നൈറ്റ് ഷിഫ്റ്റിൽ 'സഹായി' കാമുകൻ; ആശുപത്രിയിലെ വീഡിയോ പങ്കുവച്ച നേഴ്സിന് സസ്പെൻഷൻ

Published : Jan 13, 2026, 02:38 PM IST
Nurse

Synopsis

ചൈനയിലെ ഒരു ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റിലുണ്ടായിരുന്ന നഴ്സ്, തൻ്റെ കാമുകനെ ജോലിയിൽ സഹായിക്കാൻ ഒപ്പം കൂട്ടി. കാമുകൻ രോഗികൾക്ക് മരുന്ന് തയ്യാറാക്കുന്നതിൻ്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വിവാദമാവുകയും നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു

 

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള ഒരു ആശുപത്രിയിൽ നടന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജോലി സ്ഥലത്തെ അച്ചടക്കം ലംഘിച്ച് നൈറ്റ് ഷിഫ്റ്റിനിടെ കാമുകനെ ഒപ്പം കൂട്ടുകയും, രോഗികളെ പരിചരിക്കാൻ സഹായിക്കാൻ അനുവദിക്കുകയും ചെയ്ത നഴ്സിനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് തന്‍റെ കാമുകനെ വാർഡിലേക്ക് വിളിച്ചു വരുത്തി. കാമുകൻ വെറുതെ കൂട്ടിരിക്കുകയല്ല ചെയ്തത്, മറിച്ച് നഴ്സിനെ ജോലിയിൽ സഹായിക്കുകയും ചെയ്തു. രോഗികൾക്ക് നൽകാനുള്ള മരുന്നുകൾ തയ്യാറാക്കുന്നതിലും ലേബൽ ഒട്ടിക്കുന്നതിലും മറ്റ് നഴ്സിംഗ് ജോലികളിലും ഇയാൾ കാമുകിക്കൊപ്പം പങ്കാളിയായി.

സഹായിക്കാൻ ആളുണ്ട്

തന്‍റെ കാമുകൻ തന്നെ രാത്രി ജോലിയിൽ സഹായിക്കുന്നതിന്‍റെ വീഡിയോകൾ നഴ്സ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. "രാത്രി ഡ്യൂട്ടിയിൽ എന്നെ സഹായിക്കാൻ ഒരാളുണ്ട്" എന്ന തരത്തിലുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് ഇവർ കുറിച്ചത്. ജനുവരി 2 -നാണ് നഴ്സ് ഈ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. തന്‍റെ നൈറ്റ് ഷിഫ്റ്റുകളിൽ കാമുകൻ നൽകുന്ന പിന്തുണയും കരുതലും മറ്റുള്ളവരെ കാണിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പകൽ സമയം സ്വന്തം ജോലി ചെയ്യുന്ന ഇയാൾ, രാത്രിയിൽ ഉറക്കമൊഴിച്ച് നഴ്സിനോടൊപ്പം ആശുപത്രിയിൽ സമയം ചെലവഴിക്കുകയായിരുന്നു പതിവ്. വീഡിയോയിലെ ദൃശ്യങ്ങളിൽ കാമുകൻ വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിൽ നിന്ന് ഇയാൾ പല ദിവസങ്ങളിലായി ആശുപത്രിയിൽ നഴ്സിനെ സഹായിക്കാൻ എത്തിയിട്ടുണ്ടെന്ന് വ്യക്തമായി.

സ്ഥിരം സന്ദർശകനായ കാമുകൻ

നഴ്സിന്‍റെ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആശുപത്രി മാനേജ്‌മെന്‍റും ചൈനീസ് സർക്കാരും ഈ വിഷയത്തിൽ അതിവേഗം ഇടപെട്ടു. ആശുപത്രി വക്താവ് നൽകിയ വിശദീകരണമനുസരിച്ച്, വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മാനേജ്‌മെന്‍റ് അന്വേഷണം ആരംഭിച്ചു. ഈ സംഭവത്തെ ആശുപത്രി അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. രോഗികളുടെ ജീവനും സ്വകാര്യതയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി വക്താവ് വ്യക്തമാക്കി. വിഷയത്തിൽ പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന്, ജനുവരി 3-ന് ക്വിംഗ്ദാവോ മുൻസിപ്പൽ ഹെൽത്ത് കമ്മീഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നഴ്സ് തന്റെ ജോലിയിലെ അച്ചടക്കം ഗുരുതരമായി ലംഘിച്ചുവെന്ന് കണ്ടെത്തിയതായാണ് ഈ പ്രസ്താവനയിൽ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

വിഷം പുരട്ടിയ അമ്പുകൾക്ക് 60,000 വർഷം പഴക്കം; മനുഷ്യന്‍റെ വേട്ടയാടൽ ചരിത്രത്തിന് പഴക്കം കൂടുതൽ
'തല പൊട്ടിത്തെറിക്കുന്നത് പോലെ, ചില‍ർ രക്തം ഛർദ്ദിച്ചു'; മദൂറോയെ തട്ടിക്കൊണ്ട് പോകാൻ യുഎസ് ഉപയോഗിച്ചത് 'രഹസ്യായുധം'?