ഒരു ലക്ഷം പേര്‍ പങ്കെടുത്ത ലണ്ടൻ കുടിയേറ്റ വിരുദ്ധ റാലിയിലും താരം ഇന്ത്യന്‍ 'ഉള്ളിവട', വീഡിയോ

Published : Sep 14, 2025, 02:07 PM IST
anti immigration London rally in london

Synopsis

ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയിൽ ഒരു പ്രതിഷേധക്കാരൻ ഉള്ളിവട വാങ്ങി കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുടിയേറ്റത്തെ എതിർക്കുന്നവർ തന്നെ കുടിയേറ്റക്കാരുടെ ഭക്ഷണത്തെ ആസ്വദിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

യർന്ന് പൊങ്ങിയ മുദ്രാവാക്യങ്ങളോ പാറിപ്പറന്ന കൊടി തോരണങ്ങളോ അല്ല. ലണ്ടനിൽ നടന്ന കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലിയിൽ യഥാർത്ഥത്തിൽ ശ്രദ്ധ നേടിയത്. അത് നമ്മുടെ സ്വന്തം 'ഉള്ളിവട'യാണ്. സംഗതി ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. ഇംഗ്ലണ്ടിന്‍റെ പതാക പുതച്ചെത്തിയ ഒരു പ്രതിഷേധക്കാരൻ സൗത്ത്ബാങ്കിലെ ഒരു ഫുഡ് സ്റ്റാളിൽ നിന്ന് പ്രതിഷേധം തൽക്കാലം നിർത്തിവച്ച് ഒരു ഉള്ളിവട വാങ്ങി കഴിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ കുടിയേറ്റ വിരുദ്ധ സമരക്കാരുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നതാണെന്നാണ് നെറ്റിസൻസ് ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

കുടിയേറ്റ വിരുദ്ധ റാലി

'യുണൈറ്റ് ദ കിങ്ഡം' എന്ന് പേരിട്ട റാലിക്ക് നേതൃത്വം നൽകിയത് തീവ്ര വലതുപക്ഷ നേതാവായ ടോമി റോബിൻസനാണ്. ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത റാലിയിൽ ബ്രിട്ടീഷ് പതാകകൾ പാറിപ്പറന്നു, 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' തൊപ്പികളും റാലിയിൽ നിറഞ്ഞു നിന്നു. "ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യം തിരികെ വേണം" എന്ന മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. എന്നാൽ, പ്രതിഷേധക്കാരന്‍റെ വിശപ്പടക്കാൻ ഒരു ഉള്ളിവട തന്നെ വേണ്ടിവന്നത് ആ റാലിയുടെ കാപട്യം തുറന്നു കാട്ടുന്നതായിരുന്നുവെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ഒരുവശത്ത് കുടിയേറ്റത്തെ എതിർക്കുന്നു, മറുവശത്ത് കുടിയേറ്റക്കാരുടെ ഭക്ഷണത്തോട് പ്രിയമേറുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്.

 

 

വിശപ്പാണ് പ്രധാനം

ഈ സംഭവം സമൂഹ മാധ്യമങ്ങൾ ഇപ്പോൾ ആഘോഷിക്കുകയാണ്. "രാജ്യം തിരികെ പിടിക്കാൻ മാർച്ച് ചെയ്യുന്നതിനിടെ ഒരു ഉള്ളി വടക്കായി ക്ഷമയോടെ കാത്തു നിൽക്കുന്നു. ഈ വിരോധാഭാസം യാഥാർത്ഥ്യം തുറന്നു കാട്ടുന്നു" എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. മറ്റൊരു ഉപയോക്താവ് ഇങ്ങനെ പരിഹസിച്ചു: "കുടിയേറ്റ വിരുദ്ധ നിയമങ്ങൾ പ്രകാരം ബട്ടർ ചിക്കൻ, മാംഗോ ലസ്സി, ഗാർലിക് നാൻ, തന്തൂരി ചിക്കൻ എന്നിവ നിരോധിക്കാൻ ഒരു നിവേദനം സമർപ്പിക്കുന്നു." ഇൻസ്റ്റാഗ്രാമിലും റെഡ്ഡിറ്റിലും ഈ ഉള്ളിവട ക്ലിപ്പ് ഇപ്പോൾ ആവർത്തിച്ച് റീപ്ലേ ചെയ്യപ്പെടുകയാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സാംസ്കാരിക ഇറക്കുമതി മനുഷ്യരല്ല, മറിച്ച് കറികളും, പലഹാരങ്ങളും, കബാബുകളുമാണെന്നും കമന്‍റുകളിലൂടെ ആളുകൾ തമാശയായി പറഞ്ഞു. റോബിൻസണിന്‍റെ റാലി ഒരു രാഷ്ട്രീയ സന്ദേശം നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും, ഒടുവിൽ ഇന്‍റർനെറ്റിനെ മുഴുവൻ ഒന്നിപ്പിച്ചത് രുചികരമായ ഒരു ഇന്ത്യൻ "ഉള്ളി വട" യിലാണ്.

 

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!