
മോഷ്ടിക്കപ്പെട്ട തന്റെ ഫോൺ വീണ്ടെടുക്കാൻ വേണ്ടി ഉടമ പൊലീസുമായി ചേർന്ന് നടത്തിയ നീക്കം പോലീസിനെ എത്തിച്ചത് ഒരു സുപ്രധാന വഴിത്തിരിവിലേക്ക്. സംഭവം നടന്നത് ലണ്ടനിലാണ്. ഒരു ക്രിസ്മസ് വൈകുന്നേരമാണ് യുവാവിന്റെ ഫോൺ മോഷണം പോയത്. മോഷ്ടിക്കപ്പെട്ട തന്റെ ഫോൺ ഇലക്ട്രോണിക് ട്രാക്കിംഗ് വഴി ഹീത്രോ എയർപോർട്ടിനടുത്തുള്ള ഒരു വെയർഹൗസിലുണ്ടെന്ന് ഉടമ തന്നെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് ഒരു പെട്ടിയ്ക്കുള്ളിൽനിന്ന് ഫോൺ കണ്ടെത്തി. പെട്ടിയിൽ ഈ ഫോണിനൊപ്പം മറ്റ് 894 ഫോണുകൾ കൂടിയുണ്ടായിരുന്നു.
ഈ ഫോണുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം മെട്രോപൊളിറ്റൻ പൊലീസിനെ എത്തിച്ചത് യു കെ-യിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകൾ ചൈനയിലേക്ക് കടത്തിയെന്ന് സംശയിക്കുന്ന അന്താരാഷ്ട്ര കൊള്ളസംഘത്തിലേക്കാണ്. യു കെ-യിൽനിന്ന് മോഷ്ടിച്ച 40,000 -ത്തോളം മൊബൈൽ ഫോണുകൾ ഈ സംഘം ചൈനയിലേക്ക് കടത്തിയെന്നാണ് സംശയിക്കുന്നത്. 18 പ്രതികളെ അറസ്റ്റ് ചെയ്യുകയും 2,000 -ത്തിലധികം മൊബൈൽ ഫോണുകൾ കണ്ടെത്തുകയും ചെയ്തു. മൊബൈൽ ഫോൺ മോഷണത്തിനെതിരായ യു കെ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. മോഷ്ടിക്കപ്പെടുന്ന ഫോണുകളിൽ പകുതിയോളം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് പിന്നിൽ ഈ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കണ്ടെത്തിയ ഫോണുകളിൽ ഭൂരിഭാഗവും മോഷ്ടിച്ചവയാണെന്നും, മോഷ്ടാക്കൾ ഇവ ഹോങ്കോങ്ങിലേക്ക് അയയ്ക്കാൻ ഒരുങ്ങുകയായിരുന്നെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് കൂടുതൽ ചരക്കുകൾ തടയുകയും പാക്കേജുകളിൽ ഫോറൻസിക് പരിശോധന നടത്തി രണ്ടുപേരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു പൊലീസ് ചെയ്തത്. പൊലീസിന്റെ ബോഡികാം ദൃശ്യങ്ങളിൽ ഒരു കാർ റോഡിന്റെ മധ്യത്തിൽ നാടകീയമായി തടയുന്ന രംഗം പകർത്തിയിരിക്കുന്നത് കാണാം. ഈ കാറിനുള്ളിൽ നിന്ന് അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലുള്ള കൂടുതൽ മോഷ്ടിച്ച ഫോണുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ലണ്ടനിൽ നിന്ന് മോഷ്ടിക്കപ്പെടുന്ന ഫോണുകളിൽ 40% വരെ കയറ്റുമതി ചെയ്യാൻ കഴിവുള്ള ഒരു അന്താരാഷ്ട്ര കടത്തുസംഘത്തെയാണ് ഇത് വഴി പിടികൂടാൻ സാധിച്ചതെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഗാവിൻ പറഞ്ഞു.
ലണ്ടനിൽ മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം മൂന്നിരട്ടിയായി വർധിച്ചതായാണ് കണക്കാക്കുന്നത്. 2020 -ൽ 28,609 ആയിരുന്നത് 2024 -ൽ 80,588 ആയി. യുകെയിൽ മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ നാലിൽ മൂന്ന് ഭാഗവും ഇപ്പോൾ ലണ്ടനിലാണ്. ഓരോ വർഷവും 20 ദശലക്ഷത്തിലധികം ആളുകളാണ് ലണ്ടൻ സന്ദർശിക്കുന്നത്, വെസ്റ്റ് എൻഡ്, വെസ്റ്റ്മിൻസ്റ്റർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഫോൺ തട്ടിയെടുക്കലും മോഷണവും വ്യാപകമാണ്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും വ്യക്തികളെ ആക്രമിച്ചുള്ള മോഷണം 15% വർദ്ധിച്ചു, 2003 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുകെയിലും വിദേശത്തുമുള്ള സെക്കൻഡ് ഹാൻഡ് ഫോണുകൾക്കുള്ള വർദ്ധിച്ച ആവശ്യമാണ് മോഷണം കൂടാനുള്ള പ്രധാന കാരണം.