അഞ്ച് സിംഹങ്ങളുടെ നാട്, താലിബാന് അടുക്കാന്‍ പറ്റാത്ത  ഒരേയൊരു അഫ്ഗാന്‍ പ്രദേശം!

By Web TeamFirst Published Aug 24, 2021, 4:12 PM IST
Highlights

വടക്കന്‍ അഫ്ഗാനിസ്താനിലെ ഈ തന്ത്രപ്രധാന പര്‍വ്വതമേഖല താലിബാന്‍ വളഞ്ഞിരിക്കുകയാണ്. താലിബാനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ദേശീയ പ്രതിരോധ മുന്നണി എന്തിനും തയ്യാറായി നില്‍ക്കുന്നു

മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന അഭിമുഖത്തിന് എത്തിയ അല്‍ഖാഇദ ഭീകരര്‍, മസൂദിന്റെ താവളമായ ഗുഹയില്‍ ചെന്ന്, അരയില്‍ കെട്ടിവെച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് മസൂദിനെ വധിക്കുകയായിരുന്നു. അതിനു ശേഷം താലിബാന് ഈ മേഖല കീഴടക്കാന്‍ കഴിഞ്ഞിട്ടേയില്ല.

 

പഞ്ച്ഷീര്‍ താഴ്‌വരയിലേക്കുള്ള വഴിയില്‍ തുരുമ്പിച്ചു കിടക്കുന്ന പഴയ സോവിയറ്റ് ടാങ്കുകള്‍

 

പഞ്ച് ഷീര്‍ എന്നാല്‍ അഞ്ച് സിംഹങ്ങള്‍ എന്നാണ് അര്‍ത്ഥം. പത്താം നൂറ്റാണ്ടില്‍, മുഹമ്മദ് ഗസ്‌നി രാജാവിന്റെ കാലത്ത് പ്രളയജലത്തില്‍നിന്നും ജനങ്ങളെ കാക്കാന്‍ അണകെട്ടിയ അഞ്ച് വീരയോദ്ധാക്കളുടെ ഓര്‍മ്മയ്ക്കാണ് ഈ താഴ്‌വരയ്ക്ക് പഞ്ച് ഷീര്‍ എന്ന പേരിട്ടത്. ഹിന്ദുക്കുഷ് പര്‍വ്വതനിരയുടെ ഓരം ചേര്‍ന്നുള്ള പഞ്ച് ഷീര്‍ താഴ്‌വര മലകളാല്‍ ചുറ്റപ്പെട്ടതാണ്. കോട്ടപോലെ സുരക്ഷിതമായ ഈ പ്രദേശം എല്ലാ കാലത്തും യോദ്ധാക്കള്‍ക്ക് പേരുകേട്ടതാണ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്നും 150 കിലോ മീറ്റര്‍ വടക്ക ഈ പ്രദേശം ചരിത്രത്തിലെ അനേകം യുദ്ധങ്ങള്‍ക്ക് സാക്ഷിയാണ്. താലിബാന്‍ അന്നുമിന്നും  ശ്രമിച്ചിട്ടും ഈ താഴ്‌വര പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. താലിബാന്റെ ആവിര്‍ഭാവ കാലം മുതല്‍ അതിനെതിരായി പടനയിച്ച ഈ നാട്ടില്‍ ഇപ്പോഴും അവര്‍ക്കെതിരായി പോരാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. 

ഈ താഴ്‌വരയില്‍നിന്നാണ് എണ്‍പതുകളില്‍ സോവിയറ്റ് അധിനിവേശത്തിനെതിരായ മുജാഹിദ് മുന്നേറ്റത്തിന്റെ തുടക്കം. അമേരിക്കന്‍ സഹായത്തോടെ സോവിയറ്റ് യൂനിയനെ തറപറ്റിച്ച മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദ് പഞ്ച്ഷീര്‍ താഴ്‌വര കേന്ദ്രീകരിച്ചായിരുന്നു ഗറില്ലാ യുദ്ധം ആരംഭിച്ചത്. സോവിയറ്റ് പട്ടാളം പഞ്ച്ഷീര്‍ കീഴടക്കാന്‍ ആവുന്നത്ര പരിശ്രമിച്ചിട്ടും നടന്നില്ല. മിന്നല്‍ ആക്രമണം നടത്തി രക്ഷപ്പെടുന്ന മുജാഹിദുകളെ കീഴ്‌പ്പെടുത്താന്‍ കഴിയാതെയാണ് അന്ന് സോവിയറ്റ് സേന കളംവിട്ടത്. 

അതേ അഹമ്മദ് ഷാ മസൂദ് പിന്നീട്, താലിബാനെതിരെയും പടനയിച്ചു. വടക്കന്‍ സഖ്യം എന്ന പേരില്‍ താലിബാനെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ് മസൂദിനെ അല്‍ഖാഇദ ചാവേറുകള്‍ ചതിയില്‍ വധിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന അഭിമുഖത്തിന് എത്തിയ അല്‍ഖാഇദ ഭീകരര്‍, മസൂദിന്റെ താവളമായ ഗുഹയില്‍ ചെന്ന്, അരയില്‍ കെട്ടിവെച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് മസൂദിനെ വധിക്കുകയായിരുന്നു.

 

അഹമ്മദ് ഷാ മസൂദ്

 

അതിനു ശേഷം താലിബാന് ഈ മേഖല കീഴടക്കാന്‍ കഴിഞ്ഞിട്ടേയില്ല. ഇപ്പോള്‍ താലിബാനെതിരെ ആയുധമെടുത്ത് പോരാടുന്ന ദേശീയ പ്രതിരോധ സഖ്യത്തെ നയിക്കുന്നത് ഈ താഴ്‌വരയാണ്. അതേ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദാണ് താലിബാനെ വെല്ലുവിളിച്ച് ആയുധമേന്തി മുന്നോട്ടുവന്നത്. 

വടക്കന്‍ അഫ്ഗാനിസ്താനിലെ ഈ തന്ത്രപ്രധാന പര്‍വ്വതമേഖല താലിബാന്‍ വളഞ്ഞിരിക്കുകയാണ്. താലിബാനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ദേശീയ പ്രതിരോധ മുന്നണി എന്തിനും തയ്യാറായി നില്‍ക്കുന്നു. അഫ്ഗാനിസ്താന്റെ പല പ്രദേശങ്ങളിലുമായി ഇവര്‍ താലിബാനുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് താലിബാന്‍കാരെ സഖ്യം ഇതിനകം കൊന്നൊടുക്കി. താലിബാനില്‍നിന്നും നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കി. 

പിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പമാണ് താന്‍ പടനയിക്കുന്നതെന്നാണ് അഹമ്മദ് മസൂദ് പറയുന്നത്. അദ്ദേഹത്തിനൊപ്പം, മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹുമുണ്ട്. സോവിയറ്റ് യൂനിയനെ ഗറില്ലാ യുദ്ധത്തിലൂടെ തറപറ്റിച്ച പഴയ അഫ്ഗാന്‍ മുജാഹിദുകളും അഹമ്മദ് ഷാ മസൂദിന്റെ സഹപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ട്. ഏറ്റുമുട്ടല്‍ പോലുമില്ലാതെ താലിബാന് കീഴടങ്ങിയ ജനറല്‍മാര്‍ക്കെതിരെ രോഷാകുലരായി നിരവധി അഫ്ഗാന്‍ പ്രതിരോധ സൈനികര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി മസൂദ് പറയുന്നു.

പിതാവിനെ ചതിയില്‍ കൊലപ്പെടുത്തിയ കാലം മുതല്‍ ശേഖരിച്ചുവെച്ച ആയുധങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്നും മസൂദ് പറയുന്നു. എങ്കിലും, താലിബാനോടുള്ള ദീര്‍ഘയുദ്ധത്തിന് ഇതു മതിയാവില്ലെന്നും അമേരിക്കയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും സഹായം തങ്ങള്‍ക്കുണ്ടാവണം എന്നുമാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ മസൂദ് എഴുതുന്നത്. 

ഇക്കാര്യത്തില്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, താലിബാന്‍ ഈ എതിര്‍പ്പുകളെ ഗൗരവകരമായാണ് കാണുന്നത്. എന്തുവില കൊടുത്തും പഞ്ച്ഷീര്‍ താഴ്‌വര കീഴ്‌പ്പെടുത്തുമെന്നാണ് അവര്‍ പറയുന്നത്. ഇതിനായി യുദ്ധത്തിനു തയ്യാറായി നൂറുകണക്കിന് താലിബാന്‍കാര്‍ പഞ്ച്ഷീര്‍ താഴ്‌വരയെ വളഞ്ഞിരിക്കുകയാണ്.  യുദ്ധം ഒഴിവാക്കുന്നതിനായി റഷ്യയുടെ മധ്യസ്ഥത താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ മധ്യസ്ഥത ഫലിച്ചില്ലെങ്കില്‍, പഞ്ച്ഷീര്‍ വീണ്ടും യുദ്ധഭൂമിയാവുമെന്ന കാര്യം ഉറപ്പാണ്. 

ചോരച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താല്‍പ്പര്യമെങ്കിലും യുദ്ധത്തിന് തങ്ങള്‍ സര്‍വ്വസജ്ജമാണെന്നാണ് മസൂദ് പറയുന്നത്. എന്നാല്‍, താഴ്‌വരയിലെ മതപണ്ഡിതരും മറ്റും യുദ്ധം ഒഴിവാക്കണമെന്ന അഭിപ്രായക്കാരാണ്. ഒരു ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന ഈ താഴ്‌വരയില്‍ ഇനിയുമൊരു ചോരച്ചൊരിച്ചില്‍ അരുതെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് എടുത്തതായി മസൂദ് പറയുന്നു. എങ്കിലും, താലിബാനെതിരെ കൈയും കെട്ടിനില്‍ക്കില്ലെന്നും യുദ്ധത്തിന് പൂര്‍ണ്ണസജ്ജമാണ് തങ്ങളെന്നും മസൂദ് പറയുന്നു. 

click me!