'പാചകക്കാർക്ക് 8,000 രൂപ മാസം നൽകുന്നത് ഭക്ഷണത്തിനല്ല, ആ ചിന്ത തന്നെ ഒഴിവാക്കാൻ'; ബെംഗളൂരുവിലെ 'വിചിത്ര സാമ്പത്തികശാസ്ത്ര'ത്തെ കുറിച്ച് യുവതി

Published : Oct 08, 2026, 12:54 PM IST
female chef

Synopsis

ബംഗളൂരുവിൽ വലിയ തുക നൽകി പാചകക്കാരെ നിയമിക്കുന്നതിന് പിന്നിലെ കാരണങ്ങൾ തുറന്നെഴുതിയിരിക്കുകയാണ് മേഘ എന്ന യുവതി. മികച്ച രുചിയുള്ള ഭക്ഷണം ലഭിക്കാനല്ല, മറിച്ച് എന്ത് പാചകം ചെയ്യണമെന്ന മാനസിക സമ്മർദ്ദം ഒഴിവാക്കാനാണ് ആളുകൾ പണം ചെലവാക്കുന്നത്. പുറത്തുനിന്ന് ഭക്ഷണം വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് ഇതെന്നാണ് പലരുടെയും അഭിപ്രായം.

ഐടി നഗരമായ ബംഗളൂരുവിൽ ഒരു പാചകക്കാരനെ നിയമിക്കുന്നതിന്‍റെ പിന്നിലെ 'വിചിത്രമായ സാമ്പത്തിക ശാസ്ത്രം' തുറന്നെഴുതി യുവതിയുടെ സമൂഹ മാധ്യമ കുറിപ്പ്. മേഘ (@HeyItsMegha) എന്ന എക്സ് അക്കൗണ്ട് ഉടമ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. നഗരത്തിൽ വലിയ തുക നൽകി പാചകക്കാരെ നിയമിച്ചാലും മികച്ച രുചിയുള്ള ഭക്ഷണം ലഭിക്കാറില്ലെന്നും എന്നാൽ ദിനംപ്രതി എന്ത് പാചകം ചെയ്യണമെന്ന ചിന്തയും മാനസിക സമ്മർദ്ദവും ഒഴിവാക്കാനാണ് ആളുകൾ ഈ തുക ചെലവഴിക്കുന്നതെന്നും യുവതി അവകാശപ്പെടുന്നു.

മാസം 8,000 രൂപ വരെ!

ബംഗളൂരുവിൽ രണ്ടുപേർ മാത്രമുള്ള ഒരു ചെറിയ കുടുംബത്തിന് പാചകക്കാരെ നിയമിക്കാൻ പ്രതിമാസം 7,000 മുതൽ 8,000 രൂപ വരെയാണ് സാധാരണ നിരക്കെന്ന് മേഘ പറയുന്നു. "ബംഗളൂരുവിലെ പാചകക്കാരുടെ കണക്കുകൾ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. പ്രതിമാസം 7,000 മുതൽ 8,000 രൂപ വരെയാകും. ഞായറാഴ്ച അവധിയോടെ ദിവസം രണ്ട് തവണയാണ് ഇവർ വരുന്നത്. വീടുകളിലെത്തി പെട്ടെന്ന് പച്ചക്കറികൾ അരിഞ്ഞ് രണ്ട് വിഭവങ്ങൾ ഉണ്ടാക്കി, അടുത്ത വീട്ടിലേക്ക് തിടുക്കത്തിൽ പോകും," എന്ന് മേഘ കുറിച്ചു.

എല്ലാമൊരു എളുപ്പപ്പണി

"പ്രഷർ കുക്കറാണ് അവരുടെ പ്രധാന അസ്ത്രം. പരിപ്പ്, ഉരുളക്കിഴങ്ങ്, സോയ, ചിക്കൻ അങ്ങനെ എന്തും ഇതിൽത്തന്നെ വെന്തുകിട്ടും! നമ്മൾ കൃത്യമായി പറഞ്ഞു കൊടുത്തില്ലെങ്കിൽ ഭക്ഷണത്തിന്‍റെ രുചി വളരെ സാധാരണ രീതിയിലായിരിക്കും. കൂടുതൽ എണ്ണയും മസാലയും ഉപയോഗിക്കുക എന്നതാണ് അവർ കണ്ടെത്തുന്ന എളുപ്പവഴി," അവർ കുറിച്ചു. "എന്നിട്ടും നമ്മൾ ഇതേ രീതി തുടരുന്നു. കാരണം, ഗംഭീര ഭക്ഷണം കിട്ടാനല്ല നമ്മൾ 8,000 രൂപ നൽകുന്നത് മറിച്ച്, ദിവസവും രണ്ടുനേരം എന്തു പാചകം ചെയ്യണമെന്ന് ആലോചിച്ച് തലപുകയ്ക്കുന്നത് ഒഴിവാക്കാനാണ് നമ്മൾ ആ തുക നൽകുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു," മേഘ വ്യക്തമാക്കി.

സമ്മിശ്രപ്രതികരണം

ഈ പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് അനുകൂലിച്ചും പ്രതികരിച്ചും രംഗത്തെത്തിയത്. ഭക്ഷണം അത്ര രുചികരമല്ലെങ്കിലും സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ വഴി പുറത്തുനിന്ന് ഓർഡർ ചെയ്യുന്നതിനേക്കാൾ ലാഭകരവും ആരോഗ്യകരവുമാണ് ഇതെന്നായിരുന്നു ഭുരിഭാ​ഗം ആളുകളും ചൂണ്ടിക്കാട്ടിയത്.

PREV
Read more Articles on
click me!

Recommended Stories

ഹോട്ടൽ മുറിയിൽ 39 -കാരിയുടെ മൃതദേഹം; നിർണായക തെളിവായി സിസിടിവി; ജപ്പാനിൽ യുഎസ് മറീൻ അറസ്റ്റിൽ!
‘എന്നെ ജോലിക്കെടുക്കൂ, മുഴുവൻ കഴിവും പുറത്തെടുക്കാം!’ പാതി മാത്രം പ്രിന്‍റ് ചെയ്ത റെസ്യൂമെ; ഇന്‍റർനെറ്റിൽ വൻ ചർച്ച