നെതർലാൻഡ്‌സിൽ പുലർച്ചെ 6 മണിക്ക് ജോലിസംബന്ധമായ മെയിൽ അയച്ച ജീവനക്കാരനോട് കമ്പനി മാനേജ്‌മെന്റ് മാപ്പുപറഞ്ഞു. യുവാവ് സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്ത അനുഭവം വൈറലാകുന്നു.

പുലർച്ചെ 6 മണിക്ക് ഉണർന്ന് ജോലി തുടങ്ങുന്നവരെന്നാൽ നമ്മുടെ നാട്ടിലെ കമ്പനികൾക്ക് നല്ല ഇഷ്ടമായിരിക്കും. 'കഠിനാധ്വാനികൾ' എന്നാവും അവരെ വിളിക്കാറുള്ളത്. എന്നാൽ, മറ്റ് ചില രാജ്യങ്ങളിൽ അങ്ങനെയല്ല കാര്യങ്ങൾ. നമ്മുടെ ജോലിസമയത്ത് മാത്രം ജോലി ചെയ്താൽ മതി. നേരത്തെയോ വൈകിയോ ജോലി ചെയ്യേണ്ടതില്ല. അത് ഒരു തരത്തിലും കമ്പനി പ്രോത്സാഹിപ്പിക്കാറുമില്ല. അത്തരത്തിൽ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നെതർലാൻഡ്‌സിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴുള്ള അനുഭവമാണ് യുവാവ് കുറിച്ചിരിക്കുന്നത്. പുലർച്ചെ 6 മണിക്ക് ജോലിസംബന്ധമായ മെയിൽ അയച്ച ജീവനക്കാരനോട് കമ്പനി മാനേജ്‌മെന്റ് മാപ്പുപറഞ്ഞത്രെ.

രാവിലെ ആറ് മണിക്ക് തന്നെ യുവാവ് എഴുന്നേറ്റ് ഇമെയിലുകൾ അയക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട കമ്പനി ഉടൻ തന്നെ ഒരു യോഗം വിളിച്ചു ചേർത്തു. ജീവനക്കാരനെ അഭിനന്ദിക്കാനല്ല, മറിച്ച് അമിതമായ ജോലിഭാരം നൽകിയതിൽ ഖേദം പ്രകടിപ്പിക്കുകയാണ് അവർ ചെയ്തത്. ജീവനക്കാരൻ പുലർച്ചെ ജോലി തുടങ്ങുന്നത് മാനേജ്‌മെന്റിന്റെ സമ്മർദ്ദം മൂലമാണോ എന്ന ആശങ്കയും അവർ പങ്കുവച്ചു.

Scroll to load tweet…

നെതർലാൻഡ്‌സിലെ 'വർക്ക്-ലൈഫ് ബാലൻസ്' നെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് നേരത്തെയും ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുള്ളത്. അത് എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ യുവാവിന്റെ അനുഭവവും. 'രാവെന്നോ പകലെന്നോയില്ലാതെ പണിയെടുപ്പിക്കുന്ന നമ്മുടെ നാട്ടിലെ ബോസുമാർ ഇതൊന്നു കാണണം' എന്നാണ് സോഷ്യൽ മീഡിയയ്ക്ക് പോസ്റ്റിനോടുള്ള പ്രതികരണം. അമിതമായി ജോലി ചെയ്യുന്നത് പലപ്പോഴും ആളുകളുടെ മാനസികാരോ​ഗ്യത്തെയടക്കം ബാധിക്കാറുണ്ട്. പല കമ്പനികളും ജീവനക്കാർക്ക് സ്ഥാപനത്തിന് പുറത്ത് ഒരു വ്യക്തിജീവിതമുണ്ട് എന്നത് മറക്കാറാണ് പതിവ്. അവിടെയാണ് ഈ പോസ്റ്റ് വലിയ ചർച്ചയായി മാറുന്നത്.