
പല ജോലിസ്ഥലങ്ങളും ജീവനക്കാരെ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ടാവാറുണ്ട്. മറ്റൊരു നല്ല ജോലി കണ്ടെത്താനാവില്ലേ എന്ന ആശങ്കയടക്കം പല കാരണങ്ങൾ കൊണ്ടും ആളുകൾ ഇതെല്ലാം സഹിച്ച് ആ ജോലി ചെയ്യാറുമുണ്ട്. അത് മാത്രമല്ല ജോലിക്ക് അന്വേഷിക്കുമ്പോൾ തന്നെ ചെറിയ ശമ്പളത്തിന് എടുത്താൽ പൊങ്ങാത്ത ജോലി ചെയ്യേണ്ടി വരും എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും, റെഡ്ഡിറ്റിൽ പലരും അത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവച്ച് കാണാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു ജോലി ഡിസ്ക്രിപ്ഷനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. ഒരാളുടെ ശമ്പളം തന്ന് മൂന്ന് പേരുടെ ജോലി ചെയ്യാനാണ് അതിൽ ആവശ്യപ്പെടുന്നത് എന്നാണ് യുവാവ് പറയുന്നത്. എല്ലായിടത്തും ഇങ്ങനെയാണോ, ഇത് സാധാരണമാണോ എന്നാണ് യുവാവ് തന്റെ പോസ്റ്റിൽ ചോദിക്കുന്നത്.
ഈ ജോലിക്ക് വാഗ്ദ്ധാനം ചെയ്യുന്നത് ഏകദേശം 42.7 ലക്ഷം രൂപയാണ്. ബിരുദം ഉണ്ടായിരിക്കണം, വർഷങ്ങളുടെ എക്സ്പീരിയൻസ് വേണം. ഗ്രാഫിക് ഡിസൈനിംഗിൽ കഴിവുണ്ടാകണം, സോഷ്യൽ മീഡിയാ മാനേജ്മെന്റടക്കം മറ്റ് പല കഴിവുകളും വേണമെന്നും പറയുന്നുണ്ട്. കസ്റ്റമർ സർവീസും, വീഡിയോ എഡിറ്റിംഗും , ഡാറ്റാ അനാലിസിസും എല്ലാം അതിൽ പെടുന്നു. അതായത്, എല്ലാം ചെയ്യേണ്ടി വരും എന്ന് അർത്ഥം.
യുവാവ് തൊഴിൽ വിപണിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ തന്നെ തന്റെ പോസ്റ്റിൽ ചോദ്യം ചെയ്യുന്നുണ്ട്. എന്താണ് ഇതിന് കാരണം എന്നും യുവാവ് ചോദിക്കുന്നു. സമ്പദ് വ്യവസ്ഥയാണോ, പിരിച്ചുവിടലുകളാണോ, മുതലാളിത്തം മാത്രമാണോ ഇവിടെ വികസിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും യുവാവ് ഉയർത്തുന്നുണ്ട്.
മാത്രമല്ല, ഇത് തനിക്ക് മാത്രം അനുഭവപ്പെടുന്നതാണോ, അതോ ഇത്തരം അവസ്ഥ സാധാരണമായിക്കൊണ്ടിരിക്കുകയാണോ എന്നും യുവാവ് ചോദിക്കുന്നു. അനേകങ്ങളാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.
2008 മുതൽ ഇവിടെ ഇത് തന്നെയാണ് അവസ്ഥ എന്ന് കമന്റ് ചെയ്തവരുണ്ട്. ചിലപ്പോൾ ജോലിക്ക് ചേർന്ന ശേഷം ആയിരിക്കും മൂന്നുപേരുടെ ജോലി ചെയ്യിക്കുന്നത് എന്ന് പറഞ്ഞവരും ഉണ്ട്. അതുപോലെ, നിങ്ങളെക്കൊണ്ട് മൂന്നുപേരുടെ ജോലി ചെയ്യിക്കും, നിങ്ങൾ ജോലി ഉപേക്ഷിച്ച് പോകുമ്പോൾ ആ പണി മൂന്നുപേർക്കായി നൽകും. വീണ്ടും നിങ്ങളെ പോലൊരാളെ കാണുമ്പോൾ അയാളെക്കൊണ്ട് വീണ്ടും മൂന്നുപേരുടെ പണികൾ എടുപ്പിക്കും എന്ന് കമന്റ് നൽകിയവരും ഉണ്ട്.