മഹാരാഷ്ട്രയിൽ ഒന്നാം ക്ലാസുകാരനായ മകൻ ചുമക്കുന്ന സ്കൂൾ ബാഗിന്റെ ഭാരം തൂക്കിനോക്കിയ പിതാവ് ഞെട്ടി. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സ്കൂൾ കുട്ടികൾ ചുമക്കുന്ന വലിയ ബാഗുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തി യുവാവിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്. മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നുള്ള ബാലു ഗൊരാഡെ എന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ഒന്നാം ക്ലാസുകാരനായ മകൻ സ്കൂൾ ബാഗും തൂക്കി നടക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ട ബാലു ഗൊരാഡെ , ബാഗിന്റെ ഭാരം ഒന്ന് അളന്നു നോക്കാൻ തീരുമാനിക്കുകയായിരുന്നു. മകന്റെ ഭാരം 21 കിലോയാണ്. ആറു വയസ്സുകാരനായ അവൻ ചുമക്കുന്നത് ലഞ്ച് ബോക്സുൾപ്പടെ 4.5 കിലോ ഭാരമുള്ള ബാഗാണ് എന്നാണ് ബാലു പറയുന്നത്.
സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടാൻ പാടില്ല എന്നാണ് പറയുന്നത്. അങ്ങനെ നോക്കുമ്പോൾ ബാലുവിന്റെ മകന്റെ ബാഗിന് 2.1 കിലോയിൽ കൂടുതൽ ഭാരം ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്നാൽ ഇവിടെ കുട്ടി ചുമക്കുന്നതാവട്ടെ ഇരട്ടി ഭാരവും. തൂക്കമളക്കുന്ന മെഷീനിൽ വെച്ച ബാഗിന്റെ ചിത്രം സഹിതമാണ് അദ്ദേഹം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് അധികം വൈകാതെ ശ്രദ്ധിക്കപ്പെട്ടു. 'ഞാനിത് പലതവണ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാരം പരിശോധിച്ചിട്ടുണ്ടോ?' എന്ന ചോദ്യത്തോടെയാണ് അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
കുട്ടികളിലെ നടുവേദനയ്ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇത്തരം ഭാരമേറിയ ബാഗുകൾ കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്തായാലും, നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് ചോദ്യം ചെയ്യപ്പെടണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
