
വടക്കൻ കരോലിനിലെ തണ്ണീർത്തടങ്ങളുടെ വിശാലമായ പ്രദേശത്ത് ഒരു വലിയ സൈപ്രസ് മരം വളരുന്നുണ്ട്. സംസ്ഥാനത്തെ ബ്ലാക്ക് റിവറിന്റെ തീരത്തെ സൈപ്രസ് മരങ്ങളുടെ കൂട്ടത്തിലാണ് ഇതുള്ളത്. അവയിൽ ചിലത് ഒരു സഹസ്രാബ്ദം പഴക്കമുള്ളതാണ്. എന്നാൽ, ഈ ഏകവൃക്ഷത്തിന് അതിന്റെ കൂട്ടുകാരേക്കാൾ പ്രായമുണ്ട്. കുറഞ്ഞത് 605 BCE മുതൽ ഇത് വളരുന്നുണ്ടെന്ന് 2019 -ലെ ഒരു പഠനം കണ്ടെത്തി. കിഴക്കൻ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന വൃക്ഷമാണിത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഞ്ചാമത്തെ ക്ലോണൽ ഇതര വൃക്ഷമാണിത്.
കാലാവസ്ഥാ പ്രതിസന്ധിയെ നമുക്ക് എങ്ങനെ ലഘൂകരിക്കാമെന്നും പൊരുത്തപ്പെടുത്താനും കഴിയുമെന്ന പാഠമാണ് 2,624 വർഷം പഴക്കമുള്ള ഈ സൈപ്രസ് നമുക്ക് പറഞ്ഞുതരുന്നത്. മരങ്ങളുടെ കാലപ്പഴക്കം കണ്ടെത്തുന്ന ഒരു ഡെൻഡ്രോക്രോണോളജിസ്റ്റായ ഡേവിഡ് സ്റ്റാഹലാണ് ഈ മരം കണ്ടെത്തിയത്. സ്റ്റാഹലും സംഘവും നടത്തിയ ബ്ലാക്ക് റിവർ ഗവേഷണത്തിൽ കാലാവസ്ഥാ വ്യതിയാനം അപകടകരമായ ശത്രുവാണ് എന്ന് കണ്ടെത്തുന്നു. ചെടികളുടെ വളർച്ചയ്ക്കും പ്രതിരോധശേഷിക്കും പ്രത്യുൽപാദനത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ചൂട്, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച എന്നിവയും താപനില വർദ്ധനവുമാണെന്ന് അവർ മനസ്സിലാക്കി. "നമ്മുടെ വനത്തിനുള്ള പ്രധാന ഭീഷണി ആളുകളും മനുഷ്യരുടെ പ്രവർത്തിയുമാണ്. മനുഷ്യന്റെ പ്രവർത്തനത്തിന്റെ ഒരു പരിണിതഫലം കാലാവസ്ഥാ വ്യതിയാനമാണ്” സ്റ്റാലി പറഞ്ഞു.
പ്രശസ്തമായ ആ സൈപ്രസിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിൽ ആറടിയിലധികം ഉയരമുണ്ട്. ഒരു ദശകത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് രണ്ട് ഇഞ്ച് വർദ്ധിക്കുമ്പോൾ, ആ അന്തരം അതിവേഗത്തിൽ ഇല്ലാതാകുന്നു. അടുത്ത 100 മുതൽ 200 വർഷത്തിനുള്ളിൽ സമുദ്രനിരപ്പ് കുറഞ്ഞത് 20 അടിയെങ്കിലും ഉയരുമെന്ന് ഉറപ്പാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും പഴയ സൈപ്രസ് 2080 ഓടെ വെള്ളത്തിനടിയിലായേക്കാം എന്ന് ഗവേഷകർ ഭയക്കുന്നു.
എന്നാൽ ആ മരം മാത്രമല്ല, ഈ കാലാവസ്ഥാവ്യതിയാനം വനങ്ങളെ ആകമാനം നശിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. 2020 -ലെ ഒരു പഠനം കണ്ടെത്തിയത്, പഴയ മരങ്ങൾക്ക് സമ്മർദ്ദങ്ങളോട് പൊരുത്തപ്പെടാനും സാഹചര്യങ്ങൾ മാറുമ്പോൾ അതിനനുസരിച്ച് മാറാനും കഴിയുമെങ്കിലും, അവയുടെ നിലനിൽപ്പിന് ഇതൊന്നും മതിയാകില്ല എന്നതാണ്. പസഫിക് നോർത്ത് വെസ്റ്റ് നാഷണൽ ലബോറട്ടറിയിലെ ഭൗമശാസ്ത്രജ്ഞനും ആ പഠനത്തിന്റെ മുഖ്യ രചയിതാവുമായ നേറ്റ് മക്ഡൊവൽ, വർധിച്ചു വരുന്ന താപനില കാരണം ചെടികളുടെ പ്രവർത്തനക്ഷമത കുറയുന്നുവെന്ന് വിവരിക്കുന്നു. 1900 മുതൽ 2015 വരെ ലോകത്തിൽ കാലങ്ങളായി നിലനിൽക്കുന്ന വനങ്ങളിൽ മൂന്നിലൊന്ന് നഷ്ടമായി. മരങ്ങൾ ഇല്ലാതാകുമ്പോൾ, മുഴുവൻ ആവാസവ്യവസ്ഥയും തകരാറിലാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
തണ്ണീർത്തടങ്ങൾ ശക്തിപ്പെടുത്തുന്നതിനും പഴയ വനങ്ങളെ സംരക്ഷിക്കുന്നതിനും ഗവേഷകർ മുന്നോട്ട് വച്ച മാർഗനിർദ്ദേശങ്ങളിൽ ചിലത് കൊടുങ്കാറ്റുകളിൽ നിന്നുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കാൻ തീരത്ത് ചെടികൾ നട്ട് വളർത്തുക, തീരദേശ വിഭവങ്ങളുടെ സുസ്ഥിരമായ വിളവെടുക്കൽ, പരിസ്ഥിതിയിൽ മലിനീകരണം പുറപ്പെടുവിക്കുന്ന കമ്പനികൾക്കെതിരായ കർശന നിയന്ത്രണങ്ങൾ കൈക്കൊള്ളുക എന്നിവയാണ്. "ഈ വനങ്ങൾ പുരാതന ഭൂതകാലത്തെക്കുറിച്ച് പറയുന്ന ലൈബ്രറികളാണ്. ഈ വനങ്ങൾ നഷ്ടമായാൽ ഇല്ലാതാകുന്ന അറിവിന്റെ സമ്പത്തിനെ കുറിച്ച് ഒന്ന് ഓർത്ത് നോക്കൂ" പരിസ്ഥിതി പുരാവസ്തു ഗവേഷകയായ കാതറിൻ നപോറ പറഞ്ഞു.