എട്ടുവർഷത്തെ ഏകാന്തജീവിതത്തിന് ശേഷം കംബോഡിയയിലെത്തിയ കാവൻ, പുതിയ വീഡിയോ വൈറൽ

Published : May 30, 2022, 09:59 AM ISTUpdated : May 30, 2022, 10:01 AM IST
എട്ടുവർഷത്തെ ഏകാന്തജീവിതത്തിന് ശേഷം കംബോഡിയയിലെത്തിയ കാവൻ, പുതിയ വീഡിയോ വൈറൽ

Synopsis

എന്നാൽ, 22 വർഷത്തിന് ശേഷം 2012 -ൽ സഹേലി ചെരിഞ്ഞു. അതോടെ കാവന്റെ ഏകാന്തജീവിതവും തുടങ്ങി. അതോടെ അവൻ അക്രമാസക്താനായി. എന്നാൽ, കരുണയില്ലാത്ത മൃ​ഗശാലക്കാർ അവനെ ചങ്ങലയിലിടുകയും പീഡിപ്പിക്കുകയും ചെയ്തു. നടത്തവും വ്യായാമവുമില്ലാത്ത ജീവിതം അവന്റെ ഭാരം കൂട്ടി. നിരവധി വ്രണങ്ങൾ അവന്റെ ശരീരത്തിൽ ഉണങ്ങാതെ കിടന്നു. 

കാവൻ (Kaavan) എന്ന ആനയ്ക്ക് 37 വയസാണ്. കഴിഞ്ഞ വർഷം വരെ 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന' (world's loneliest elephant) എന്നാണ് അവൻ റിയപ്പെട്ടിരുന്നത്. എന്നാൽ, കമ്പോഡിയയിലെ വന്യജീവി സങ്കേതത്തിൽ (Cambodia Wildlife Sanctuary) തന്റെ ജീവിതം ആസ്വദിക്കുകയാണ് കാവൻ ഇപ്പോൾ. സന്തോഷവാനും സ്വതന്ത്രനുമായ കാവന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

ഭക്ഷണം കഴിക്കുന്നതാണ് അവന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം. എന്നാൽ, ചൂടുള്ള ഒരു വേനൽക്കാലദിനത്തിൽ കാവൻ വിശ്രമിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോയിൽ, അവൻ വെള്ളത്തിൽ തലയൊക്കെ വച്ച് ഒരുവശം തിരിഞ്ഞ് കിടക്കുന്നത് കാണാം. ഇൻസ്റ്റാഗ്രാമിൽ ക്ലിപ്പ് പങ്കിട്ടുകൊണ്ട്, സേവ് എലഫന്റ് ഫൗണ്ടേഷൻ എഴുതി, 'കംബോഡിയ വൈൽഡ് ലൈഫ് സാങ്ച്വറിയിലെ വളരെ ചൂടുള്ള ഉച്ചനേരം. കാവൻ വിശ്രമിക്കാനും കൂളാവാനും ഉള്ള അവന്റെ പ്രിയപ്പെട്ട വഴി ഞങ്ങൾക്ക് കാണിച്ചുതരുന്നു.'

പാകിസ്ഥാനിലെ ഒരു മൃ​ഗശാലയിലെ എട്ട് വർഷത്തെ ഏകാന്തജീവിതത്തിനുശേഷമാണ് കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത്. കാവന്റെ പുതിയ ജീവിതവും അവനത് ആസ്വദിക്കുന്നതും കണ്ട് ആളുകൾക്ക് സന്തോഷമായി. 'അവന്റെ ഭൂതകാലത്തിൽ നിന്നും ഒരു പൂർണ്ണമായ മാറ്റം, അവൻ ഇപ്പോൾ സ്വതന്ത്രമായി ജീവിക്കുകയും ഏതൊരു ആനയും ചെയ്യേണ്ടതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു' എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. 'ഇപ്പോഴാണ് അവന് യഥാർത്ഥ ജീവിതം കിട്ടിയത്' എന്നാണ് മറ്റൊരാൾ എഴുതിയത്. 

1985 -ലാണ് ശ്രീലങ്കയിലെ പിന്നവാല ആന സങ്കേതത്തില്‍ നിന്നും കാവന്‍ പാകിസ്ഥാനിലെത്തിയത്. നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാൻ വേണ്ടി അന്നത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റാണസിംഹേ പ്രേമദാസ അന്നത്തെ പാകിസ്ഥാന്‍ സൈനിക ഭരണാധികാരിയായിരുന്ന ജനറല്‍ സിയാവുല്‍ ഹഖിന് നല്‍കിയ സമ്മാനമായിരുന്നു കുഞ്ഞു കാവന്‍.

മാര്‍ഘുസാര്‍ മൃഗശാലയിലാണ് കാവൻ എത്തിയത്. മൃ​ഗശാല സംരക്ഷകർ അവനെ ഉപയോ​ഗിച്ച് പണമുണ്ടാക്കാനാണ് ശ്രമിച്ചത്. പക്ഷേ, പാകിസ്ഥാനിലെത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1990 -ൽ അവനൊരു കൂട്ടുകാരിയെ കിട്ടി. 1990 ല്‍ ബംഗ്ലാദേശില്‍ നിന്നും സഹേലി എന്ന പിടിയാന മാര്‍ഘുസാര്‍ മൃഗശാലയിലെത്തി. പിന്നീട് അവർ ഒരുമിച്ചായി. എന്നാൽ, 22 വർഷത്തിന് ശേഷം 2012 -ൽ സഹേലി ചെരിഞ്ഞു. അതോടെ കാവന്റെ ഏകാന്തജീവിതവും തുടങ്ങി. അതോടെ അവൻ അക്രമാസക്താനായി. എന്നാൽ, കരുണയില്ലാത്ത മൃ​ഗശാലക്കാർ അവനെ ചങ്ങലയിലിടുകയും പീഡിപ്പിക്കുകയും ചെയ്തു. നടത്തവും വ്യായാമവുമില്ലാത്ത ജീവിതം അവന്റെ ഭാരം കൂട്ടി. നിരവധി വ്രണങ്ങൾ അവന്റെ ശരീരത്തിൽ ഉണങ്ങാതെ കിടന്നു. 

ഓടുവില്‍ 2016 -ലാണ് മാര്‍ഘുസാര്‍ മൃഗശാല സന്ദര്‍ശിക്കുന്ന 'ഫ്രന്‍റ്സ് ഓഫ് ഇസ്ലാമബാദ് സൂ' എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ കാവന്‍റെ മോചനത്തിനായി പ്രവർത്തിച്ച് തുടങ്ങുന്നത്. അങ്ങനെ കാവനെ കുറിച്ച് ലോകം അറിഞ്ഞു. ലോകത്തിലെ ഏറ്റവും ഏകാകിയായ ആന എന്ന് പറഞ്ഞുകൊണ്ട് ലോകം മുഴുവനും അവന്റെ മോചനത്തിനായി ഒന്നിക്കുകയായിരുന്നു. 

ഫ്രന്‍റ്സ് ഓഫ് ഇസ്ലാമബാദ് സൂ -വിന്റെ പ്രവര്‍ത്തനങ്ങള്‍ ഓസ്കാര്‍ ജേതാവും നടിയും സംഗീതജ്ഞയുമായ ഷേരിന്‍റെ മുന്നിലുമെത്തി. മൃഗസംരക്ഷണത്തിനായി തന്‍റെതായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷേര്‍, കാവന്‍റെ മോചനത്തിനായി ലോകമെങ്ങും സംഗീത നിശകള്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ക്യാമ്പൈനുകള്‍ക്കും തുടക്കം കുറിച്ചു. കാവന്‍റെ മോചനത്തിനായി ലക്ഷക്കണക്കിന് പേര്‍ ഒപ്പിട്ട പെന്‍റീഷനുകള്‍ സമര്‍പ്പിച്ചു. മൃ​ഗശാലയ്ക്ക് മാത്രം കുലുക്കമുണ്ടായില്ല. ഷേര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ നേരിട്ട് കണ്ട് കാവന്‍റെ മോചനം ആവശ്യപ്പെട്ടു. പിന്നീട്, അവന്റെ കാര്യം ശ്രദ്ധയിൽ വന്നു. ഈജിപ്ത്യനും ഫോര്‍ പോസ് ഇന്റര്‍നാഷനലിലെ മൃഗപരിപാലന വിദഗ്ധനുമായ ഡോ. ആമിര്‍ ഖലീല്‍ പാകിസ്ഥാനിലെത്ത് കാവന്‍റെ പരിചരണം ഏറ്റെടുത്തു. ആദ്യം അക്രമാസക്തനായ അവന്റെ അടുത്ത് പോകാൻ പോലും ഡോക്ടർക്ക് സാധിച്ചില്ലെങ്കിലും പയ്യെ അത് സാധിച്ചു. അദ്ദേഹം അവനെ പരിചരിച്ചു, കൂട്ടായി. 

ഏതായാലും എല്ലാ പ്രവർത്തനങ്ങൾക്കും ഒടുവിൽ കാവൻ മോചിപ്പിക്കപ്പെടുകയും കംമ്പോഡിയയിലെത്തുകയും ചെയ്‍തു. എന്നാൽ, ഇന്ന് അവൻ തന്റെ ജീവിതം ആസ്വദിക്കുകയാണ് എന്ന് വീഡിയോയിൽ നിന്നും മനസിലാവും. അവൻ തന്റെ ആരോ​ഗ്യവും സന്തോഷവും തിരിച്ചെടുത്തിരിക്കുന്നു. ഏതായാലും കാവന്റെ പുതിയ വീഡിയോ നിരവധിപ്പേരെയാണ് ആകർഷിച്ചത്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ