ. എന്നാൽ എന്‍റെ അഭ്യർത്ഥന മാനിച്ച് ശശി സുരേഷ് ഗോപിയെ തന്നെ നായകനാക്കി. 'അക്ഷരത്തെറ്റ്' റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററിൽ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് ആ കുടുംബത്തിന്‍റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കണ്ട എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും. പക്ഷെ ഈ എൺപത്താറാം വയസ്സിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

"ബന്ധുവാര് ശത്രുവാര്

ബന്ധനത്തിൻ നോവറിയും

കിളിമകളേ പറയൂ ..."

ഇതും എന്‍റെ വരികളാണ്. എന്‍റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ പിറന്നാൾ ആഘോഷിക്കണം, 9 വയസുകാരനൊരു മോഹം, പിന്നെ നടന്നത്...
അവിശ്വസനീയം; 2 വർഷം നീണ്ട അന്വേഷണം, ബസ്സിൽ മറന്നുവെച്ച 24,000 രൂപ തിരികെ നൽകി കണ്ടക്ടർ