Udsar village : 700 വർഷമായി ഈ ​ഗ്രാമത്തിലുള്ളത് ഒറ്റനില മാത്രമുള്ള വീടുകൾ, കാരണം ഇതാണ്

Published : Dec 31, 2021, 10:22 AM IST
Udsar village : 700 വർഷമായി ഈ ​ഗ്രാമത്തിലുള്ളത് ഒറ്റനില മാത്രമുള്ള വീടുകൾ, കാരണം ഇതാണ്

Synopsis

ഏകദേശം 700 വർഷം മുമ്പ് ഇവിടെ താമസിച്ചിരുന്ന ഒരു ഗ്രാമീണനായിരുന്നു ഭോമിയ. ഒരിക്കൽ, ഗ്രാമത്തിൽ വന്ന കള്ളന്മാരെ ഭോമിയ ധൈര്യത്തോടെ നേരിടുകയുണ്ടായി. അന്ന് നടന്ന മൽപിടുത്തതിൽ മോഷ്ടാക്കൾ അയാളെ ക്രൂരമായി മർദിച്ച്, അവശനാക്കി. 

മനോഹരമായ പൈതൃകത്തിനും സാംസ്കാരിക കഥകൾക്കും പേരുകേട്ടതാണ് രാജസ്ഥാൻ. അവിടത്തെ ചുരു(Churu) ജില്ലയിലെ ഉദ്‌സർ ഗ്രാമ(Udsar village)ത്തിനും അത്തരമൊരു സവിശേഷമായ കഥ പറയാനുണ്ട്. അവിടെയുളള വീടുകൾക്ക് ഒറ്റനില മാത്രമാണ് ഉള്ളത്. അവിടെ ആരും അതിന് മുകളിൽ നില കെട്ടാൻ ശ്രമിക്കാറില്ല. അതിനി പണക്കാരനായാലും പാവപ്പെട്ടവനായാലും ഒറ്റനില വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ 700 വർഷമായി ഈ ഗ്രാമത്തിൽ ആരും വീടുകൾക്ക് മുകളിലൊരു നില കൂടി പണിതിട്ടില്ലെന്നതാണ് അതിശയം. അതിന് പിന്നിൽ ഒരു ശാപത്തിന്റെ കഥയാണ് ഗ്രാമവാസികൾക്ക് പറയാനുള്ളത്.  

ഏകദേശം 700 വർഷം മുമ്പ് ഇവിടെ താമസിച്ചിരുന്ന ഒരു ഗ്രാമീണനായിരുന്നു ഭോമിയ. ഒരിക്കൽ, ഗ്രാമത്തിൽ വന്ന കള്ളന്മാരെ ഭോമിയ ധൈര്യത്തോടെ നേരിടുകയുണ്ടായി. അന്ന് നടന്ന മൽപിടുത്തതിൽ മോഷ്ടാക്കൾ അയാളെ ക്രൂരമായി മർദിച്ച്, അവശനാക്കി. തുടർന്ന്, അവിടെ നിന്ന് ജീവനും കൊണ്ട് ഓടിയ അദ്ദേഹം ഭാര്യാസഹോദരന്റെ വീടിന്റെ മുകൾ നിലയിൽ അഭയം തേടി. മോഷ്ടാക്കൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. അവർ അദ്ദേഹത്തെ തിരഞ്ഞ് ആ വീട്ടിലെത്തി. തുടർന്ന് അവർ രണ്ടാം നിലയിൽ എത്തി ഭോമിയയെ പിടികൂടി കഴുത്തറുത്തു കൊന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ സതി അനുഷ്ഠിച്ചു. എന്നാൽ മരിക്കുന്നതിന് മുമ്പ് അവൾ ഗ്രാമവാസികളെ ശപിച്ചു. "ഇനി മുതൽ ഉദ്‌സർ ഗ്രാമത്തിലെ ആരും വീടുകൾക്ക് മുകൾനില പണിയരുത്!" അതിന് ശേഷം ഗ്രാമത്തിൽ ആരും തന്നെ ബഹുനില വീടുകൾ പണിയാൻ ധൈര്യപ്പെട്ടിട്ടില്ല. അങ്ങനെ പണിതാൽ എന്തെങ്കിലും ആപത്തുണ്ടാകുമെന്നാണ് അവിടത്തുകാർ ഭയക്കുന്നത്. 

ഏകദേശം 200 വർഷം മുമ്പ് ഒരാൾ ഗ്രാമത്തിന്റെ വിശ്വാസത്തെ വെല്ലുവിളിച്ച് രണ്ട് നിലയുള്ള ഒരു വീട് പണിയുകയുണ്ടായി. എന്നാൽ ആ കുടുംബത്തിലെ അംഗങ്ങളെല്ലാം 10-15 വർഷത്തിനുള്ളിൽ മരിച്ചു എന്ന് തുടങ്ങിയ കഥകളും ​ഗ്രാമവാസികൾ പറയുന്നുണ്ട്. അവരെല്ലാം മരിച്ചത് ആ ശാപം കൊണ്ടാണ് എന്ന് ഗ്രാമവാസികൾ ഇന്നും വിശ്വസിക്കുന്നു. ഗ്രാമത്തലവന്റെ അഭിപ്രായത്തിൽ, ഇത് സംബന്ധിച്ച് കർശനമായ നിയമങ്ങളൊന്നുമില്ലെങ്കിലും, ആരും അതിനെ മറികടക്കാൻ ശ്രമിച്ചിട്ടില്ല. കൂടാതെ, അന്ന് കള്ളന്മാരുമായുള്ള സംഘട്ടനത്തിൽ മരണം സംഭവിച്ച ഭോമിയ, ബഹുമാനപൂർവ്വം, ഭോമിയ ജി മഹാരാജ് എന്നാണ് ഇന്ന് അറിയപ്പെടുന്നത്. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!